ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്ഥാനവും പാർട്ടി അംഗത്വവും രാജിവച്ച് ദേവന്‍
ആലപ്പുഴ: സിനിമാ താരം ദേവൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്ഥാനവും പാർട്ടി അംഗത്വവും രാജിവച്ചു. ആലപ്പുഴ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ വച്ചാണ് അദ്ദേഹം തൻ്റെ രാജി പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുവിൻ്റെ ആശയങ്ങൾ പിന്തുടർന്ന് പ്രവർത്തിക്കാനാണ് തൻ്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘ബിജെപിക്ക് വേണ്ടി ഞാൻ അഗ്രസീവായി പ്രവർത്തിച്ചു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിൻ്റെ വിജയത്തിന് എൻ്റെ സംഭാവന ഉണ്ടായിരുന്നതായി അദ്ദേഹം സമ്മതിക്കും. അത്രയും സംഭാവന ഞാൻ നൽകിയിരുന്നു. ഞാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവൻ്റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്നതാണ്. അത് നടപ്പാക്കാൻ തനിക്ക് കഴിയുന്നില്ല. എൻ്റെ ലൈൻ ഇതല്ലെന്ന് എനിക്ക് മനസിലായി"-ദേവന്‍ പറഞ്ഞു.
രാജി തീരുമാനം ഏതാനും മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തേ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും ആ പ്രശ്‌നങ്ങളിലേക്ക് താനിപ്പോൾ കടക്കുന്നില്ലെന്നും ദേവൻ പറഞ്ഞു. ഔദ്യോഗികമായ രാജി കത്ത് ഉടൻ തന്നെ ബിജെപി സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയിൽ സജീവമായി പ്രവർത്തിച്ചിരുന്ന ദേവന്‍റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം രാഷ്ട്രീയ രംഗത്തും ശ്രദ്ധ നേടിയിട്ടുണ്ട്. സിനിമാ രംഗത്ത് നിന്നെത്തിയ ദേവൻ രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ദേവൻ്റെ അപ്രതീക്ഷിത രാജി സംസ്ഥാന ബിജെപിയിൽ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.
2021 മാർച്ചിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ദേവൻ തൻ്റെ പാർട്ടിയായ കേരള പീപ്പിൾസ് പാർട്ടി ബിജെപിയിൽ ലയിപ്പിച്ചത്. 2023 ഡിസംബറിൽ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റായി ദേവനെ നിയമിച്ചു. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായായി കെ സുരേന്ദ്രനാണ് ദേവനെ ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്‌തത്.
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായായിരുന്നു ഈ തീരുമാനം. എന്നാൽ, ബിജെപിയിൽ ചേർന്നതിന് ശേഷം പാർട്ടിയിൽ നിന്ന് തനിക്ക് അർഹമായ പരിഗണനയോ അവസരങ്ങളോ ലഭിച്ചില്ലെന്ന സൂചനകളാണ് അദ്ദേഹത്തിൻ്റെ വാക്കുകളിലുള്ളത്. കണിച്ചുകുളങ്ങരയില്‍ നടന്ന ഒരു ചടങ്ങില്‍ അപ്രതീക്ഷിതമായി ആയിരുന്നു ദേവന്‍റെ രാജി പ്രഖ്യാപനം