ശകുനം; ചെറുകഥ

ശകുനം; ചെറുകഥ

 

സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ


 വെളിച്ചം വീണിട്ടില്ല...ഇപ്പോളിറങ്ങിയാൽ നഗരത്തിലേക്കുള്ള ആദ്യ ബസ് കിട്ടും.അവിടെനിന്നും വീണ്ടും രണ്ടുവണ്ടികൂടി കയറിയാലെ  ഓഫീസിൽ എത്താനാവൂ.... പ്രായമായ അമ്മയെ തനിച്ചാക്കി ജോലിസ്ഥലത്ത് താങ്ങാനാവില്ല.കൂടെ കൂട്ടാമെന്നുവച്ചാൽ അമ്മ വരില്ല.
" അച്ഛന്റെ അസ്ഥിത്തറയിൽ വിളക്ക് വയ്ക്കുന്ന താരാ... ഞാൻ വരില്ല" അമ്മ തീർത്തു പറയും.
 ഉമ്മറത്തു  കത്തിച്ചുവെച്ച നിലവിളക്കിനു മുന്നിൽ പ്രാർത്ഥനയോടെ നിന്നു പടിയിറങ്ങി...
 എത്ര ആവാണ്ടായാലും വെളുപ്പിന് നിലവിളക്ക് കൊളുത്തുന്നത് അമ്മയുടെ പതിവാ. വീടിന്റെ ഐശ്വര്യത്തിന് അത് വേണമത്രേ...
 വേഗം നടക്കണം. ഇന്നലെ ടൗണിൽനിന്നും പതിവുള്ള ബസ് കിട്ടിയില്ല.ഗ്രാമത്തിൽ നിന്ന് പുറപ്പെട്ട ബസ് വഴിയിൽ പഞ്ചറായി.
 മഞ്ഞുമൂടിയ റബ്ബർതോട്ടം. അരിച്ചു കയറുന്ന തണുപ്പു വകവയ്ക്കാതെ നടപ്പിനു വേഗത കൂട്ടി.ഇടവഴിയിലേയ്ക്ക് ഇറങ്ങവെ,എതിരെ വരുന്നു കേളൻ. തോളിൽ  ഏണിയും കയ്യിൽ വെട്ടുകത്തിയും തളപ്പും.
 ദൈവമേ രാവിലത്തെ ശകുനം. നെഞ്ചകം കാളി.ഇന്നത്തെ ഫലം?ആലോചിച്ച് ഒരു നിമിഷം നിൽക്കെ,
"തമ്പ്രാ സൂക്ഷിച്ചോണേ... "ഏണി തട്ടാതെ ഒതുങ്ങിനിൽക്കെ,അയ്യാൾ നടന്നടുത്തു.
"മേടയിലെ തമ്പുരാന്റെ വീടാ..വെളുപ്പിന് തുടങ്ങിയാലെ  അന്തിക്ക് തീരു..."
 മറുപടിക്ക് കാക്കാതെ കേളൻ നടന്നു. ഏണിയുടെ മറുതയും കടക്കേ  മുന്നോട്ടു  നടന്നു. ഭയം  പിന്നെയും മനസ്സിനെ ആക്രമിക്കേ, സ്വയം സമാധാനിച്ചു.
ഇതിലൊക്കെ എന്തിരിക്കുന്നു.മനുഷ്യന്റെ അന്ധവിശ്വാസങ്ങൾ...സ്വയം സമാധാനിച്ചു നീങ്ങി.ഇടവഴി താണ്ടി പുഴയോരത്തേയ്‌ക്കിറങ്ങി.എതിരെ തെക്കേപ്പാടത്തെ ദാക്ഷയണി. കുളിച്ച് ഈറനോടെ, അലക്കിയ തുണിയും മാറത്തുചേർത്ത്..
 വീണ്ടും ദു:ശകുനം.ദൈവങ്ങളെ കാത്തോളണേ... ഉള്ളിലെ ആന്തൽ അടക്കാൻ ശ്രമിച്ചു കൊണ്ട് മനമുരുകി പ്രാർത്ഥിച്ചു.
