തീയേറ്ററിനുള്ളിൽ കൂട്ടച്ചിരി; Mary Alex (മണിയ)

തീയേറ്ററിനുള്ളിൽ കൂട്ടച്ചിരി;  Mary Alex (മണിയ)

  തീയേറ്റർ  കഥകൾ   5

ഗ്രാമത്തിന്റെ മുഖഛായ മാറി. പല പല കെട്ടിടങ്ങളും തട്ടിക്കളഞ്ഞ് പുതിയവ രൂപം കൊണ്ടു. കൂട്ടത്തിൽ തീയേറ്ററും. പക്ഷെ ഒരു വ്യത്യാസം മാത്രം. ഉണ്ടായിരുന്നത് പോവുകയും ചെയ്തു, പുതിയതൊട്ടു വന്നതുമില്ല.കാലത്തിന്റെ  മാറ്റങ്ങൾ ഞങ്ങളിലും കോലങ്ങൾ വരുത്തിയിരുന്നു.  ഓരോരുത്തർ പഠിപ്പിനനുസരിച്ച് ഓരോ ജോലിയിൽ കയറി,ചിലർ കേരളത്തിനു പുറത്ത്, ചിലർ അകത്തും.

‌ഓരോരുത്തർ വിവാഹിതരായി, മക്കളായി. ജോലി സംബന്ധമായി ഓരോ സ്ഥാനങ്ങളിൽ എത്തിപ്പെട്ട കൂട്ടത്തിൽ ഞാൻ ഇവിടെ തിരുവഞ്ചൂരിലും.

 കോട്ടയത്തെ ഒരു തീയേറ്റർ. പേര്. ‌ഓർമ്മയില്ല പടവും. ഞങ്ങൾ സിനിമക്കു കയറി. ഒപ്പം മകനുണ്ട്. അന്നു മൂത്തമകൻ മാത്രം.കൊച്ചുപ്രായം. പടം തുടങ്ങി. കുഞ്ഞ് ഉറങ്ങിപ്പോയി.ഭർത്താവിന്റെ തോളിൽ കിടക്കുകയും.ഞങ്ങൾ സമാധാനത്തോടെ പിക്ചർ കണ്ടുകൊണ്ടിരുന്നു.തീയേറ്ററിൽ

‌സൂചി വീണാൽ കേൾക്കുന്ന നിശബ്ദത. സ്ക്രീനിൽ അത്തരമൊരു സീൻ ആണുതാനും. വില്ലൻ നായികയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നു.എല്ലാവരുംആകാംക്ഷയോടെ സ്‌ക്രീനിൽ കണ്ണു നട്ടു കാത്തിരിക്കുന്നു എന്താണ് സംഭവിക്കുക എന്നറിയാൻ. പെട്ടെന്നു മോൻ ഉണർന്നു. സ്ക്രീൻ കാണാത്തവിധം ഞങ്ങൾ രണ്ടുപേരും കുഞ്ഞിന്റെ മുഖം മറയ്ക്കാനുള്ള ശ്രമം നടത്തി പക്ഷെ അതു വിഫലമായി. ഒപ്പം അവന്റെ ഉച്ചത്തിലുള്ള ചോദ്യവും ഉയർന്നു.

 

"അച്ചാച്ചാ!ആ അങ്കിൾ ആ ആന്റിയേ എന്തു  ചെയ്യുവാ ?" തീയേറ്ററിനുള്ളിൽ കൂട്ടച്ചിരി  മുഴങ്ങി, ഞങ്ങൾ ഇളിഭ്യരായി ഇരുന്നുപോയി.അന്നു ഞങ്ങൾ ഒരു തീരുമാനമെടുത്തു. തിരിച്ചറിവാകുന്ന പ്രായം വരെ കുഞ്ഞുങ്ങളെയും കൊണ്ട് ഇത്തരം സിനിമക്ക് എന്നല്ല ഒരു സിനിമക്കും പോകരുത്.അല്ലെങ്കിൽ പോകുന്നത് അവർക്കിഷ്ടപ്പെടുന്ന തരത്തിലുള്ളതിനു മാത്രം.

 

തുടരും