യുദ്ധം ഒരു പ്രശ്നത്തിനും പരിഹാരമല്ല

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധത്തിന്റെ കനലുകൾ എരിഞ്ഞുകൊണ്ടിരിക്കുന്നു. ഒക് ടോബർ 7 ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ അതിർത്തിഭേദിച്ച് ഹമാസ് തൊടുത്തുവിട്ട റോക്കറ്റുകൾ നൂറ്റാണ്ടുകളായി പുകഞ്ഞുകൊണ്ടിരുന്ന യുദ്ധ കനലുകളെ വീണ്ടും ആളിക്കത്തിക്കുകയായിരുന്നു. ഇസ്രായേലിൽ സംഗീതപരിപാടിയിൽ പങ്കെടുത്ത് കൊണ്ടിരുന്ന നിരവധി പേരെ ബന്ദികളാക്കിയത് കൂടാതെ, കൗമാരപ്രായക്കാരെയും , പാർക്കിലുണ്ടായിരുന്ന കുട്ടികളെയും , വീടുകളിലുണ്ടായിരുന്ന വയോധികരെയും , തൊട്ടിലുകളിൽ കിടന്നിരുന്ന കുഞ്ഞുങ്ങളെയും ബുദ്ധിശൂന്യവും ദാരുണവുമായി ഹമാസ് ആക്രമണത്തിന് ഇരയാക്കിയതാണ് നിലവിലെ യുദ്ധ സാഹചര്യങ്ങളിലേക്ക് നയിച്ചത് .
യുദ്ധം തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോൾ ഇസ്രയേലിലും ഗാസയിലുമായി ഇതിനകം നിരപരാധികളായ ആയിരങ്ങൾ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേരെ ബന്ദികളാക്കി . സാധാരണക്കാരാണ് യുദ്ധത്തിന്റെ ദോഷഫലങ്ങൾ കൂടുതലും അനുഭവിക്കേണ്ടി വരുന്നത് . പ്രത്യേകിച്ച് കുട്ടികളും സ്ത്രീകളും ഏറെ യാതനകൾ അനുഭവിക്കേണ്ടി വരുന്നു . പരുക്കേറ്റവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു. മൃതദേഹങ്ങൾ കുന്നുകൂടുന്നു. ഓരോ യുദ്ധവും ഇത്തരം സങ്കടകരമായ മുഹൂർത്തങ്ങളാണ് ലോകത്തിന് നൽകുക.
മരുന്നിനും ചികിത്സാ സാമഗ്രികള്‍ക്കും കടുത്ത ക്ഷാമമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ലഭ്യമായ ഭക്ഷ്യവസ്തുക്കള്‍ക്കായി ഗാസയില്‍ ക്യൂ നീളുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കടകള്‍ തുറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സാധനങ്ങള്‍ തീരുന്നു. ഗാസയില്‍ അവശ്യ വസ്തുക്കളുടെ വിതരണം അനുവദിക്കണമെന്ന് ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂനിയനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രയേലിന്റെ അയൺ ഡോമുൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളെ കബളിപ്പിച്ചുകൊണ്ടാണ് ,ബുൾഡോസറുകൾകൊണ്ട് അതിർത്തിവേലികൾ പൊളിച്ചാണ് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽനിന്ന് ഹമാസ് ഇസ്രയേലിലേക്ക് കടന്നുകയറിയത്. റോക്കറ്റാക്രമണത്തിൽ നൂറുകണക്കിനാളുകൾ മരിക്കുകയും ആയിരങ്ങൾക്കു പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ഇസ്രയേലിലെ സെദ്രോത്ത് പട്ടണത്തിൽ കയറിയ ഹമാസ് പട്ടാളക്കാരെയും ജനങ്ങളെയും ആക്രമിച്ചു. സ്ത്രീകളെ നഗ്നരാക്കി ക്രൂരമായി മർദിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തിരിച്ചടിയായി ഹമാസിനെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുദ്ധം പ്രഖ്യാപിക്കുകയും വിജയം ഉറപ്പാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. തങ്ങളുടെ അതിര്‍ത്തിപ്രദേശത്തേക്ക് കടന്നുകയറി ആളുകളെ തട്ടിക്കൊണ്ടു പോകുകയും നിരപരാ ധികളെ കൊലപ്പെടുത്തുകയും ചെയ്ത ഇസ്ലാമിക ഭീകരരെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിൽ ഇസ്രായേല്‍ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി ഗാസയില്‍ കനത്ത നാശം വിതച്ചു. ഹമാസിന്റെ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെക്കാള്‍ വളരെയധികം പേര്‍ ഇസ്രായേലിന്റെ തിരിച്ചടിയില്‍ മരണമടഞ്ഞു. ഹമാസിനെ ഉന്മൂല നാശം വരുത്തുമെന്നാണ് ഇസ്രായേല്‍ സേന പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം വര്‍ഷങ്ങളായി ആവര്‍ത്തിക്കപ്പെടുന്നതാണ്. യുദ്ധ സാഹചര്യം മുന്നോട്ട് പോകുന്നതോടെ ലോകരാജ്യങ്ങൾ ഇരുചേരികളിലായി .
യുദ്ധം തുടരുന്നതിനിടെ ഗാസയിലെ ആശുപത്രിയില്‍ മിസൈല്‍ വീണ് 500ലേറെ പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദികള്‍ ആരെന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. ഇസ്രയേല്‍ ആക്രമണത്തിലാണ് ആശുപത്രിയില്‍ മിസൈല്‍ വീണതെന്നാണ് ഹമാസിന്റെ അവകാശവാദം. എന്നാല്‍, ഗാസയില്‍ ഹമാസ് തൊടുത്ത മിസൈല്‍ ലക്ഷ്യം തെറ്റി വീണതാണെന്ന് ഇസ്രയേലും അവകാശപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോയും ഇസ്രയേല്‍ പ്രതിരോധ സേന പുറത്തു വിട്ടിട്ടുണ്ട്.