മരണമെന്ന ശാശ്വതനിദ്ര: സൂസൻ പാലാത്ര

മരണമെന്ന ശാശ്വതനിദ്ര: സൂസൻ പാലാത്ര

ന്റെ പിതാവ് മരിച്ചു കിടന്ന രാത്രിയിൽ പിതാവിൻ്റെ ചെറുപുഞ്ചിരിയോടെ, ശാന്തതയോടെയുള്ള ആ നിദ്രകണ്ട് എൻ്റെ അമ്മച്ചി ചങ്കുപൊട്ടിക്കരഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു കരഞ്ഞു: " ഇച്ചാച്ചാ, ഇച്ചാച്ചൻ എത്ര ശാന്തനായി ഇന്ന് ഉറങ്ങുന്നു? ഇച്ചാച്ചാ..... ശാന്തനായി ഉറങ്ങിക്കോ... ആത്മാവ് ഈ മൺകൂടാരം വിട്ടകന്നു പോകുന്ന സമയംവരെ ഈപാവംമനുഷ്യൻ എത്ര ശ്വാസംമുട്ടൽ സഹിച്ചു.". അമ്മ ആ മുഖത്ത് പൗഡർ തൂത്തു ക്കൊടുത്തു,  പനിനീരും സെൻറും ശരീരത്ത് പൂശി. കണ്ടും കേട്ടും പ്രാർത്ഥനസന്നദ്ധരായി കൂടെനിന്ന ജനസഞ്ചയം ഒപ്പം  കരഞ്ഞു. അമ്മച്ചി വിങ്ങിപ്പൊട്ടി, കരച്ചിലടക്കാൻ പാടുപെട്ടു. കാരണം ഞാൻ എട്ടും അനുജത്തി ഏഴും മാസം ഗർഭിണികളാണ്. ഞങ്ങൾക്ക് ഒരു പ്രശ്നവും വരാതിരിക്കാൻ അമ്മ ദു:ഖം കടിച്ചമർത്തി.  മരണം - മരിച്ചുപോയവർക്ക് ആശ്വാസവും ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവർക്ക് വേദനയും നല്കുന്നു.

      മരണം തീവ്രദു:ഖമേ സമ്മാനിയ്ക്കൂ. ഞാൻ ജനിച്ചുവളർന്ന എൻ്റെ വീട്ടിലെ ആദ്യമരണം എൻ്റെ പൊന്നുമോൻ്റെ ആയിരുന്നു. കണക്കു പ്രകാരം  ഡിസംബർ 24 ക്രിസ്മസ് ഈവിന് ജനിക്കേണ്ട പൊന്നുമോൻ്റെ  ചേതനയറ്റ ശരീരം 1994  നവംബർ 14-ന് സിസേറിയനിലൂടെ പുറത്തെടുത്തു ... ഒരു വീട്ടുമാമോദീസ പോലും നല്കാതെ ബന്ധുവായ  പളളിവികാരിയച്ചനെക്കൊണ്ട് പ്രാർത്ഥിപ്പിച്ച്  മണർകാട്പള്ളി സെമിത്തേരിയിൽ അടക്കി. ഞങ്ങൾ മാത്രം മണർകാടു പള്ളിയിലും ബാക്കി കുടുംബക്കാർ തിരുവഞ്ചൂർ പള്ളി ഇടവകക്കാരുമായിരുന്നു. കുടുംബക്കല്ലറ തിരുവഞ്ചൂരാണ്. എൻ്റെ മോനെ അടക്കിയ സ്ഥലം ഭർത്താവ് ഇതുവരെയും കാണിച്ചു തന്നിട്ടില്ല. കബറുങ്കൽ ധൂപം വച്ചിട്ടില്ല, മെഴുകുതിരി കത്തിച്ചിട്ടില്ല. 

