എഫ്‌സിആര്‍എ നിയമ ഭേദഗതി: ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണം, അമിത് ഷായ്ക്ക് കത്തയച്ച് സിബിസിഐ

Mar 31, 2026 - 19:16
Mar 31, 2026 - 19:17
 0  5
എഫ്‌സിആര്‍എ നിയമ ഭേദഗതി: ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണം, അമിത് ഷായ്ക്ക് കത്തയച്ച് സിബിസിഐ

എഫ്‌സിആര്‍എ നിയമ ഭേദഗതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് കത്തോലിക്ക മെത്രാന്‍ സമിതി(സിബിസിഐ). ബില്ലില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും പുനഃപരിശോധന വേണമെന്നുമാണ് സിബിസിഐയുടെ ആവശ്യം. അമിത്ഷായ്ക്ക് പുറമെ മുഴുവന്‍ ലോക്സഭ, രാജ്യസഭ എംപിമാര്‍ക്കും നിവേദനം നല്‍കി.

ബില്ല് രാജ്യത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും പൗരസമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും സിബിസിഐ വ്യക്തമാക്കി. കൂടാതെ ബില്ല് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണം, ആസ്തി കണ്ടുകെട്ടുന്നത് പോലുള്ള കടുത്ത വ്യവസ്ഥകള്‍ ഒഴിവാക്കുക, ജീവകാരുണ്യ, വിദ്യാഭ്യാസ, മത സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുക, പരാതികള്‍ പരിഹരിക്കുന്നതിനായി സ്വതന്ത്രമായ ഒരു അപ്പീല്‍ അതോറിറ്റി രൂപീകരിക്കുക എന്നിങ്ങനെയാണ് ആവശ്യം.

ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിശദ പരിശോധനയ്ക്കായി വിടണമെന്നും പരാതികള്‍ പരിഗണിച്ച് നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കത്തയച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം നിറുത്തി കേരളത്തിലെ എംപിമാര്‍ ഡല്‍ഹിയിലെത്തി വിഷയത്തില്‍ ഇടപെടണമെന്നാണ് സിബിസിഐ നിലപാട്. ബില്‍ നിയമമായാല്‍ കോടതിയെ സമീപിക്കുമെന്നും സിബിസിഐ മുന്നറിയിപ്പ് നല്‍കി.