തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി
തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ മുൻ മന്ത്രി ആന്‍റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ഹർജി തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. ഹർജിയിൽ വാദം തുടരും. കേസിൽ ആന്‍റണി രാജുവിന്‍റെ തടവും പിഴയും അപ്പീൽ പരിഗണിക്കുന്നതു വരെ തത്കാലത്തേക്ക് മരവിപ്പിച്ചു. എന്നാൽ കുറ്റക്കാരനെന്ന വിധി മരവിപ്പിക്കാത്തതിനാൽ അയോഗ‍്യത തുടരും.
മൂന്നു വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ടാണ് ആന്‍റണി രാജു തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. കേസിൽ രണ്ടു വർഷത്തിനു മുകളിൽ ശിക്ഷ വിധിച്ചതിനാൽ ആന്‍റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് ആന്‍റണി രാജുവിനെതിരേയുള്ള കേസ്. അഭിഭാഷകനായ ആന്‍റണി രാജു കേസിലെ തൊണ്ടി മുതലായ അടിവസ്ത്രം മാറ്റി നൽകിയതിനെ തുടർന്ന് പ്രതി ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു.
ഐപിസി 120 ബി, 201, 409, 34 എന്നി വകുപ്പുകൾ കോടതിയിൽ തെളിഞ്ഞു. കേസിലെ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഒന്നാം പ്രതി കോടതി ജീവനക്കാരനായ ജോസാണ്. ആന്‍റണി രാജു ജോസുമായി ഗൂഢാലോചന നടത്തി തൊണ്ടിമുതൽ പുറത്തെടുത്ത് അതിൽ കൃത്രിമത്വം വരുത്തി.