ആൺകുട്ടികളുടെ മാതാപിതാക്കളറിയാൻ: ലേഖനം, മിനി സുരേഷ്

ആൺകുട്ടികളുടെ മാതാപിതാക്കളറിയാൻ: ലേഖനം, മിനി സുരേഷ്



                                     

 മൂഹത്തിനും,കുടുംബത്തിനും മുതൽകൂട്ടായി മക്കൾ വളർന്നു വരണമെന്ന പ്രതീക്ഷയോടെയാണ് ഓരോ മാതാപിതാക്കളും കുഞ്ഞുങ്ങളെ വളർത്തുന്നത്. ഇന്നത്തെ അണു കുടുംബങ്ങളിൽ ആൺകുട്ടിയായാലും, പെൺകുട്ടിയായാലും ഏറെ ലാളിച്ചു വളർത്തുന്ന രീതിയാണ് കണ്ടു വരുന്നത്.


    മദ്യവും, മയക്കുമരുന്നും സുലഭമായി ലഭിക്കുന്ന ഇക്കാലത്ത് ആൺകുട്ടികളെ നല്ല പൗരന്മാരാക്കിവളർത്തുന്നതിൽ മാതാപിതാക്കൾ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പല ക്രിമിനൽ കുറ്റങ്ങളിലും എത്തിപ്പെടുന്ന ആൺകുട്ടികളുടെ കുടുംബ പശ്ചാത്തലം പരിശോധിച്ചാൽ പഴമക്കാർ പറഞ്ഞിട്ടുള്ളതു പോലെ ചോറിനൊപ്പം ,ചൊല്ലും പകർന്നു കൊടുക്കുവാൻ മാതാപിതാക്കൾക്ക് സാധിച്ചിട്ടില്ലെന്ന ഖേദകരമായവസ്തുത മനസ്സിലാകും.
 
മൂന്നു വയസ്സിനും .ഏഴു വയസ്സിനുമിടയിലുള്ളപ്രായത്തിലാണ് കുട്ടികൾ ചുറ്റുപാടുമുള്ള കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കി തുടങ്ങുന്നത്.
അച്ഛനും, അമ്മയും പരസ്പരവും, മറ്റുള്ളവരോടുംപെരുമാറുന്ന രീതികൾ ശ്രദ്ധിക്കുകയും അതുപോലെ അനുകരിക്കുവാൻ കുട്ടി ശ്രമിക്കുകയും ചെയ്യുന്നു.
  വീട്ടിൽ അച്ഛൻ അമ്മയോട് അവഗണനയോടെ, വീട്ടുജോലികളിൽ സഹായിക്കാതെ അധികാരപൂർവംപെരുമാറുന്ന ആളാണെങ്കിൽ അതിൻറെ പ്രതിഫലനമാകും അവൻ സ്വന്തം പങ്കാളിയോടുംവളർന്നു വരുമ്പോൾ കാണിക്കുന്നത്. അതിനാൽആൺകുട്ടികളുടെ വളർച്ചയിലെ ആദ്യപാഠംശാന്തിനിറഞ്ഞ ഗൃഹാന്തരീക്ഷവും,ഏതുഘട്ടത്തിലും സ്നേഹത്തോടെയും ഐക്യത്തോടെയും വർത്തിക്കുന്ന മാതാപിതാക്കളും  തന്നെയാണ്.

 ലിംഗവ്യത്യാസത്തിൻറെ അടിസ്ഥാനത്തിൽ പെൺകുട്ടികളേയും.ആൺകുട്ടികളേയും രണ്ടുവിഭാഗങ്ങളാക്കി പരിഗണിക്കുന്നത് തീർച്ചയായും ഒഴിവാക്കേണ്ടതാണ്. "കരയുവാൻ നീ പെണ്ണാണോ,പെൺകുട്ടികളല്ലേ പാവ കൊണ്ടു കളിക്കുന്നത്തുടങ്ങിയ നിർദോഷമായ കമൻറുകൾ പോലും
ചെറിയ ആൺകുട്ടികളുടെ മനസ്സിൽ വിപരീത ചിന്തകളാണ് ഉളവാക്കുന്നത്‌. ഒരാൺകുട്ടി സഹജീവികളായ പെൺകുട്ടികളോട് തുല്യതയോടെയും,ബഹുമാനത്തോടെയും പെരുമാറുന്നുണ്ടെങ്കിൽ അതിൻറെ മുഴുവൻ ക്രെഡിറ്റും മാതാപിതാക്കൾക്കു തന്നെ ഉള്ളതാണ്.


