ഡിറ്റക്ടീവ്‌ പോള്‍: തനിനാടൻ , പോൾ ചാക്കോ, ന്യൂയോർക്ക്

ഡിറ്റക്ടീവ്‌ പോള്‍:  തനിനാടൻ , പോൾ  ചാക്കോ, ന്യൂയോർക്ക്

''മാധവന്‍ നായര്‌ തൂങ്ങി മരിച്ചു. കൊച്ചമ്മ അറിഞ്ഞാരുന്നോ'' രാവിലെ പാലുമായ്‌ വന്ന രമണിയാണ്‌ ആദ്യം വാര്‍ത്ത പുറത്ത്‌വിട്ടത്‌.

കൊച്ചമ്മ എന്ന്‌ രമണി വിളിച്ചത്‌ എന്‍റെ അമ്മയെ ആണ്‌. കട്ടിലില്‍ പാതി ഉണര്‍ന്ന്‌ കിടന്നിരുന്ന ഞാന്‍ അത്‌ കേട്ടതും പൊടുന്നനെ മുഴുവന്‍ ഉണര്‍ന്നു.

''ഏത്‌ മാധവന്‍ നായര്‌?'' കുപ്പിയിലെ പാല്‌ മേടിച്ച്‌ ചട്ടിയില്‍ ഒഴിക്കുന്നതിനിടയില്‍ വലിയ താല്‍പര്യം കാണിക്കാതെ അമ്മച്ചി ചോദിച്ചു.

അമ്മച്ചിക്ക്‌ രാവിലെ ഫേസ്‌ ബുക്ക്‌ നോക്കാന്‍ സമയം കിട്ടി കാണില്ല.

''അരുവിക്കുഴി മാധവന്‍ നായര്‌. മാധവന്‍ നായരെ അറിയാത്ത ആരാ ഈ നാട്ടില്‍''

രമണി അമ്മച്ചിയെ പുച്ഛഭാവത്തില്‍ ഒന്ന്‌ നോക്കീട്ട്‌ പറഞ്ഞു. രാത്രി ഉടുത്തു കിടന്ന ലുങ്കി തറയില്‍ നിന്നും തപ്പിയെടുത്ത്‌ അരയില്‍ വാരി വലിച്ചു ചുറ്റി ഞാന്‍ എണീറ്റ്‌ അടുക്കള ഭാഗത്തേക്ക്‌ ചെന്നു. രമണിയൊ സുമതിയോ ശ്യാമളയോ ഒക്കെ പണിക്ക്‌ വരുമ്പഴേ ഞാന്‍ അടുക്കള ഭാഗത്തേക്ക്‌ ചെല്ലാറുള്ളു. അല്ലേല്‍ ബീഡി കത്തിക്കാന്‍. അതൊക്കെ അമ്മച്ചിക്കും അറിയാവുന്നതിനാല്‍ ഞാന്‍ വരുന്നതിന്‌ മുന്‍പേ അമ്മച്ചി അവരെ പറഞ്ഞുവിടാറാ പതിവ്‌.

പക്ഷെ രമണി എന്‍റെ സഹപാഠിയാണ്‌. സുന്ദരി. കവിളില്‍ മറുക്‌. പുഞ്ചിരിക്കുമ്പോള്‍ നുണക്കുഴി. ഉറക്കെ ചിരിക്കുമ്പോള്‍ പളുങ്ക്‌
നിലത്ത്‌ വീണ്‌ ചിതറുന്ന സ്വരം. നിരയൊത്ത പല്ലുകള്‍.

വെറുമൊരു ലുങ്കിയില്‍ മാറു മറയ്‌ക്കാത്ത എന്നെ കണ്ടപ്പോള്‍ രമണിക്കും എനിക്കും നാണം.

രമണിയെ പറ്റി വിശദമായി പിന്നീടൊരിക്കല്‍ പറയാം, നമ്മള്‌ പറഞ്ഞുവന്ന വിഷയം അതല്ലല്ലോ.

അരുവിക്കുഴി മാധവന്‍ നായര്‍ കുടുംബസമേതം പുലിക്കല്ലില്‍ കുടിയേറി പാര്‍ത്തിട്ട്‌ ഒന്നര അല്ലേല്‍ രണ്ടു വര്‍ഷം ആയിക്കാണും.
വലിയ തോട്ടിലെ മര്‍മ്മപ്രധാനമായ ഒരു കയമാണ്‌ അരുവിക്കുഴി. അതിന്‍റെ അരികത്തായി മുക്കാല്‍ ഏക്കര്‍ സ്ഥലം മേടിച്ച്‌ താമസം
ഉറപ്പിച്ചതിനാല്‍ സ്വാഭാവികമായും അവരുടെ വീട്ടുപേര്‌ ''അരുവിക്കുഴി'' എന്നായതാണ്‌.