കുളിച്ച് ഈറനുടുത്ത് എതിരെ വരുന്ന ആളെ  കണ്ടാൽ അനിഷ്ടമായതു  കേൾക്കും. മുത്തശ്ശൻ പറഞ്ഞിട്ടുള്ളത് ഓർത്തു.അടുത്തു  വരവേ ദാക്ഷായണി വെളുക്കെ ചിരിച്ചു അരികെ ചേർന്ന് ഒതുങ്ങിനിന്നു.
 കടിപ്പിച്ച മുഖവുമായി അവരെ ഒന്നു നോക്കി.വേഗം നടന്നു. രാമേട്ടന്റെ  വഞ്ചി അക്കരയ്ക്ക്  പുറപ്പെടാൻ ഒരുങ്ങി കഴിഞ്ഞു.കഴുക്കോൽ കുത്തി തള്ളും മുൻപേ  ചാടിക്കയറി. ഓരം  ചേർന്നിരിക്കുമ്പോഴും രണ്ടു ദു:ശ്ശകുനങ്ങൾ മനസ്സിൽ  ആധി  വളർത്തുകയായിരുന്നു...
ഇപ്പോൾ പുഴയ്ക്കു കുറുകെ പാലം വരാത്തതിനെക്കുറിച്ച് അന്വേഷണമില്ല. പുഴയുടെ മധ്യത്തിൽ  എത്തിയിട്ടും പതിവുള്ള ചിരിയും സംസാരവും ഉണ്ടാകാഞ്ഞാവാം തുഴക്കാരൻ ഗോപാലേട്ടൻ ചോദിച്ചു.
"എന്താ കുഞ്ഞേ,ഇന്ന് മിണ്ടാട്ടം ഒന്നുമില്ലേ..? എന്തുപറ്റി...?"
 "ഒന്നും ഇല്ല ചേട്ടാ..."തൽക്കാലം മറുപടി പറഞ്ഞെങ്കിലും ഉള്ളിലൊരു ഭയം ഉരുണ്ടുകൂടി..
 ആഴവും ചുഴിയുമുള്ള പുഴ വർഷകാലത്ത് ദുർമരണങ്ങൾ സ്ഥിരമാണ്...ചിരപരിചയമുള്ളവരെപ്പോലും പുഴ ചതിച്ചിട്ടുണ്ട്... പുഴയിലെങ്ങാനും പെട്ടാൽ വട്ടം കറങ്ങി തിരിഞ്ഞ്  ആഴങ്ങളിലേക്ക് കൊണ്ടുപോയാൽ? ശരീരമാകെ വിയർത്തു...തലയുയർത്താൻ കഴിയുന്നില്ല. ഓളപ്പരപ്പിൽ ഇളകിയോടുന്ന പോളകളിൽ കണ്ണുനട്ടിരിക്കുമ്പോൾ കരയിലെത്തിയാൽ മതിയെന്ന പ്രാർത്ഥനയായിരുന്നു.  അഥവാ നീന്തലറിയാത്ത താൻ...പുല്ലാനി പുഴയുടെ ആഴങ്ങളിൽ...ചിന്തിക്കാനാവാതെ കണ്ണടച്ചു...