 പങ്കാളിയായി വരുന്ന പെൺകുട്ടിയെ ഭക്ഷണം ഉണ്ടാക്കിത്തരാനുള്ള ആളും, ഭോഗവസ്തുവുമായി മാത്രം കാണുന്ന
കാഴ്ചപ്പാടൊക്കെ എന്നേ തുടച്ചു നീക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.അത്യാവശ്യം ചായ ഉണ്ടാക്കുവാനും,പാചകം ചെയ്യുവാനും ഒക്കെ
ആൺ കുട്ടികളെ പഠിപ്പിക്കണം.മുറി അടുക്കി വയ്ക്കുവാനും, വീട്ടു ജോലികളിൽ സഹായിക്കുവാനുമൊക്കെ ശീലിച്ചാൽ  ഭാര്യയും,
ഭർത്താവും ഒരു പോലെ പുറത്ത് ജോലിക്കു പോകുന്ന ഇക്കാലത്ത് അവരുടെ ദാമ്പത്യത്തിന് അത്  ഗുണം ചെയ്യും.


 നല്ലതും,ചീത്തയുമായ സ്പർശനങ്ങളെക്കുറിച്ച് കുഞ്ഞുമനസ്സിൽ പേടി നിറക്കാതെ ചെറുപ്പത്തിലേ തന്നെ കുട്ടികൾക്ക് ധാരണ നൽകണം. എന്തും തുറന്നു പറയുവാനുള്ള സ്വാതന്ത്ര്യവും അവനുണ്ടാകണം. ആൾക്കൂട്ടത്തിനിടക്കു വച്ച്  ഒരു പെൺകുട്ടി വളരെ മോശമായ രീതിയിൽ സ്പർശിച്ച ഒരനുഭവവും
അതുമൂലം കുറെക്കാലം നല്ല മാനസ്സിക വിഷമം തോന്നിയിരുന്നതായും ഒരിക്കൽ എൻറെ സഹോദരൻ പറഞ്ഞതായോർക്കുന്നു.

പെൺകുട്ടികളെപ്പോലെ തന്നെ ആൺകുട്ടികളെയുംഅപായപ്പെടുത്തുവാൻ പല ചതിക്കുഴികളും നെറ്റിലൂടെയും,അല്ലാതെയുമായി കാത്തിരിക്കുന്നുണ്ട്. കൂടുതൽ സമയം മൊബൈലിലും, ഇൻറർനെറ്റിലും ചിലവഴിക്കാതെ
വായനയുടെ ലോകത്തേക്കു കൂടി അവരെ നയിക്കണം. പ്രണയം നടിച്ചു വശത്താക്കി ബ്ലാക്ക് മെയിലിംഗ്, മദ്യ. മയക്കുമരുന്നു ലോബികൾ ..അങ്ങനെ ഒരുപാടുഅപകടങ്ങൾ ഇന്ന് കുട്ടികളെ വല വീശി കാത്തിരിക്കുന്നുണ്ട്. വീട്ടിൽ ഏതു കാര്യവും തുറന്നു പറയുവാനുള്ള
സ്വാതന്ത്ര്യവും, ശകാരത്തിനു പകരം സ്നേഹവും തൻറെ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുമെന്നൊരു ആത്മവിശ്വാസവുമുണ്ടെങ്കിൽ ആൺകുട്ടികൾ വഴിതെറ്റിപ്പോവില്ല എന്നു തന്നെയാണ് ഒരു ആൺകുട്ടിയുടെ മാതാവെന്ന നിലയിൽ എൻറെ അനുഭവം.

 ആരെ വളർത്തുവാനാണെളുപ്പം? ആൺ കുട്ടികളെയോ, പെൺകുട്ടികളെയോ?