മാധവന്‍ നായരുടെ വീട്ടില്‍ അങ്ങേരുടെ പ്രായത്തിലും വളരെ ഇളപ്പമായ ഭാര്യ ഈശ്വരിയമ്മ, നാല്‌ പെണ്മക്കള്‍, ഒരു മകന്‍
എന്നിവരാണ്‌ ഉള്ളത്‌. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ രണ്ടാമത്തേതും മൂന്നാമത്തേതും കാണാന്‍ വര്‍ക്കത്തുള്ളവ. അമ്മയുടെ പ്രതിരൂപം. മൂത്തത്‌ കണക്കാ. ഇളയതിനെ പറ്റി ആധികാരികമായി ഒരഭിപ്രായം പറയാറായിട്ടില്ല. മൊട്ടേന്ന്‌ വിരിഞ്ഞിട്ടില്ല. വരട്ടെ, സമയം ഇനീംഉണ്ടല്ലോ.

*****
മാധവന്‍ നായര്‍ തൂങ്ങി മരിക്കുമ്പോള്‍ ഞാന്‍ എട്ടിലോ ഒന്‍പതിലോ പഠിക്കുന്നു. അന്നൊക്കെ ധാരാളം വായിക്കുന്ന ഒരു ശീലമുണ്ടായിരുന്നുഎനിക്ക്‌.

വൈകുന്നേരം സ്‌കൂള്‌ വിട്ടു വീട്ടില്‍ വന്നാല്‍ ഒരു മിനിറ്റ്‌ പോലും കളയാതെ വീടിന്‍റെ അരമതിലില്‍ കയറി ഇരുന്ന്‌ കണ്ണില്‍ ഇരുട്ട്‌
കയറുന്നിടം വരെ വായിക്കും. മംഗളം, മനോരമ, മാതൃഭൂമി, ബാലരമഎന്നിവയൊക്കെ എനിക്ക്‌ വളരെ ഇഷ്ട്‌ടപ്പെട്ട പുസ്‌തകങ്ങളായിരുന്നു. കാനം, പൊന്‍കുന്നം വര്‍ക്കി, മുട്ടത്ത്‌ വര്‍ക്കി, പെരുമ്പടവം എന്നിവരെക്കാള്‍ ഒക്കെ എനിക്കിഷ്ട്‌ടം കോട്ടയം പുഷ്‌പ്പനാഥ്‌ ആയിരുന്നു.

അദ്ദേഹത്തിന്‍റെ നായകനായ ഡിറ്റക്ടീവ്‌ പുഷ്‌പ്പരാജിന്‍റെ ആറടി പൊക്കം, ഷൂസ്സില്‍ നിന്നും ഉതിര്‍ക്കുന്ന വെടിയുണ്ട, ചുണ്ടില്‍
എപ്പോഴും എരിയുന്ന ഹാഫ്‌എകൊറോണ, വിയര്‍പ്പുകണങ്ങള്‍ പൊടിയുന്ന വിശാലമായ നെറ്റിത്തടം, ഉരുക്ക്‌ മുഷ്ട്‌ടികള്‍ ഒക്കെ
എനിക്ക്‌ ഹരമായിരുന്നു.

എത്ര കൊതുക്‌ കടി സഹിച്ചാലും വായനക്കാരെ മുള്‍മുനയില്‍ നിറുത്തുന്ന ``തുടരും'' എന്ന വാക്ക്‌ വരെ വായിച്ചിട്ടെ ഞാന്‍
പുരക്കുള്ളില്‍ കയറാറുള്ളായിരുന്നു.

എന്‍റെ മനസ്സില്‍ ഒരു കുറ്റാന്വേഷകന്‍ ഞാന്‍ അറിയാതെ രൂപം കൊള്ളുകയായിരുന്നു.

