ദൈവനീതി ;കവിത, ഡോ . ജേക്കബ് സാംസൺ
കണ്ണുകള്‍ കെട്ടി
കാതോര്‍ത്തു നില്‌ക്കുന്നു.
നീതിതന്‍ ദേവത
കയ്യില്‍ തുലാസുമായ്
വാമൂടി,മൂക്കും
മറച്ചങ്ങരിക്കുന്നു
ന്യായാധിപന്മാര്‍
നീതി പീഠങ്ങളില്‍
സത്യവും നീതിയും
നഗ്‌നമായ് നില്‍ക്കുന്നു
മൃത്യുവിന്‍ ദുര്‍ഗന്ധ
മെങ്ങും പരക്കുന്നു.
ആഴിത്തിരകള്‍
താണ്ഡവമാടുന്നു
കാറ്റത്തു വന്‍മര
ക്കൂട്ടങ്ങള്‍ വീഴുന്നു
അവസാന ശ്വാസവും
കിട്ടാതെ വമ്പന്മാര്‍
കൊമ്പുകള്‍ കുത്തി
പതിക്കുന്നു ദീനരായ്.
ദൈവം ചിരിക്കുന്നു
ദൈവം കരയുന്നു
സംഹാര ദൂതന്‍
തിരിച്ചു വരുന്നില്ല
ഒരു മഹാമാരിയി
ലെല്ലാമൊടുങ്ങുന്നു
ഒരു വന്‍ പ്രളയത്തി
ലെല്ലാം തകരുന്നു
കെട്ടിയ കണ്ണുകള്‍
എല്ലാം അഴിയുന്നു
മൂടിയ വായക
ളെല്ലാം തുറക്കുന്നു
ദൈവത്തിന്‍ നീതി
പ്രവാഹത്തിന്‍ മുന്നില്‍
പൂര്‍ത്തിയാകാത്ത
വിലാപമമരുന്നു.