സിംലാൻ്റി; നീണ്ടകഥ, സൂസൻ പാലാത്ര

    സിംലാൻ്റി; നീണ്ടകഥ, സൂസൻ പാലാത്ര

 

 

അദ്ധ്യായം - 7

 

         ന്നാമ്മക്കൊച്ചമ്മയെ മക്കൾ ബലമായി പിടിച്ചുകൊണ്ടു പോയതിനുശേഷം വീട് മരണവീടുപോലെ ദു:ഖസാന്ദ്രമായി. ശ്മശാന മൂകത തളംകെട്ടിയ ആ  അന്തരീക്ഷത്തെ ഒന്നു ശാന്തമാക്കാൻ അമ്മിണി കിണഞ്ഞു പരിശ്രമിച്ചു.

         അമ്മിണി വേവിച്ചു വച്ച ചക്കപ്പുഴുക്ക് വെയ്സ്റ്റ് ആയി. ചെമ്മീൻ പൊടിച്ചതും കടുമാങ്ങാ അച്ചാറുംകൂട്ടി വായ്ക്കു രുചിയായി കഴിയ്ക്കാനിരുന്ന പാവം അന്നാമ്മ അമ്മച്ചിയെയോർത്ത് കുക്കി വ്യസനിച്ചു.

         "മമ്മാ ആ ടീച്ചറിൻ്റെ വീടെവിടെയാ? ഇപ്പം വന്ന് ആ അമ്മച്ചിയെ പിടിച്ചോണ്ടുപോയ കുറ്റിക്കാട്ടുകാരുടെ" 

" എന്തിനാ? തെരക്കിപ്പിടിച്ചു പോകണ്ടാ, സങ്കടപ്പെടുകേം വേണ്ട, എല്ലാ മനുഷ്യരുടേം ഗതി ഒടുക്കം ഇങ്ങനാ "

"ഇല്ല, പറ്റില്ല, നമ്മുടെ സമാധാനം വീണ്ടെടുക്കാൻ ഇതേ വഴിയുളളൂ... ഞാൻ ശടേന്നു പോയിട്ട് ഓടിയിങ്ങു പോരാം. 

" കുക്കി ഫ്രിഡ്ജ് തുറന്ന് കുറെ  ചക്കവരട്ടിയതെടുത്തു. ഏറെ നെയ്യും ശർക്കരയും അല്പം ചുക്കും ജീരകവും ഏലയ്ക്കയുമൊക്കെ ചേർത്ത് വളരെ രുചികരമായി വിളയിച്ചെടുത്തു സൂക്ഷിച്ചു വച്ചിരിക്കുന്നതാണ്.

കുറെ ചക്ക വേവിച്ചതും എടുത്തു. മൂത്തതും പഴുത്തതുമായ ചക്കയും എടുത്തു വച്ചു. 

         പോകാൻ റഡിയായി. ഭാഗ്യം എന്നേ പറയേണ്ടു. ഷിബു മുന്നിൽ. 

       "അമ്മച്ചിയുടെ ബാഗും കണ്ണടയും മറന്നു പോയി"

"അതിലാണ് മരുന്നും  ബൈബിളുമെല്ലാം, ഒരുതരത്തിൽ പിടിച്ചുവലിച്ചു കൊണ്ടുപോയതല്ലേ?" ഷിബു ചിരിച്ചു.

കുക്കി അമ്മച്ചിയ്ക്കായി എടുത്തു വച്ച ചക്ക വിഭവങ്ങൾ എല്ലാം ആ  അദ്ധ്യാപകനെ വളരെ നിർബ്ബന്ധിച്ച് ഏല്പിച്ചുവിട്ടു. 

അവൾ ആരോടെന്നില്ലാതെ ഉരുവിട്ടു " ഹ..ഹ..ഇപ്പോൾ എന്തൊരാശ്വാസം"

        എത്സമ്മയും കുക്കിയും മാത്രമായിരുന്നപ്പോൾ ഒച്ചിഴയുന്ന വേഗതയിലായിരുന്നു ദിനരാത്രങ്ങൾ കഴിഞ്ഞുപോയിരുന്നത്. ഇപ്പോൾ ദിവസങ്ങൾ അതിവേഗം ഓടിയകലുന്നതുപോലെ. പപ്പ ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്. മമ്മയെ അനുനയിപ്പിച്ച് പാട്ടിലാക്കാൻ പാവം കിണഞ്ഞു പരിശ്രമിക്കുന്നതായി അവൾ മനസ്സിലാക്കി. മമ്മയോട് അവൾക്ക് ദേഷ്യം തോന്നി. ഇപ്പോൾ മൂരാച്ചി മമ്മയാണ്.