 വള്ളം കരയ്ക്കടുപ്പിക്കേ  വേഗമിറങ്ങി. പട്ടണത്തിലേക്കുള്ള ബസ് ഹോൺ മുഴക്കി..ഓടിക്കയറി സൈഡ് സീറ്റിൽ  ഇരുന്നു. ബസ്  പുറപ്പെട്ടു.പഴയ ബസ് ഡ്രൈവറുടെ  സാമർത്ഥ്യം പോലെ തിരക്കിനിടയിലൂടെ ബസ് പാഞ്ഞു... ഇരുചക്രവാഹനങ്ങൾ ഭീതിപ്പെടുത്തുംവിധം മുന്നിൽ കയറി ഓടി..വളവും തിരുവും താണ്ടി സ്പീഡെടുത്ത് ഓടുന്നതിനിടയിൽ പലവട്ടം ബ്രേക്ക് ചവിട്ടി. ഭീതിപ്പെടുത്തുംവിധമാണ് വണ്ടി പായുന്നത്.ഒരാഴ്ച മുമ്പ് അമിത വേഗത്തിലോടിയ ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞതാണ് ഓർമ്മയിൽ വന്നത്. ഇരുപത്തിയേഴുപേരാണ് അന്ന് മരിച്ചത്. പാലത്തിലേയ്ക്ക് കയറിയ ബസ്സിലിരുന്നു താഴേക്കു  നോക്കവേ, ഏണിയും തോളിലേറ്റി വരുന്ന കേളന് പിറകിൽ ചിരി ഉതിർത്തുകൊണ്ട് ദാക്ഷായണിയും മനസ്സിൽ കടന്നുവന്നു....
 ഭയം അരിച്ചു കയറുകയായിരുന്നു... ചുരമാന്തുന്ന ഓർമ്മകൾ...
ഒരുവിധം ഓഫീസിലെത്തി. ജോലിയിൽ ഒരു ഉത്സവം തോന്നിയില്ല.ഇരിപ്പുക ണ്ട് സഹപ്രവർത്തകർ പലവട്ടം അന്വേഷിച്ചു.
 "എന്തുപറ്റി സാറേ,വല്ലായ്മ വല്ലതും?"
"ഏയ് ഒന്നുമില്ല" ചിരിച്ചൊഴിയാൻ  ശ്രമിച്ചു.
 വിജയിച്ചെന്നു  വിശ്വസിക്കാനായില്ല. ഊണുകഴിക്കാൻ മറ്റുള്ളവർ പോവുമ്പോഴും കൂടെ പോയില്ല.ഒന്നിനും ഒരു ഉത്സാഹമില്ലാതെ,ഫയലുകൾ മറിച്ചെങ്കിലും ഒന്നും ചെയ്യാനായില്ല. മനസ്സ് അകാരണമായ ഭയം പേറി.
 പതിവിലും നേരത്തെ ഇറങ്ങി.വീട്ടിലെത്തണം ബസ്സുകൾ മാറിക്കയറി. പുഴയുംകടന്ന് ഇടവഴി താണ്ടവേ മുന്നിൽ ആളുകൾ. ഒറ്റയ്ക്കും തെറ്റയ്ക്കും നീങ്ങുന്നു.ആരോ പറയുന്നത് കേട്ടു. "
"പച്ചക്കതുക്കനെ ഇരുന്ന ആളല്ലേ..?പെട്ടന്ന്...." നടപ്പിനു വേഗം കൂട്ടി.പക്ഷേ കാലിൽ മരപ്പ്.പ്രായമായ അമ്മ..വീട്ടിൽ തനിയെ...ദൈവമേ... ഒന്നും വരുത്തരുതേ...മനമുരുകി പ്രാർത്ഥിച്ചു.
 വീട്ടിലേക്കുള്ള നടവഴിയേയാണ് ആളുകൾ നീങ്ങുന്നത്..എതിരെ വരുന്നവർ തന്നെ നോക്കി,ഒഴിഞ്ഞു മാറി നടന്നു.നിയന്ത്രണംവിട്ട് മുന്നോട്ടോടി വഴിയിലെ ആളുകളെ തള്ളിമാറ്റി വീട്ടിലേക്ക്..പടിയും കടന്ന് മുറ്റവും കടന്ന് ഉള്ളിലേക്ക് ചാടിക്കയറവേ,ഭയത്തോടെ വിളിച്ചു
"അമ്മേ....."
 "അറിഞ്ഞു അല്ലേ...?രണ്ടുമരണമാ.. തെങ്ങിൽ നിന്നു  വീണ് കേളനും, പാമ്പുകടിയേറ്റ്  ദാക്ഷായണിയും. എന്താ ചെയ്ക.. ഓരോ വിധി "
 അപ്പോൾ രാവിലത്തെ ശകുനം പിഴച്ചത്  തനിക്കോ അതോ  അവർക്കോ......?