ഡിസ്‌കണക്ടായ മൊബൈല്‍: കവിത, ടോബി തലയല്‍

ഡിസ്‌കണക്ടായ മൊബൈല്‍: കവിത, ടോബി തലയല്‍

റീചാര്‍ജ്‌ ചെയ്യാത്ത മൊബൈലൊരെണ്ണം
ഡിസ്‌കണക്ടായി കിടന്നു വീടിനുള്ളില്‍
ചാര്‍ജര്‍ ഉപയോഗശൂന്യമായ്‌ എന്നേ
സിമ്മിന്‍ കാലാവധി തീര്‍ന്നു, നാളേറെയായ്‌

പകലില്‍ കണ്ണുകള്‍ അടഞ്ഞേ കിടന്നു
ആരും തൊടാതെ തളര്‍ന്നേ മയങ്ങി
കറുത്ത ഉടുപ്പിട്ട്‌ രാത്രി വരുമ്പോള്‍
മിന്നിച്ച്‌ നോക്കാന്‍ വെളിച്ചവും കെട്ടുപോയ്‌

സ്വദേശത്തു നിന്നോ വിദേശത്തു നിന്നോ
വിളികളൊക്കെ നിലച്ചതാണെന്നേ,
സൗഹൃദഭാഷണം സ്‌നേഹാന്വേഷണം
മണിയൊച്ചയൊപ്പം കെട്ടതാണെന്നേ.

സന്തോഷവാര്‍ത്തകള്‍ സന്താപസന്ദേശം
അവധിയില്ലാതായ മക്കളുടെ മറുമൊഴികള്‍,
കണ്ടിട്ടേയില്ലാത്ത കുട്ടികളുടെ കൊഞ്ചലുകള്‍
കാതുകളിലെപ്പോഴേ വാതിലടച്ചുപോയ്‌

പുറഞ്ചട്ട ചുളുങ്ങി മരവേട്‌ പോലായ്‌
കുട്ടികളുപേക്ഷിച്ച കളിക്കോപ്പുപോലായ്‌.
റീചാര്‍ജ്‌ ചെയ്യാത്ത മൊബൈലൊരെണ്ണം
ഡിസ്‌കണക്ടായിട്ടെത്ര നാള്‍ കിടക്കും?

 

ടോബി തലയല്‍