പുറത്തേക്കൊഴുകട്ടെ നല്ല വാക്കുകൾ: ലേഖനം, ഓമന ജോൺ 

പുറത്തേക്കൊഴുകട്ടെ നല്ല വാക്കുകൾ: ലേഖനം, ഓമന ജോൺ 

രോ മനുഷ്യന്റെയും നാവിൽ നിന്നും പുറത്തേക്കു വരുന്ന, സ്നേഹവും ദയയും കൂട്ടിച്ചേർത്ത നല്ല വാക്കുകൾക്ക്, മൃതസഞ്ജീവനിയുടെ കരുത്തുണ്ട്. ഫലമുണ്ട്. ചില സമയങ്ങളിൽ മരണത്തിന്റെ വക്കിൽ നിന്ന് പോലും മനുഷ്യരെ രക്ഷപെടുത്തിയെടുക്കാൻ വാക്കുകൾക്ക് കഴിയും. സുഗന്ധം പരത്തുന്ന മന്ദമാരുതൻ പോലെ അവ ഓരോ മനുഷ്യരിലും ഒരു നവ ജീവൻ ഉണർത്തുന്നു. 

അതുപോലെ തന്നെ, ക്രൂരതയും... പരിഹാസവും നിറഞ്ഞ വാക്കുകൾ, തിന്മ നിറഞ്ഞ ഒരു മനസ്സിനെ നമുക്ക് കാട്ടിത്തരുന്നു. നുണകളും, അസത്യങ്ങളും എത്ര മധുരതരമായി പുറത്തേക്ക് ഒഴുക്കിയാലും അതിന്റെ കാലഘട്ടം കുറച്ചു നേരത്തേക്കു മാത്രം. എന്നെങ്കിലും ഒരിക്കൽ അവയൊക്കെ മറ നീക്കി പുറത്തു വരുമ്പോൾ, പിന്നീടുള്ള ആ വ്യക്തിയുടെ ജീവിതം, ഈ ഭൂമിയിൽ വളരെ ദുസ്സഹമായിരിക്കും. 

നാവ്‌, വളരെ ചെറിയ ഒരു അവയവം ആണെങ്കിലും, അതിന്റെ ശക്തി അപാരമാണ്. 

മനുഷ്യരുടെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്താൻ വാക്കുകൾക്ക് കഴിയും. മനസ്സിന്റെ മുറിവുകളെ സുഖപ്പെടുത്താനും, മനുഷ്യ മനസ്സുകളിൽ നീണ്ട മുറിവുകൾ സൃഷ്ടിക്കാനും വാക്കുകൾക്ക് കഴിയും. 

എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ, അവരുടെ ജീവിതത്തിൽ നിന്ന്, ഒരു വർഷം കൂടി കൊഴിഞ്ഞു വീഴാൻ പോകുന്നു. അതായത്, ആയുസ്സിന്റെ പുസ്തകത്തിൽ നിന്ന് ഒരു താളു കൂടി നഷ്ടപ്പെടുകയാണ്. പുതിയ ഒരു താളിലേക്ക് ജീവിതം എഴുതപ്പെടാൻ പോകുന്നു. ചെയ്തു കൂട്ടിയ തെറ്റുകൾ, വിഡ്ഢിത്തരങ്ങൾ ഒന്നും പുറകോട്ട് ഒരു യാത്ര നടത്തി, എല്ലാം മായ്ക്കാനും... തിരുത്താനും ഒരു അവസരം ആർക്കും ലഭിക്കാൻ പോകുന്നില്ല. 

എന്നാൽ, മുന്നോട്ടുള്ള ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ പറ്റും. കാലമേറെ മുന്നിൽ ഇല്ലായെങ്കിലും. നന്മ വേണോ? തിന്മ തുടരണോ? ഓരോരുത്തർക്കും തീരുമാനിക്കാം. തിന്മകളെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക്, തങ്ങളെ വരിഞ്ഞു മുറുക്കിയിരിക്കുന്ന നിരവധി പൈശാചിക ബന്ധനങ്ങളെ പൊട്ടിച്ചെറിയേണ്ടി വരും. അതിനു ചില വിലകൾ കൊടുക്കേണ്ടിയും വരും. അതിനുള്ള കരുത്ത് അവരുടെ മനസ്സിനുണ്ടെങ്കിൽ എല്ലാം ശുഭമായി ഭവിക്കും. തീരുമാനങ്ങൾ ഓരോരുത്തരുടെയും വ്യക്തിത്വത്തെ ആശ്രയിച്ചിരിക്കും. 

 

നല്ലൊരു പുതുവർഷം എല്ലാവർക്കും ആശംസിക്കുന്നു. സ്വന്തം ജീവിതത്തിലും, കൂടെയുള്ള മറ്റുള്ളവരുടെ ജീവിതത്തിലും നന്മകൾ, സന്തോഷങ്ങൾ, സമാധാനം ഇവയൊക്കെ പ്രദാനം ചെയ്യാനുള്ള ഒരു നല്ല മനസ്സ്... മനസ്സാക്ഷി ഉണ്ടാകട്ടെ. 

"എനിക്കു വേണം നല്ലൊരു ജീവിതം, 

നിനക്കുമേകണം ഞാൻ നല്ലൊരു ജീവിതം" എന്നു ചിന്തിക്കുന്നവർക്കു ജീവിതവും, സർവേശ്വരനും, ധാരാളം നന്മകൾ നൽകും. 

 

ഓമന ജോൺ

annalamannil.com