ഡൽഹിയിലെയും മുംബൈയിലെയും വായു മലിനീകരണം; എത്യോപ്യൻ അഗ്നിപർവത സിദ്ധാന്തം തള്ളി ബോംബെ ഹൈക്കോടതി! സർക്കാരിന് രൂക്ഷ വിമർശനം
മുംബൈ: ഡൽഹിയിലെയും മുംബൈയിലെയും വർധിച്ചുവരുന്ന വായു മലിനീകരണത്തിന്, എത്യോപ്യയിൽ അടുത്തിടെയുണ്ടായ അഗ്നിപർവ്വത സ്ഫോടനത്തിൽ നിന്നുള്ള ചാര മേഘങ്ങളെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. അഗ്നിപർവ്വത സ്ഫോടനത്തിന് വളരെ മുമ്പുതന്നെ ഈ നഗരങ്ങളിലെ വായു ഗുണനിലവാര സൂചിക (AQI) വളരെ മോശമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. മുംബൈയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട് 2023 മുതൽ ഫയൽ ചെയ്ത ഹർജികൾ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണങ്ങൾ നടത്തിയത്.
രണ്ട് ദിവസം മുമ്പ് എത്യോപ്യയിൽ ഉണ്ടായ അഗ്നിപർവ്വത സ്ഫോടനം കാരണമാണ് വായു മലിനീകരണം വഷളായതെന്നായിരുന്നു അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ജ്യോതി ചവാൻ വാദിച്ചത്. എന്നാൽ, ഈ വാദം കോടതി പൂർണ്ണമായും തള്ളി.”ഈ അഗ്നിപർവത സ്ഫോടനത്തിന് മുമ്പുതന്നെ, ഒരാൾ പുറത്തേക്ക് കാലെടുത്തുവച്ചാൽ 500 മീറ്ററിനപ്പുറം കാണാൻ കഴിയാത്ത സ്ഥിതിയായിരുന്നു. അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതിന് വളരെ മുമ്പുതന്നെ വായു ഗുണനിലവാരം മോശമായിരുന്നു,” കോടതി രൂക്ഷമായി വിമർശിച്ചു. ഹർജിക്കാർ ചൂണ്ടിക്കാട്ടിയതുപോലെ മുംബൈയിലെ AQI ഈ മാസം 300-ന് മുകളിലാണെന്നും ബെഞ്ച് വിലയിരുത്തി.
അപകടകരമായ നിലയിലുള്ള ഡൽഹിയിലെ വായുഗുണനിലവാര സൂചികയും ബെഞ്ച് പരാമർശിച്ചു. ഈ ഗുരുതരമായ പ്രശ്നം പരിഹരിക്കാൻ എന്ത് ഫലപ്രദമായ നടപടികൾ സ്വീകരിക്കാനാകുമെന്നും നിലവിലെ മോശം സാഹചര്യം മെച്ചപ്പെടുത്താൻ എന്തുചെയ്യാനാകുമെന്നും കോടതി അധികാരികളോട് ആരാഞ്ഞു