ഓഗസ്റ്റ് 15 , ഇന്ത്യൻ സ്വാതന്ത്ര്യദിനം; സൂസൻ പാലാത്ര

ഓഗസ്റ്റ് 15 ,  ഇന്ത്യൻ സ്വാതന്ത്ര്യദിനം; സൂസൻ പാലാത്ര

 

 

     സ്വതന്ത്ര ഭാരതത്തിൻ്റെ എഴുപത്തിയഞ്ചാം  സ്വാതന്ത്ര്യദിനാഘോഷമാണ് ഇന്നു നടന്നത്.  2018, 2019  വർഷങ്ങളിലെ ആഘോഷങ്ങൾ  പ്രളയം കവർന്നെടുത്തു കൊണ്ടുപോയി. 2020ൽ  കോവിഡ് ഭീതിയിൽ മുങ്ങിപ്പോയ സ്വാതന്ത്ര്യദിനാഘോഷമായിരുന്നു. ഈ വർഷവും കോവിഡാണ് സ്വാതന്ത്ര്യദിനത്തിൻ്റെ നിറപ്പകിട്ട് നശിപ്പിച്ചത്. 

 പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും നമ്മെ മാത്രമല്ല ലോകരാജ്യങ്ങളേയും ഗ്രസിച്ചിരിക്കുകയാണ്. 1924 ലെ ( കൊല്ലവർഷം 99-ലെ ) പ്രളയത്തിനു ശേഷം  കേരളം കണ്ട മഹാപ്രളയ ദുരന്തമാണ് 2018ലേത്. അതിശക്തമായ മഴയെത്തുടർന്ന് മലയോര മേഖലകളിൽ ഉരുൾപൊട്ടലും മിക്ക ജില്ലകളിലും പ്രളയവുമുണ്ടായി. 54 അണക്കെട്ടുകളിൽ നിന്ന് 35 എണ്ണവും തുറന്നു വിട്ടു. ചെറുതോണി അണക്കെട്ടിൻ്റെ 5 ഷട്ടറുകൾ തുറക്കേണ്ടി വന്നു. 26 വർഷത്തിനു ശേഷമാണ് 5 ഷട്ടറുകൾ  തുറന്നത്. ഏകദേശം അഞ്ഞൂറോളം പേർ മരണത്തിനിരയായി. കുറെയധികം പേരെ കാണാതായി. പ്രളയാക്രമണത്തിൽപ്പെട്ട പാവം ജനതകളിൽ ഏറിയ ഭാഗവും ദുരിതാശ്വാസ ക്യാമ്പുകളിൽ നരകതുല്യമായി ജീവിക്കേണ്ടി വന്നു. കേരളത്തിന് വലിയ സാമ്പത്തികഭാരം സൃഷ്ടിച്ച പ്രളയമായിരുന്നു 2018ലേത്.

 2019-ലും കേരളം മഹാപ്രളയത്തിന് സാക്ഷ്യം വഹിച്ചു. പ്രളയത്തിനും ഉരുൾപൊട്ടലിനും ഇരയായി എത്രയെത്ര ജീവനുകളാണ് പൊലിഞ്ഞത്. അനേകം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലെ പരിമിത സൗകര്യങ്ങളിൽ ഞെരുങ്ങി ദുരിതപ്പെട്ടു. 2019-ലെ കവളപ്പാറ ദുരന്തം മലയാളിക്ക് മറക്കാനാവുമോ? 

2020ൽ കോവിഡ് ഭീഷണിയെ നേരിടേണ്ടി വന്ന കേരളജനത  പ്രളയഭയത്തിൻ്റെയും  നിഴലിലായിരുന്നു. ഉരുൾപൊട്ടൽ, മലയിടിച്ചിൽ, പ്രളയം എന്നിവ മൂലം ജനജീവിതം സ്തംഭിച്ചു, ചില മനുഷ്യ ജീവനുകൾ നമുക്ക് കഴിഞ്ഞവർഷവും  നഷ്ടമായി.  

 കൂടാതെ, അതിശക്തമായ മഴയുടെ കാരണത്താൽ, കരിപ്പൂർ വിമാന ദുരന്തവും നടന്നു. ഇടുക്കി രാജമലയിൽ അനേകം വിദ്യാർത്ഥികൾ മണ്ണിനടിയിൽ അകപ്പെട്ടു. 

ഈ വർഷത്തെ  സ്വാതന്ത്ര്യദിനാഘോഷവും  കഴിഞ്ഞവർഷത്തെപ്പോല   കോവിഡ് ഭീഷണിയിലാണ് നടന്നത്. 

   1947 ഓഗസ്റ്റ് 15-ന്  നമുക്ക് സ്വാതന്ത്ര്യാമൃതം നുകരാനായതിൽ മുഖ്യമായ കടപ്പാട് നാം "ബാപ്പുജി' എന്നു വിളിക്കുന്ന, നമ്മുടെ രാഷ്ട്രപിതാവ്  മഹാത്മാഗാന്ധിയോടാണ്.

        "എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം" എന്നുൽഘോഷിച്ച മഹാത്മാവ് നമുക്കു വേണ്ടി സഹിച്ച ത്യാഗങ്ങളും, ഉപവാസ സഹനസമരങ്ങളും ഇന്ത്യയുള്ള കാലത്തോളം നമുക്ക് മറക്കാനാവുമോ? 

         ബ്രിട്ടീഷുകാരുടെ അടിമത്തത്തിൽനിന്ന് 1947 ആഗസ്റ്റ് 15 ന് അർദ്ധരാത്രിക്ക് ഇന്ത്യക്ക് സ്വാതന്ത്രൃം ലഭിച്ചതിൻ്റെ ഓർമ്മയ്ക്കായി എല്ലാവർഷവും നാം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു.

       രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യൻദേശീയ പതാക ഉയർത്തുന്നു. ന്യൂദില്ലിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുകയും ഒപ്പം രബീന്ദ്രനാഥ ടാഗോർ രചിച്ച ദേശീയ ഗാനാലാപം മുഴങ്ങുകയും, ബഹുമാനാർത്ഥം 21 തവണ ആകാശത്തേയ്ക്ക്  നിറയൊഴിക്കുകയും ചെയ്യുന്നു.  രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം  രാജ്യത്തെ ജനങ്ങളോട് സംസാരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി നിർദ്ദേശങ്ങൾ നല്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യസമര പോരാളികളെ രാജ്യം ആദരിക്കുന്നു. ബിസ്മില്ലാ ഖാൻ്റെ ഷെഹനായി സംഗീതപരിപാടിയോടെയാണ് തത്സമയ പരിപാടികൾ ആരംഭിച്ചിരുന്നത്. 

ഇന്ത്യൻ സേനാവിഭാഗങ്ങളുടെ സ്വാതന്ത്ര്യദിന പരേഡുകൾ, സാംസ്കാരിക പരിപാടികൾ ഇവയെല്ലാം അരങ്ങേറുന്നു. ദേശീയപതാക ഉയർത്തലുകൾ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടത്തിക്കൊണ്ട്, പോലീസ്, സ്കൗട്സ് & ഗൈഡ്സ്, എൻ സി സി, ബാൻറു മേളങ്ങൾ എന്നിവയുടെ വർണ്ണാഭമായ മേളക്കൊഴുപ്പോടെയാണ് സ്വാതന്ത്ര്യദിനം നാം ആഘോഷിച്ചിരുന്നത്.

സ്വതന്ത്രഭാരതത്തിലെ എൻ്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും സ്വാതന്ത്ര്യദിനാശംസകൾ

 

       ജയ് ഭാരത്