     ഈ കുഞ്ഞ് വയറ്റിലുണ്ടെന്ന് അറിഞ്ഞ നിമിഷം മുതൽ ഞാൻ അവനെ എൽദോമോൻ എന്നു വിളിച്ചു. ഡിസംബർ 24 ആണ് ഡ്യൂ ഡേറ്റ്. എൽദോ എന്നവാക്കിനർത്ഥം യേശുവിൻ്റെ ജനനം.  ഭർത്താവ് കുഞ്ഞിൻ്റെ ഫോട്ടോ എടുത്ത് സൂക്ഷിച്ചിരുന്നത് പിന്നീട് ഞാൻകണ്ടെത്തി ഒരു സ്റ്റുഡിയോയിൽ കൊടുത്തു എങ്കിലും നിർഭാഗ്യവശാൽ  അവർ എടുത്തു തന്ന പ്രിൻറ് വീട്ടിൽ വെള്ളം കയറിയപ്പോൾ, ആൽബത്തിൽ സൂക്ഷിച്ച പടം മറ്റു പലതിനോടൊപ്പം നഷ്ടപ്പെട്ടുപോയി. 

      ഇന്നും എൻ്റെ മനതാരിൽ ഞാൻ അവൻ്റെ രൂപം സൂക്ഷിച്ചിരിക്കുന്നു. ദിവസം രണ്ടുനേരം അവനുവേണ്ടി പ്രാർത്ഥിക്കുന്നു. അവനൊപ്പം ജനിച്ചവർ ഇന്ന് എൻജിനീയറും ഡോക്ടറുമൊക്കെയായി. അതിലൊരാളിൻ്റെ വിവാഹമാണ് അടുത്ത മാസം. എൻ്റെമോൻ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഇരുപത്തിയാറു വയസ്സ് കണ്ടേനെ. 

      ഞാൻ മോൻ്റെ പേരിൽ, കഴിഞ്ഞ രണ്ടു വർഷമായി പള്ളിയിൽ പഠനത്തിന് ഏറ്റവും മികച്ച  സൺഡെസ്കൂൾ കുട്ടിക്ക് ഒരു കുഞ്ഞുപുരസ്ക്കാരം നല്കിപ്പോരുന്നു;  ഇത് ഇനിയും തുടരാൻ ആഗ്രഹിക്കുന്നു. ഒരു കുഞ്ഞുസമ്മാനം. ദൈവകാര്യത്തിൽ ശുഷ്കാന്തിയുള്ള ഒരു പ്രതിഭയ്ക്ക് കൊടുക്കാം... കയ്യിൽ പണമുണ്ടായിട്ടല്ല, 'വിധവയുടെ ചില്ലിക്കാശിനെ മാനിച്ച' വലിയവനായ ദൈവം തമ്പുരാനെ  മാനിയ്ക്കുന്നു.

         എല്ലാവർക്കും നന്മകൾ മാത്രം ആശംസിക്കുന്നു. ആരുടെ മനസ്സിലും ഒരു നൊമ്പരവും ഉണ്ടാകാതിരിക്കട്ടെ. മരണം മൂലമുള്ള വിരഹവേദന നമുക്ക് സഹിക്കാവുന്നതിലപ്പുറമാണ്. എൻ്റെ മകൻ, അച്ഛൻ, അമ്മ, സഹോദരൻ ഒക്കെ നഷ്ടപ്പെട്ടപ്പോൾ ആ വേദനയുടെ ആഴം ഞാൻ ഏറെ മനസ്സിലാക്കി. അമ്മയെ വിളിച്ച് കരയാത്ത ഒരുരാത്രി പോലും ഇല്ലെന്നായി. എല്ലാറ്റിലുംനിറഞ്ഞു നില്ക്കുന്ന സാന്നിദ്ധ്യമാണമ്മ. 

      ഇനിയാരും വേദനിയ്ക്കാതിരിക്കട്ടെ. പ്രാർത്ഥനകൾ മാത്രം.