പാകിസ്ഥാനിൽ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു

Nov 11, 2025 - 15:14
 0  5
പാകിസ്ഥാനിൽ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ഉണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 20-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിലേറെയും അഭിഭാഷകരാണെന്നാണ് വിവരം. ഇസ്ലാമാബാദ് കോടതി സമുച്ചയത്തിന് സമീപത്തായി കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെയാണ് ഇസ്ലാമാബാദിലും സ്ഫോടനം ഉണ്ടായിരിക്കുന്നത്.

ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപത്തായാണ് സ്ഫോടനം ഉണ്ടായത്. തിരക്കേറിയ ദിവസമായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. പ്രവൃത്തി ദിവസമായതുകൊണ്ട് തന്നെ കോടതി പരിസരത്ത് നിരവധി അഭിഭാഷകരും ഉണ്ടായിരുന്നു. ആറുകിലോമീറ്റർ ദൂരത്തോളം സ്ഫോടന ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പാർക്ക് ചെയ്ത കാറിലാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്.

സ്ഫോടനം നടന്നിടത്ത് നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. ഇവയ്ക്കെല്ലാം കേടുപാട് സംഭവിച്ചിട്ടുണ്ട്. കോടതിയിൽ ജോലിചെയ്യുന്ന ജീവനക്കാരും അഭിഭാഷകരുമാണ് പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും. ചാവേറാക്രമണമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. തെക്കൻ വസീറിസ്താനിലെ വാനയിൽ തെഹ്രീകെ താലിബാൻ പാകിസ്താൻ (ടിടിപി) നടത്തിയ ആക്രമണത്തിന് പിന്നാലെ പാക് സുരക്ഷാ സേന തിരിച്ചടിച്ച് മണിക്കൂറുകൾക്ക് പിന്നാലെയാണ് ഇസ്ലാബാദിലെ കോടതി സമുച്ചയത്തിന് സമീപത്തായി സ്ഫോടനം ഉണ്ടായിരിക്കുന്നത്.