ദർശനം: കവിത ,മഞ്ജു ഗണേഷ് 

ദർശനം: കവിത ,മഞ്ജു ഗണേഷ് 

കാടുകൾക്കപ്പുറം
മേടുകൾക്കപ്പുറം
നീലമേഘത്തിന്റെ
വീടുകൾക്കപ്പുറം
നക്ഷത്രമണ്ഡല
സീമകൾക്കപ്പുറം
കോടിസൂര്യപ്രഭാ -
വർഷങ്ങൾക്കുമപ്പുറം

ചക്രവാളത്തിന്റെ
കോണുകൾക്കപ്പുറം
സപ്തസാഗര -
പ്രവാഹങ്ങൾക്കപ്പുറം
മഹിതമാം വായു
തീർത്ഥങ്ങൾക്കുമപ്പുറം
സ്വർഗീയാമൃതധാര തൻ
ദർശനം

ചിന്തകൾക്കപ്പുറം
ദ്വേഷത്തിനപ്പുറം
യാതന വേദനാ-
പർവങ്ങൾക്കപ്പുറം
മാനസത്തേരോട്ട-
വീഥികൾക്കപ്പുറം
നിർമ്മലമായൊര -
നുഭൂതി തൻ ദർശനം

അതിമഹിതമതിവിപുല -
മതിവിമലമായൊരു
ഉത്തുംഗ ദർശനം
ഉജ്ജ്വല ദർശനം
അഭൗമികമാം ജ്വര -
തീഷ്ണയാലീ
അനശ്വരമാമൊരു
ശാന്തി തൻ ദർശനം

മഞ്ജു ഗണേഷ്