ചില കടങ്ങൾ വീട്ടാൻ, പണത്തിനാവില്ല.. : My Musings

ചില കടങ്ങൾ വീട്ടാൻ, പണത്തിനാവില്ല.. : My Musings

 ഓമന ജോൺ 

 

കോളേജ് പഠനകാലം. 

ഹോസ്റ്റലിൽ താമസിക്കുന്ന കാലത്താണ് ഞാൻ അന്ന ചേടത്തിയെ കാണുന്നത്. 

കോൺവെന്റിലെ അടുക്കളയിൽ ആ ചേടത്തി ജോലി ചെയ്തിരുന്നു. ഹോസ്റ്റലിലെ കുട്ടികൾക്ക് റിഫെക്ടറിയിലേക്ക് ഭക്ഷണം കൊണ്ടുവരുന്നതും വിളമ്പി വെക്കുന്നതും അന്ന ചേടത്തിയും സഹായികളായ മറ്റു പെൺകുട്ടികളുമാണ്. 

അന്ന ചേട്ടത്തി സുന്ദരി ആയിരുന്നു.

ഞൊറിയിട്ടുടുത്ത വെള്ള മുണ്ടും, ചട്ടയും ആയിരുന്നു വേഷം. നല്ല ഐശ്വര്യമുള്ള മുഖം. ആ മുഖത്തു വിടരുന്ന ചിരിയും.. പരിഭവവും.. പിണക്കവും, കാണാൻ നല്ല ഭംഗി ആയിരുന്നു. 

എന്താണെന്നറിയില്ല, എനിക്ക് ചേടത്തിയെ വലിയ ഇഷ്ട്ടമായിരുന്നു. അവർക്കെന്നെയും. എനിക്കവരോട് സഹതാപം ആയിരുന്നോ? ചെവി കേൾക്കില്ല. സംസാരിക്കാൻ പറ്റില്ല. എങ്കിലും ആ ആംഗ്യഭാഷ എനിക്ക് മനസ്സിലാകുമായിരുന്നു. ഒത്തിരി കുസൃതികൾ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. എന്തൊക്കെ തമാശുകൾ കാണിച്ചാലും എന്നോട് ഒരു പിണക്കവുമില്ല. 

ഇനി അൽപ്പം സ്വകാര്യം. ധാരാളം ഭക്ഷണം, രഹസ്യമായും...പരസ്യമായും എനിക്കു തന്നിട്ടുണ്ട്. 

വൈകുന്നേരങ്ങളിൽ ചില സമയങ്ങളിൽ ഉഴുന്നുവട, പരിപ്പുവട, ഏത്തക്ക അപ്പം, ഇത്യാദി പലഹാരങ്ങൾ ചായയോടൊപ്പം കാണും. നിയമപരമായിട്ടു കിട്ടുന്ന എന്റെ വീതം ഞാൻ അവിടെയിരുന്നു കഴിക്കും. പിന്നെ, മറ്റുള്ളവരൊക്കെ കഴിച്ചു പോകുന്നതുവരെ അവിടെത്തന്നെ ഞാനും സംഘവും ഇരിക്കും. കാരണം, മറ്റുള്ളവർ റിഫെക്ടറി വിട്ടു പോയിട്ടുവേണം ബാക്കി വരുന്നതൊക്കെ കൈക്കലാക്കാൻ. എന്റെ ഈ കാത്തിരിപ്പിന്റെ ഉദ്ദേശം പൊട്ടിച്ചേടത്തിക്കു അറിയാം. അതുകൊണ്ട്, എല്ലാവരും പോയാലുടനെ ബാക്കി വരുന്ന പലഹാരങ്ങൾ എനിക്കും സംഘത്തിനും തരും. 

എനിക്ക് അസുഖമായാൽ, പനി വന്നാൽ, നല്ല ചൂടു കഞ്ഞി എനിക്കു മുറിയിൽ എത്തും. 

ദൈവം ഉണ്ടോ? മാലാഖമാർ ഉണ്ടോ? ചെറുപ്പകാലങ്ങളിൽ എന്റെ മനസ്സിനെ അലട്ടിയിരുന്ന ഒരു ചോദ്യമാണിത്. പക്ഷെ, കാലങ്ങൾ കടന്നുപോകുമ്പോൾ ജീവിതത്തിൽ പല അവസരങ്ങളിൽ നമ്മൾ മാലാഖമാരെ കണ്ടുമുട്ടും. വീണുപോകുന്ന അവസരങ്ങളിൽ, അവർ നീട്ടിയ കരങ്ങൾ പിടിച്ചു നാം വീഴ്ചകളെ മറികടക്കും. ഓരോ വീഴ്ചകളും നമുക്ക് കൂടുതൽ കരുത്തു നൽകുമെന്നു നാം മനസ്സിലാക്കും. അല്ലാ, പഠിക്കും. ശൈശവത്തിൽ നടക്കാൻ പഠിക്കുമ്പോൾ, കാലുകൾ ഇടറി.. ബാലൻസ് തെറ്റി..നാം വീഴും. ഒന്നല്ല നിരവധി തവണകൾ. അവസാനം, നമ്മൾ നടക്കാൻ പഠിക്കും. അതുപോലെ തന്നെ, ജീവിതത്തിലും ഓരോ വീഴ്ചകളിൽ നിന്നും നമ്മൾ പഠിക്കും. ഇല്ലെങ്കിൽ, ജീവിതം നമ്മെ പഠിപ്പിക്കും. 

ചില കാലങ്ങളിൽ ജീവിതത്തിൽ ദിക്കറിയാതെ, ഏത് ദിശയിലേക്ക് തിരിയണം എന്നറിയാതെ, ചില നാൽക്കവലകളിൽ നമ്മൾ എത്തും. അപ്പോൾ വഴികാട്ടികളായി ചില മനുഷ്യർ നമ്മുടെ അരികിലെത്തും. നമ്മൾ യാത്ര ചെയ്യേണ്ട.. മുന്നോട്ടുള്ള വഴികൾ നമുക്കു കാട്ടിത്തരാൻ. 

ചുറ്റിനും ചുട്ടുപൊള്ളുന്ന കനലിനു നടുവിൽ നാം അകപ്പെടുമ്പോൾ, നമുക്കു പൊള്ളൽ ഏൽക്കാതെ, നമുക്കു ചുറ്റിനും സ്നേഹത്തിന്റെ കുളിർമ്മയുള്ള കാറ്റു വീശി... നമ്മെ പൊതിഞ്ഞു രക്ഷപെടുത്തുന്ന മാലാഖമാർ ഈ ഭൂമിയിൽ ഉണ്ട്. നാം അവരെ തിരിച്ചറിയണം എന്നു മാത്രം. കൂടാതെ, വേണ്ട സമയത്ത് അവരെ നമ്മുടെ അരികിലേക്ക് അയക്കുന്ന ഒരു ദൈവം ഉണ്ടെന്ന സത്യവും നമ്മൾ മനസ്സിലാക്കണം. വിശ്വസിക്കണം. 

ഒത്തിരി നല്ല മനുഷ്യരോട് എനിക്ക് കടപ്പാടുകൾ ഉണ്ട്. അവരെനിക്കു തന്ന സ്നേഹത്തിന്, പിന്തുണക്ക്, പ്രോത്സാഹനങ്ങൾക്ക്, വിലയിടാനാവില്ല. അതെ. ചില കടങ്ങൾ അത്തരത്തിൽ ഉള്ളവയാണ്. അതു വീട്ടാൻ, പണത്തിനാവില്ല. 

 

- ഓമന ജോൺ

annalamannil.com