ഓരോ കുട്ടിയും ഓരോ വ്യക്തിയാണ് എങ്കിലും പല കാര്യങ്ങളിലും ആൺകുട്ടികളും പെൺകുട്ടികളും വ്യത്യസ്തരാണ്. മകനെയോ ,മകളെയോ രണ്ടുതട്ടിലാക്കി വളർത്തുന്ന പഴയ കാലത്തെ പ്രവണത ഒരിക്കലും പിൻതുടരരുത്. സഹോദരനും, സഹോദരിയും തമ്മിൽ ഊഷ്മള സൗഹൃദമായിരിക്കണം ഉണ്ടാവേണ്ടത്.
പല ആൺകുട്ടികൾക്കും ദിവസം മുഴുവനും പുസ്തകത്തിൽ ശ്രദ്ധചെലുത്തുക ബുദ്ധിമുട്ടാണ്.

ചെറുപ്പത്തിൽ പഠനത്തിൽ താല്പര്യം കാണിക്കാത്ത ആൺകുട്ടികൾ പിന്നീട് പെൺകുട്ടികളെക്കാൾ പഠനത്തിൽ മുന്നേറുന്നതു കണ്ടിട്ടുണ്ട്.
 പതിമൂന്നു മുതൽ പതിനെട്ടു വരെയുള്ള പ്രായത്തിൽ മാതാപിതാക്കൾ കൂടുതൽ ജാഗരൂകരായിരിക്കണം. അത്രയും കാലം കുസൃതികൾ ഒക്കെ പെൺകുട്ടികളെക്കാൾകൂടുതലായി കാണിക്കുമെങ്കിലും   കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമ്പോൾ അവർ ശ്രദ്ധ പുലര്ത്താറുണ്ട് .
കൗമാരത്തിലെത്തുമ്പോൾ സുഹൃത്തുക്കളുടെ വാക്കുകൾക്ക് കൂടുതൽ മുൻതൂക്കം കൊടുക്കുകയുംബൈക്ക് യാത്രയോടും,സാഹസികമായ കാര്യങ്ങളോടും എല്ലാം ഭ്രമം കൂടുകയും ചെയ്യുന്നത് സാധാരണ നമ്മുടെ നാട്ടിൽ കണ്ടു വരുന്നതാണ്.ഈ സമയത്ത് ആൺ കുട്ടികളുടെ മാതാപിതാക്കളുടെ ഉള്ളിൽ ശരിക്കും തീ തന്നെയായിരിക്കും.


പ്രണയബന്ധങ്ങളുടെ സ്വീകാര്യതയും,തിരസ്കരണവും സമചിത്തതയോടെ ഉൾക്കൊള്ളുവാൻ അവരെകരുത്തരാക്കണം. ഇഷ്ടപ്പെടുന്ന പെൺകുട്ടിയുടെ നേർക്ക് ആസിഡ് ഒഴിക്കുകയോ, പെട്രോൾ ഒഴിച്ച് തീകൊളുത്തുകയോ ചെയ്യുന്നതല്ല യഥാർത്ഥസ്നേഹം എന്നു കൂടി മാതാപിതാക്കൾപഠിപ്പിക്കണം. ബോഡി ഇമേജും പെൺകുട്ടികളെപ്പോലെ തന്നെ  ആൺകുട്ടികളെയും സ്വാധീനിക്കുന്ന ഘടകമാണ്.കൂടുതൽ സമയം വ്യായാമത്തിനും ബോഡി ബിൽഡിംഗിനുമൊക്കെയായി ചിലവഴിക്കുന്ന ആൺ കുട്ടികളുമുണ്ട്.


 ആരോഗ്യകരമായ ജീവിതശൈലി ചിട്ടപ്പെടുത്തുന്നതോടൊപ്പം ആത്മവിശ്വാസവുംകുട്ടികളിൽ സ്നേഹത്തോടെ ഊട്ടിയുറപ്പിക്കണം.
മറ്റുള്ളവർ പറയുന്നതിനെ ബഹുമാനിച്ച്ഏതു കാര്യത്തിലും യുക്തിപൂർവ്വമായ നിലപാടുകൾസ്വയം എടുക്കുവാനുള്ള കഴിവാണ് വളർത്തേണ്ടത്.


  കുട്ടിയുടെ നേട്ടങ്ങളും,കോട്ടങ്ങളും മനസ്സിലാക്കിഅവരെ നേരായ ദിശയിലേക്ക് നയിച്ച് ഉത്തമപൗരന്മാരാക്കി മാറ്റേണ്ടത്‌ മാതാപിതാക്കൾക്ക്സമൂഹത്തോടുള്ള ഉത്തരവാദിത്വം കൂടിയാണ്.

 

മിനി സുരേഷ്