***
മാധവന്‍ നായര്‍ തൂങ്ങി നില്‍ക്കുന്നത്‌ കാണാന്‍ ആബാലവൃദ്ധം ജനങ്ങള്‍ തടിച്ചു കൂടി. കാരണം ഞങ്ങടെ പുലിക്കല്ല്‌ പോലുള്ള ഒരു
ഗ്രാമത്തില്‍ കൊലപാതകം, ആത്മഹത്യ, കത്തിക്കുത്ത്‌, പിടിച്ചുപറി, പെണ്‍വാണിഭം എന്നിങ്ങനെ പുറത്തുപറയാന്‍ കൊള്ളാവുന്ന
ആകര്‍ഷണീയമായ കുറ്റകൃത്യങ്ങള്‍ ഒന്നുമേ നടക്കാറില്ല.

ഇതിപ്പൊ നല്ലപ്പൊ ആണ്‌ ഒരാള്‍ തൂങ്ങി മരിക്കുന്നത്‌. അതൊരു ആഘോഷമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇന്നാരുന്നെങ്കില്‍ ഒരു
സെല്‍ഫിക്കുള്ള വകയുണ്ടാരുന്നു.

പറമ്പിന്‍റെ തെക്കേ അറ്റത്തുള്ള തെങ്ങിലാണ്‌ മാധവന്‍നായര്‍ തൂങ്ങി കിടക്കുന്നത്‌. തെങ്ങില്‍ തൂങ്ങി മരിക്കാനുള്ള സാദ്ധ്യതകള്‍ പലരും തള്ളി കളയുന്നുണ്ട്‌. മരണവെപ്രാളത്തില്‍ തെങ്ങിന്‍ തടിയില്‍ പിടിച്ചു കയറുമത്രേ. ചാകില്ല.

കൊന്നു കെട്ടി തൂക്കിയവര്‍ അത്രേം ചിന്തിച്ചുകാണില്ല.
''ദുഖാര്‍ത്തരായ'' ഭാര്യയും മക്കളും മൃതശരീരത്തിന്‌ ചുറ്റും നിന്ന്‌ പൊതിഞ്ഞു പിടിച്ച തോര്‍ത്തിനുള്ളില്‍ കണ്ണീര്‍ വാര്‍ക്കുന്നു. അലറി വിളിച്ച്‌ വാവിട്ടുകരയാനുള്ള സമയം ആയിട്ടില്ല. ആളുകള്‍ കൂടട്ടെ. എന്തിനാ ഇപ്പഴേ എനര്‍ജി മുഴുവന്‍ കളയുന്നത്‌.

മെമ്പര്‍ തേന്മാക്കല്‍ കറിയാച്ചന്‍ ധശരിക്കുള്ള പേരല്ലപ വിളിച്ചു വരുത്തിയ മണിമല എസ്‌. ഐ ഗംഗാധരന്‍ സ്ഥലത്തെത്തി.


അരുവിക്കുഴിയില്‍ പോലീസ്‌ ജീപ്പ്‌ എത്താനുള്ള സംവിധാനം ഇല്ലാത്തതില്‍ അദേഹത്തിന്‌ അമര്‍ഷമുണ്ട്‌ പക്ഷെ മെമ്പര്‍ കറിയാച്ചന്‍
പറഞ്ഞാ വരാതിരിക്കാന്‍ പറ്റില്ലല്ലോ. അതിനാല്‍ പുലിക്കല്ല്‌ കവലേല്‍ ജീപ്പ്‌ ഇട്ടിട്ട്‌ ഏകദേശം അര കി. മി നടന്നാണ്‌ പാവം ഏമാന്‍
കഷ്ടപ്പെട്ട്‌ അരുവിക്കുഴിയില്‍ എത്തിയത്‌.

വന്ന ഉടനെ ഒട്ടും സമയം കളയാതെ അദേഹം ഔദ്യോഗിക കൃത്യനിര്‍വഹണത്തിലേക്ക്‌ തിരിഞ്ഞു. ആദ്യം എഫ്‌. ഐ. ആര്‍.
പിന്നെ വീട്ടുകാരെ ചോദ്യം ചെയ്യല്‍.

''ഏമാനേ രക്ഷിക്കണേ'' എന്നുള്ള ഈശ്വരിയമ്മയുടെ രോദനത്തില്‍ ഒരു നിമിഷം അടിപതറിയ എസ്‌. ഐ. ആത്മസംയമനം വീണ്ടെടുത്ത്‌ അലറി
''നിന്നെ ഇപ്പ ഞാന്‍ രക്ഷിക്കാം. അങ്ങോട്ട്‌ മാറി നില്‍ക്കടി പൂ...'' എസ്‌. ഐ പറഞ്ഞപോലെ ഈശ്വരിയമ്മ മാറി നിന്നു.

