ബ്രൂണെ രാജകുമാരൻ വിവാഹിതനായി

ബ്രൂണെ രാജകുമാരൻ വിവാഹിതനായി
ലോകത്തിലെ ഏറ്റവും സമ്ബന്നനായ ബ്രൂണെയുടെ 29-ാമത് സുല്‍ത്താൻ ഹസ്സനല്‍ ബോള്‍കിയയുടെ മകന്‍ വിവാഹിതനായി. മൂത്ത മകനായ അബ്ദുള്‍ മതീൻ രാജകുമാരന്റെ വിവാഹമാണ് കഴിഞ്ഞത്. 29 കാരി യാങ് മുലിയ അനിഷ റോസ്ന എന്ന ഒരു സാധാരണക്കാരിയാണ് വധു. മുസ്ലീം മതാചാര പ്രകാരമുള്ള വിവാഹ ആഘോഷങ്ങള്‍ 10 ദിവസം നീണ്ടുനില്‍ക്കും. തെക്ക് കിഴക്കൻ ഏഷ്യയിലെ ബോര്‍ണിയോ ദ്വീപിന്റെ വടക്കൻ തീരത്തുള്ള ഏറ്റവും സമ്ബന്നമായ രാജകുടുംബത്തിന്റെ അവകാശിയാണ് മതീൻ രാജകുമാരൻ.

ബ്രൂണെയിലെ തലസ്ഥാനമായ ബന്ദര്‍ സെരി ബെഗവാനിലെ സ്വര്‍ണ്ണ താഴികക്കുടമുള്ള പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. നിലവില്‍ ബ്രൂണെ എയര്‍ഫോഴ്‌സില്‍ ഹെലികോപ്റ്റര്‍ പൈലറ്റായി സേവനമനുഷ്ഠിക്കുകയാണ് മതീൻ . വധു ഒരു ഫാഷൻ ബ്രാൻഡിന്റെ ഉടമയും ഒരു ടൂറിസം ബിസിനസിന്റെ സഹസ്ഥാപകയും ആണ്. കൂടാതെ പിതാവായ ബോള്‍കിയയുടെ പ്രധാന ഉപദേശകരില്‍ ഒരാളുടെ ചെറുമകളാണ് വധുവായ അനിഷ റോസ്ന എന്നും റിപ്പോര്‍ട്ടുകളുണ്ട്.

'ഹോട്ട് റോയല്‍' എന്ന് വിശേഷിപ്പിക്കുന്ന രാജകുമാരൻ മതീന് സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്സും ഉണ്ട്. നിലവില്‍ മതീനെ കിരീടാവകാശിയാക്കാൻ സാധ്യതയില്ലെങ്കിലും ചാള്‍സ് രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണം, 2022 ല്‍ എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരം എന്നിവയുള്‍പ്പെടെയുള്ള ചില സുപ്രധാന അന്താരാഷ്ട്ര നയതന്ത്ര പരിപാടികളില്‍ പിതാവിനൊപ്പമെത്തിയത് അദ്ദേഹത്തിന് ഏറെ ജനശ്രദ്ധ നല്‍കിയിരുന്നു