ഒന്നോർത്താൽ മമ്മയുടെ ഭാഗത്തല്ലേ ന്യായം. പപ്പ തങ്ങളെ ഉപേക്ഷിച്ച് മറ്റൊരു എന്ത്യാനിച്ചിയെ കൂടെക്കൂട്ടി അസ്സലായി ജീവിച്ചു. പാവം മമ്മച്ചി കരയാത്ത ഒരൊറ്റ രാത്രിയുണ്ടായിരുന്നോ?  പകൽ മക്കളുടെ കാര്യങ്ങളിൽ വ്യാപൃതയായി. രാത്രിയുടെ യാമങ്ങളിൽ ആരും കാണാതെ തനിച്ചിരുന്നു  കരയുന്ന മമ്മച്ചിയോട് എന്നും തങ്ങൾ പെൺമക്കൾക്ക് സഹതാപമായിരുന്നു, പപ്പയോട് കഠിനമായ വെറുപ്പും. 

    പക്ഷേ, കാലം മായ്ക്കാത്ത ദു:ഖങ്ങളുണ്ടോ?

പപ്പ എല്ലാ കുറ്റങ്ങളും ഏറ്റുപറഞ്ഞ് മമ്മയുടെ കാൽച്ചുവട്ടിൽ വന്നില്ലേ, ഇനി മമ്മയ്ക്ക് ഒരു വീട്ടുവീഴ്ച പാടില്ലേ? കുക്കി ചിന്താക്കുഴപ്പത്തിലായി.

       ഇനി ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ താൻ പിന്നെ ഈ വീട്ടിലില്ല. മമ്മയും പപ്പയും എന്തു ചെയ്യും ദൈവമേ? അവൾക്ക് ആധിയായി. 

       വിവാഹം ക്ഷണിക്കാൻ ബന്ധുവീടുകളിലെല്ലാം പപ്പ ഓടിപ്പാഞ്ഞു. കേറ്ററിംഗ്, പന്തലുകാർ,  എല്ലായിടത്തും പപ്പ തിരക്കിപ്പാഞ്ഞു.

       മമ്മ തൊട്ടയൽപക്കത്തുള്ള ഒന്നോരണ്ടോ വീട്ടുകാരെ മാത്രം പോയി ക്ഷണിച്ചു. മമ്മയുടെ ബന്ധുക്കളെയും പള്ളിക്കാരെയും  വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെയുമെല്ലാം ഫോണിലൂടെ കാര്യമായി ക്ഷണിച്ചു. 

ചേച്ചിമാരുടെ വിവാഹങ്ങൾക്കും മമ്മ ഇങ്ങനെയായിരുന്നു. എന്നാൽ മമ്മയുടെ ക്ഷണം സ്വീകരിച്ച്,  എല്ലാപേരും വരികയും സഹകരിക്കുകയും ചെയ്തിട്ടുണ്ട്.

      നാളെ മന്ത്രകോടിയെടുത്തു തരാൻ പയ്യനും കൂട്ടരും വരുന്നുണ്ട്. വളരെ നിർബ്ബന്ധിച്ചിട്ടും മമ്മ വരുന്നില്ലത്രേ. പപ്പയുടെ ഒപ്പം നടക്കാനുള്ള വൈമനസ്യം. 

        ഉടുത്തിറങ്ങാനുള്ള വെള്ള  ഗൗണും  അനുബന്ധങ്ങളുമെല്ലാം കഴിഞ്ഞ ദിവസം മമ്മയും ചേച്ചിമാരും കൂടി വന്ന് എടുത്തു തന്നതാണ്. 

