രണ്ട് ഋതുകാലമൗനങ്ങൾ:കവിത, ജയമോൾ വർഗ്ഗീസ്

രണ്ട്  ഋതുകാലമൗനങ്ങൾ:കവിത, ജയമോൾ വർഗ്ഗീസ്

ന്നിലെ വാക്കുകളും 

വരികളും ആകാശവും നീ തന്നെയാകുമ്പോൾ.. 

എന്നിൽ നീ മാത്രം

മോഹമായ് നിറയുമ്പോൾ.. 

 

നമുക്കിടയിൽ 

പതഞ്ഞുണരുന്ന വാക്കുകൾക്കുമപ്പുറം..

ആത്മാവുകൾ 

പ്രണയസംഗീതം 

മുഴങ്ങാറുണ്ട്..

 

നിമിഷങ്ങൾ 

പ്രണയവർണ്ണം ചാലിച്ച 

രണ്ട് കവിതകളായ് 

നമ്മിൽ പൂക്കുമ്പോൾ 

ഒരു മാത്ര നീ എന്നിലേയ്ക്കോ 

ഞാൻ നിന്നിലേയ്ക്കോ പരകായപ്രവേശം നേടാറുണ്ട്,.. 

 

നമുക്കിടയിലപ്പോൾ 

ഹൃദയങ്ങളെ ചുംബിച്ച് 

ഭ്രാന്തുകൾ ഘോഷയാത്ര നടത്താറുണ്ട്.. 

 

സ്വപ്നങ്ങളിലപ്പാടെ 

പ്രണയമോഹങ്ങൾ 

തീത്തിറ കെട്ടിയാടാറുണ്ട്..

 

എങ്കിലും പ്രിയമേ..

ചിലപ്പോഴൊക്കെ നമ്മൾ  ആത്മാവുകൾ നിലച്ചവരായ്..

പകലുകൾക്കന്യരായ്..

ഇരുകരകളിൽ 

സ്വപ്നങ്ങൾ കത്തിച്ച് നിസ്സഹായതകളിൽ അന്യരാക്കപ്പെടാറുണ്ട്,..

 

പ്രിയമേ..

കാലത്തിന്റെ കണക്കു പുസ്തകത്തിലെ നീതിയിൽ 

നീയും ഞാനും 

ഇനിയും ജനിക്കാത്ത 

രണ്ട് കവിതകളായ് 

തന്നെ തുടരട്ടെ..

 

തമ്മിൽ ചുംബിക്കാത്ത

 രണ്ട് ഋതുകാല മൗനങ്ങളായ് ..

സ്വപ്നങ്ങളുടെ 

വേരുകൾക്കിടയിൽ 

നാം ഉറങ്ങുമ്പോഴും

 

കൈമാറിയ സ്വപ്നങ്ങളുടെ പട്ടികയിൽ... 

കാലം നമ്മെ

അജ്ഞാത ഭൂഖണ്ഡങ്ങളിൽ

എന്നോ ജീവിച്ചിരുന്ന

മരിക്കാത്ത പ്രണയികൾ 

എന്ന് രേഖപ്പെടുത്തട്ടെ,,

 

           ജയമോൾ വർഗ്ഗീസ്