പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാന്തപുരം അബൂബക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തി
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
സാമൂഹികം, മാനുഷികം, വിദ്യാഭ്യാസം, വികസനം തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് ഇരുവരും അർത്ഥവത്തായ ചർച്ചകൾ നടത്തി. ന്യൂനപക്ഷ ക്ഷേമം, പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഭവവികാസങ്ങൾ എന്നിവയും ചർച്ചാവിഷയമായി.
'മാനവികതയ്ക്കൊപ്പം' എന്ന പ്രമേയത്തിൽ അടുത്തിടെ കേരളത്തിൽ നടത്തിയ യാത്രയ്ക്കിടെ വിവിധ ജനവിഭാഗങ്ങളിൽ നിന്ന് ലഭിച്ച പരാതികളും നിർദ്ദേശങ്ങളും ഗ്രാൻഡ് മുഫ്തി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വരാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തെക്കുറിച്ചുള്ള സന്ദേശവും അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും ജാമിഅ മർക്കസിന്റെയും നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന്റെ പുരോഗതിക്കും ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുന്നതിനും വലിയ സംഭാവനകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.