എന്നിട്ട്‌ കറിയാച്ചനെ ഒന്ന്‌ പാളി നോക്കി. ''ഇതിനാണോ പറഞ്ഞ കാശ്‌ ഈ നാറിക്ക്‌ എണ്ണി കൊടുത്തത്‌'' എന്ന ഭാവത്തില്‍.


''എല്ലാം ശരിയാക്കാം'' കറിയാച്ചന്‍ കണ്ണിറുക്കി കാണിച്ചു.

എസ്‌. ഐ സ്ലോ മോഷനില്‍ തെങ്ങില്‍ തൂങ്ങി കിടന്ന മാധവന്‍ നായരുടെ അടുത്തെത്തി. എന്നിട്ട്‌ ലാത്തി കൊണ്ട്‌ അപ്പഴും മടക്കിക്കുത്ത്‌ അഴിയാതിരുന്ന മാധവന്‍ നായരുടെ മുണ്ടൊന്നുപൊക്കി നോക്കി.

 ഒരു നിമിഷം. എല്ലാം വീക്ഷിച്ചിട്ട്‌ എസ്‌. ഐ മുണ്ട്‌ താഴെ ഇട്ടു. ആത്മഹത്യ ചെയ്യുന്നവര്‍ മരണ വെപ്രാളത്തില്‍ അറിയാതെ ഒന്നും രണ്ടും സാധിക്കുമത്രേ. അതായിരുന്നു എസ്‌. ഐ മുണ്ടുപൊക്കി നോക്കിയത്‌ എന്ന്‌ പിന്നീട്‌ ചേട്ടന്‍ തോമസ്‌ പറഞ്ഞപ്പഴാ എനിക്ക്‌മനസ്സിലായത്‌.

കുറ്റാന്വേഷക ചിന്തകളില്‍ അമിതമായ ആവേശം കാണിച്ചിരുന്ന എനിക്ക്‌ പിടിച്ചിട്ട്‌ നിന്നില്ല. എന്നിലെ പുഷ്‌പരാജ്‌ സടകുടഞ്ഞ്‌
എഴുന്നേറ്റു. എസ്‌. ഐയുടെ കണ്ണു തെറ്റിയ സമയം നോക്കി നിലത്തു കിടന്ന ഒരു വടിയെടുത്ത്‌ മാധവന്‍ നായരുടെ മുണ്ട്‌ ഞാനുമൊന്ന്‌പൊക്കിനോക്കി.

 
എന്നിട്ട്‌ ഞാന്‍ കൈയില്‍ കരുതിയ ഡയറിയില്‍ പുഷ്‌പ്പരാജ്‌ ശൈലിയില്‍ എന്തോ കുത്തിക്കുറിച്ചു.


''ആരാടാ അത്‌. നിക്കടാ അവിടെ''...

എസ്‌. ഐ ആണ്‌. അയാളെ ഞാന്‍ അനുകരിക്കാന്‍ ശ്രമിച്ചത്‌ അയാള്‍ കണ്ടിരിക്കുന്നു. പോലീസിന്‍റെ കൈയില്‍ എന്നെ കിട്ടിയാല്‍ മാധവന്‍ നായരുടെ ആത്മഹത്യ പോലും എന്നില്‍ കെട്ടിവക്കാന്‍ അധികാരമുള്ളവരാണ്‌ പോലീസ്സുകാര്‍ എന്ന തിരിച്ചറിവ്‌ എനിക്കുണ്ടായിരുന്നതിനാല്‍ ഇടംവലം നോക്കാതെ ഞാന്‍ ഓടി.


ഈശ്വരിയമ്മയും ദുരൂഹനായ ഏതോ സഹായിയും കൂടി തെങ്ങില്‍ കെട്ടിത്തൂക്കിയ മാധവന്‍ നായരുടെ മരണം ഒടുവില്‍
ആതമഹത്യയായി സ്ഥിരീകരിക്കപ്പെട്ട്‌ കേസ്‌ ക്ലോസ്‌ ചെയ്‌തു.

കൃത്യം ചെയ്‌ത ആരും തന്നെ ആ കേസ്സില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ല എങ്കിലും ആ കുടുംബത്തിന്‍റെ തകര്‍ച്ച അവിടെ
ആരംഭിക്കുകയായിരുന്നു.