കോട്ടയം: ട്വന്റി 20യുടെ ഏറ്റുമാനൂരിലെ സ്ഥാനാർത്ഥി നടി വീണാ നായർക്കും വോട്ടില്ല. ഇതോടെ ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിത്വവും അനിശ്ചിതത്വത്തിലായി. നേരത്തെ പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാർത്ഥി നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍പട്ടികയിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കിയിരുന്നു. കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസവർമ ആയിരുന്നു റോഡ് ഷോ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.
സിനിമാ -സീരിയല്‍- റിയാലിറ്റി ഷോ താരങ്ങള്‍ക്ക് കൂട്ടത്തോടെ സീറ്റ് നല്‍കി ബിജെപി ഘടകകക്ഷിയായ ട്വന്‍റി 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ സിനിമാ താരം അഞ്ജലി നായരാണ് സ്ഥാനാർത്ഥി. ഏറ്റുമാനൂരില്‍ വീണാ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ്, വൈപ്പിനിൽ നര്‍ത്തകിയും നടിയും സംരംഭകയുമായ അനിത തോമസ് എന്നിവരാണ് ട്വന്റി 20 സ്ഥാനാർത്ഥികൾ. തൃക്കാക്കരയില്‍ അഖില്‍ മാരാരെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെയാണ് കൂടുതല്‍ സിനിമ സീരിയല്‍ സോഷ്യല്‍ മീഡിയ താരങ്ങളെ ട്വന്‍റി 20 മത്സരരംഗത്തിറക്കിയത്.