മണിപ്പൂരിൽ വേട്ടക്കാർക്കൊപ്പം നിന്ന് മാധ്യമ ധർമം മറന്നവർ

മണിപ്പൂരിൽ  വേട്ടക്കാർക്കൊപ്പം നിന്ന് മാധ്യമ ധർമം മറന്നവർ
ലാപത്തീ പടരുന്ന  മണിപ്പൂരിലെ  വംശീയസംഘർഷങ്ങളുടെ വാർത്തകൾ മെയ്തി പക്ഷത്തിന് അനുകൂലമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന  വസ്തുത നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സമൂഹത്തെ തിരുത്താൻ ചുമതലയുള്ള മാധ്യമങ്ങൾ തങ്ങളുടെ പങ്ക് വേണ്ട വിധത്തിൽ നിർവഹിച്ചില്ലെങ്കിൽ അത് അപകടമാണന്ന് മണിപ്പൂർ വിളിച്ചുപറയുന്നു. ഈ കാര്യം  കഴിഞ്ഞ ശനിയാഴ്ച പുറത്തുവിട്ട വസ്തുതാന്വേഷണറിപ്പോർട്ടിൽ  പത്രാധിപന്മാരുടെ അഖിലേന്ത്യാ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ്  (ഇ ജി ഐ)  ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യക്കെതിരെ മണിപ്പൂര്‍ സര്‍ക്കാര്‍ കേസെടുത്ത സംഭവം ആശങ്കയുയർത്തുന്നതാണ്. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ താഴോട്ട് പോകുന്നത് ഇക്കാര്യങ്ങൾ കൊണ്ട് തന്നെയാണ് .
 
മണിപ്പൂരില്‍  സംസ്ഥാന സര്‍ക്കാറിന്റെയും പോലീസിന്റെയും സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരുടെയും പക്ഷപാതിത്വവും വിവേചനവും തുറന്നുകാട്ടിയതിനാണ് പത്രാധിപന്മാരുടെ അഖിലേന്ത്യാ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡിനെതിരെ (ഇ ജി ഐ) കേസെടുത്തത്.മെയ്തി -കുകി സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി മെയ്തി വിഭാഗത്തെ പിന്തുണച്ചുവെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട് . സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകർ  പല വാര്‍ത്തകളും പൂഴ്ത്തിവെക്കുകയും വ്യാജവാര്‍ത്തകര്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ്  പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.  
 
ക്രൂരവും ഞെട്ടിക്കുന്നതുമായ പല സംഭവങ്ങളും മാധ്യമങ്ങള്‍ മറച്ചുവെച്ചു. ഏഴ് വയസ്സുള്ള ബാലനെ മെയ്തി  ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചതും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടിയെയും മാതാവിനെയും ആംബുലന്‍സിലിട്ട് ജീവനോടെ കത്തിച്ചതും റിപോര്‍ട്ട് ചെയ്തില്ല.
 
തലസ്ഥാനമായ ഇംഫാലടക്കമുള്ള താഴ്‌വാരപ്രദേശങ്ങളിൽ  കേന്ദ്രീകരിച്ചിട്ടുള്ള മെയ്തികളും മലമ്പ്രദേശങ്ങളിൽ കഴിയുന്ന കുക്കി ഗോത്രക്കാരും തമ്മിലാണ് മണിപ്പൂരിൽ സംഘർഷം നടക്കുന്നത്. പ്രമുഖ മാധ്യമങ്ങളൊക്കെത്തന്നെ താഴ്‌വാരകേന്ദ്രിതവും മെയ്തി സ്വാധീനത്തിലുള്ളതുമായതിനാൽ വംശീയസംഘർഷത്തിനു ലഭിക്കുന്ന മാധ്യമപിന്തുണ മെയ്തികൾക്ക് അനുകൂലമാണ് .  മെയ്തി നിയന്ത്രിത പത്രമാധ്യമങ്ങൾ മെയ്തിഅനുകൂല വാർത്തകളാണ്  പ്രസിദ്ധീകരിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
 
കലാപത്തിനു മുന്നേ തന്നെ കുക്കി  ഗോത്ര വിരുദ്ധ  നിലപാടുകളും പ്രസ്താവനകളും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു .സംഘർഷം രൂക്ഷമാവാനേ ഈ നിലപാടുകൾ സഹായിച്ചിട്ടുള്ളു. കുക്കികൾ അനധികൃത കുടിയേറ്റക്കാരെന്നു മുദ്രകുത്തി കുക്കി  വിരുദ്ധ വികാരം സൃഷ്ടിച്ചതായും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സീമ ഗുഹ, സഞ്ജയ് കപൂര്‍, ഭരത് ഭൂഷണ്‍ എന്നിവരടങ്ങിയ മൂന്നംഗ അന്വേഷണ സംഘം തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു.
 
പോരടിക്കുന്ന  കുക്കി-മെയ്തി  വിഭാഗങ്ങളിലെ ക്രൈസ്തവരുടെ പള്ളികളും വീടുകളും കത്തിക്കുന്നതിലായിരുന്നു മെയ്തി വിഭാഗം ശ്രദ്ധിച്ചത് . മണിപ്പൂർ സർക്കാർ മെയ്തികൾക്കൊപ്പം നിന്ന് കുക്കികളെ ആക്രമിക്കാൻ കൂട്ടുനിൽക്കുന്നുവെന്ന് കലാപം തുടങ്ങിയത് മുതൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ആ പക്ഷംചേരലിൽ ചില  മാധ്യമങ്ങളും പക്ഷം ചേർന്നു എന്ന കുറ്റകരമായ റിപ്പോർട്ടാണ് എഡിറ്റേഴ്സ് ഗിൽഡ് പുറത്ത്  വിട്ടിരിക്കുന്നത്.  
വ്യാജവും കെട്ടിച്ചമച്ചതുമായ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്  സംസ്ഥാനത്ത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്ന് കുറ്റപ്പെടുത്തിയാണ് മുഖ്യമന്ത്രി എന്‍ ബീരേന്‍സിംഗിന്റെ നേതൃത്വത്തിലുള്ള മണിപ്പൂര്‍ സര്‍ക്കാര്‍ എഡിറ്റേഴ്സ് ഗിൽഡിനെതിരെ കേസെടുത്തത്. ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി റദ്ദാക്കിയ ഐ ടി നിയമത്തിലെ 66എ വകുപ്പടക്കം ചുമത്തിയാണ് വസ്തുതാന്വേഷണ സംഘത്തിനെതിരെ  എഫ് ഐ ആര്‍ തയ്യാറാക്കിയത്.
മണിപ്പൂര്‍ മാധ്യമങ്ങളുടെ ഏകപക്ഷീയവും മാധ്യമ ധര്‍മത്തിനു നിരക്കാത്തതുമായ നിലപാട് അപലപനീയമാണ് . വേട്ടക്കാര്‍ക്കൊപ്പം നിലയുറപ്പിക്കുന്ന  മാധ്യമ നിലപാട്  ചൂണ്ടിക്കാട്ടിയതിന് കള്ളക്കേസ് ചുമത്തി എഡിറ്റേഴ്സ് ഗില്‍ഡിനെ നിശബ്ദമാക്കാനുള്ള നീക്കം  ഒരു ജനാധിപത്യ രാജ്യത്തിന്റെ നിലപാടുകൾക്ക്  ചേർന്നതല്ല എന്ന് ചൂണ്ടിക്കാട്ടട്ടെ .