ചേച്ചിമാർ പറഞ്ഞു:

 "നമ്മുടെ ഈ കുക്കുപ്പെണ്ണ് എത്ര ഭാഗ്യവതിയാണ്, ചോതിയല്ലേ നാള്.  ഒന്നും ചോദിയ്ക്കാതെ അവൾക്കെല്ലാം ലഭിക്കുന്നു. നമ്മുടെ കല്യാണക്കാര്യങ്ങൾ വല്ല വിധേനയും നടത്തിയെടുക്കാൻ മമ്മ എത്രയധികം ക്ലേശങ്ങളാണ് സഹിച്ചത് "

       പപ്പകേൾക്കട്ടെ എന്നു കരുതി ചേച്ചിമാർ ഉച്ചത്തിലാണ് പറഞ്ഞത്. പപ്പയുടെ നിറഞ്ഞുവന്ന കണ്ണുകൾ ആരും കാണാതെ, പപ്പ കൈലേസെടുത്ത് ഒപ്പുന്നതു കണ്ട മമ്മയുടെ ചുണ്ടിൽ ഒരു പുച്ഛരസം അപ്പോൾ കളിയാടിയത് കുക്കി മാത്രം കണ്ടു.

ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ പാവം മമ്മ മന്ത്രകോടിയെടുക്കാൻ വരില്ലെന്ന്. 

      വീട്ടിൽ അടുത്തുള്ള  ബന്ധുക്കളിൽ ചിലരൊക്കെ എത്തിയിട്ടുണ്ട്. "സാരി എങ്ങനെയാണ്? പയ്യൻ ഏതു നിറം എടുക്കാനാ പറഞ്ഞത് ?"

"ഒരു ദിവസത്തേയ്ക്കുടക്കാനല്ലേ, വല്യ വെലയൊന്നും വേണ്ട കൊച്ചേ"

അവർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു.

 

    മൂത്ത ചേച്ചി മേഴ്സി പറഞ്ഞു: "വിവാഹദിനം  ജീവിതത്തിലെ മഹത്തായ ഒരു ദിനമാണ്. ഏറ്റം നല്ല സാരി മോളു നാളെ എടുത്തോണം കേട്ടോ? ഞങ്ങൾക്കൊക്കെ ഒരു ഗതിയുമില്ലാഞ്ഞിട്ടും അതിനൊന്നും ഒരു മടുപ്പും വരുത്തിയില്ല"

സാലിച്ചേച്ചി പറഞ്ഞു: " വാവച്ചിയ്ക്ക് ഒരു സെക്കൻഡ് സാരിയും കൂടി എടുപ്പിയ്ക്കണം കേട്ടോ "

ഇതെല്ലാം നിശബ്ദനായി കേട്ടുകൊണ്ട് സിറ്റൗട്ടിലെ തുണിക്കസേരയിൽ ചാഞ്ഞുകിടന്നുകൊണ്ട് പപ്പ പറഞ്ഞു " മക്കളെ, അതൊക്കെ പയ്യൻ്റെ ആൾക്കാരുടെ തീരുമാനമല്ലേ, അവരു തരുമെങ്കിൽ വാങ്ങ്  അല്ലെങ്കിൽ മക്കൾക്കു് എത്രയെണ്ണം വേണംന്നു പറഞ്ഞാമതി, പപ്പ വാങ്ങിത്തരാം കേട്ടോ°

     ആ രാത്രി അവൾ മുമ്പെന്ന പോലെ അമ്മയെ കെട്ടിപ്പിടിച്ച് ശാന്തമായുറങ്ങി. എത്സമ്മ കുക്കിയുടെ കുളിർനെറ്റിയെ തലോടിക്കൊണ്ടിരുന്നു. കുക്കിയുടെ നേർത്ത കൂർക്കം വലി താളാത്മകമായി മുഴങ്ങിക്കൊണ്ടിരുന്നു.  എന്നാൽ, നിദ്ര ആ പാവം എത്സമ്മയോട് എന്നേ വിട്ടകന്നതാണ്. അവൾ ഇരുട്ടിലേയ്ക്ക് കണ്ണുകൾ മിഴിച്ചു കിടന്നു, ഉറങ്ങാനാവാതെ.

 

              (തുടരും...)

 

.