ബിരിയാണി അരിയിൽ നിന്നു ഭക്ഷ്യവിഷബാധ; ദുൽക്കറിന് ഉപഭോക്തൃ കമ്മിഷൻ നോട്ടീസ്

Nov 5, 2025 - 19:42
Nov 5, 2025 - 19:59
 0  3
ബിരിയാണി അരിയിൽ നിന്നു ഭക്ഷ്യവിഷബാധ; ദുൽക്കറിന് ഉപഭോക്തൃ കമ്മിഷൻ നോട്ടീസ്

പത്തനംതിട്ട: ബിരിയാണി അരിയിൽ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പരാതിയിൽ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകൾക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുൽക്കർ സൽമാനുമാനും നോട്ടീസ്. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര സമിതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ദുൽക്കർ സൽമാനും അരി ബ്രാന്‍റ് ഉടമകളും ഡിസംബർ 3 ന് കമ്മിഷന് മുൻപാകെ നേരിട്ട് ഹാജരാവാനാണ് നോട്ടിസിലെ നിർദേശം. പത്തനംതിട്ട സ്വദേശിയായ പി.എന്‍. ജയരാജൻ സമർപ്പിച്ച പരാതിയിലാണ് ഉപഭോക്തൃ കമ്മിഷൻ നടപടി.

പത്തനംതിട്ടയിൽ കാറ്ററിങ് സ്ഥാപനം നടത്തുന്ന ആളാണ് ജയരാജൻ. വിവാഹ ചടങ്ങിന് ബിരിയാണി വയ്ക്കാൻ ഈ ബ്രാൻഡ് അരി വാങ്ങിയിരുന്നുവെന്നും ഈ അരി വച്ച് ബിരിയാണി ഉണ്ടാക്കി വിളമ്പിയതിന് പിന്നാലെ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റെന്നാണ് ആരോപണം.

അരിച്ചാക്കിൽ പാക്ക് ചെയ്‌ത ഡേറ്റും എക്‌സ്‌പയറി ഡേറ്റും രേഖപ്പെടുത്തിയിരുന്നില്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. അരി വിറ്റ മലബാർ ബിരിയാണി ആന്‍റ് സ്പൈസസ് പത്തനംതിട്ട എന്ന സ്ഥാപനത്തിന്‍റെ മാനേജർക്കെതിരെയും ആരോപണമുണ്ട്.

എന്നാൽ, ദുൽക്കർ സൽമാനെ മുഖ്യപ്രതിയാക്കിയാണ് കേസ്. ദുൽക്കറിന്‍റെ പരസ്യത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് അരി വാങ്ങിയതെന്നാണ് പരാതിക്കാരന്‍റെ പക്ഷം.