ഇറ്റലിയില്‍ പഠിക്കാം, വിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക റസിഡന്‍സ് പെര്‍മിറ്റ് : ഇന്ത്യ- ഇറ്റലി ധാരണാപത്രമായി

ഇറ്റലിയില്‍ പഠിക്കാം, വിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക റസിഡന്‍സ് പെര്‍മിറ്റ് :  ഇന്ത്യ- ഇറ്റലി ധാരണാപത്രമായി
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം വരെ ഇറ്റലിയില്‍ താല്‍ക്കാലിക റസിഡന്‍സ് പെര്‍മിറ്റ് നല്‍കുന്ന ഇന്ത്യ- ഇറ്റലി ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം പ്രഫഷനല്‍ പരിചയം നേടാന്‍ വേണ്ടിയാണ് ഈ പെര്‍മിറ്റ് നല്‍കുന്നത്. കഴിഞ്ഞ മാസമാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി അന്റോണിയോ തജാനിയും ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കരാറിലെ മറ്റു വ്യവസ്ഥകളനുസരിച്ച്‌ വിദ്യാര്‍ത്ഥികള്‍, ബിസിനസുകാര്‍, വിദഗ്ധ തൊഴിലാളികള്‍, പ്രഫഷനലുകള്‍ എന്നിവര്‍ക്ക് അതിവേഗ യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.ഇറ്റലിയില്‍ പഠിച്ച്‌ തൊഴില്‍പരിചയം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് കരാര്‍ ഏറെ ഉപകാരപ്പെടുക. ഇറ്റലി അടുത്ത 2 വര്‍ഷത്തേക്ക് തൊഴിലാളികള്‍ക്ക് ആറായിരത്തോളം അവസരങ്ങളും നോണ്‍ സീസണല്‍ തൊഴിലുകള്‍ക്ക് 7000 അവസരങ്ങളുമാണ് ഒരുക്കുക.