അമേരിക്കൻ പൗരാവകാശ പോരാളി റവ. ജെസ്സെ ജാക്സൺ അന്തരിച്ചു
വാഷിങ്ടൺ: അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്‍റെ നെടുംതൂണും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട മനുഷ്യാവകാശ നേതാവുമായ റവ. ജെസ്സെ ലൂയി ജാക്സൺ അന്തരിച്ചു. 84 വയസായിരുന്നു.
ദീർഘകാലമായി ‘പ്രോഗ്രസീവ് സുപ്രാന്യൂക്ലിയർ പാൾസി’ എന്ന നാഡീസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച രാവിലെ ചിക്കാഗോയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
കുടുംബാംഗങ്ങൾ മരണസമയത്ത് ഒപ്പമുണ്ടായിരുന്നുവെന്ന് മകൾ സാന്റിറ്റ ജാക്സൺ അറിയിച്ചു.
മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിനൊപ്പം പൗരാവകാശ പോരാട്ടങ്ങളിൽ സജീവമായിരുന്ന ജാക്സൺ, അമേരിക്കൻ രാഷ്ട്രീയത്തിലെ കറുത്ത വർഗക്കാരുടെ ശബ്ദമായി മാറി. 1984-ലും 1988-ലും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ അദ്ദേഹം മത്സരിച്ചിരുന്നു. 'റെയിൻബോ പുഷ്' എന്ന സംഘടനയുടെ സ്ഥാപകനാണ്.;
ബരാക് ഒബാമയ്ക്കു മുൻപേ അമേരിക്കൻ രാഷ്ട്രീയത്തിൽ കറുത്ത വർഗക്കാരായ വോട്ടർമാരെയും വെള്ളക്കാരെയും ഒരുപോലെ സ്വാധീനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.ദക്ഷിണ കരോലിനയിലെ ഗ്രീൻ വില്ലിൽ വംശീയ വിവേചനം ശക്തമായിരുന്ന കാലത്ത് ജനിച്ച ജെസ്സെ ജാക്സൺ തന്‍റെ പ്രഭാഷണ നൈപുണ്യം കൊണ്ടും ധാർമിക കാഴ്ചപ്പാടുകൾ കൊണ്ടും അമേരിക്കൻ രാഷ്ട്രീയത്തെ പുനർനിർവചിച്ചു.
വോട്ട് രജിസ്ട്രേഷൻ ക്യാംപയിനുകളിലൂടെ ദശലക്ഷക്കണക്കിന് ആളുകളെ രാഷ്ട്രീയത്തിന്‍റെ ഭാഗമാക്കാൻ അദ്ദേഹത്തിന്‍റെ നേതൃത്വത്തിന് സാധിച്ചു.