ഒരു ഏപ്രിൽ ഫൂൾ കഥ, മണിയ

ഒരു ഏപ്രിൽ ഫൂൾ കഥ, മണിയ

 ല്ലാ പ്രാവശ്യവും ഫൂളാക്കപ്പെടുന്നത് താനാണ്. ഇത്തവണ ഒന്നു മാറ്റി പിടിക്കണം. തലേന്നു തന്നെ ആലോചിച്ചു വച്ച് ഉറങ്ങാൻ കിടന്നു.
നേരം പരപരാന്നു വെളുക്കുന്നതേയുള്ളു. തട്ടിപ്പിടഞ്ഞ്  എഴുനേറ്റു. സാരി നേരെയാക്കിയിട്ടു, മുടി കെട്ടിവച്ചു, അടുക്കളയിൽ കയറി. കാപ്പിക്ക് വെള്ളം വച്ച് തീ കത്തിച്ചു. അക്കാലത്ത്  ഗ്യാസ് അടുപ്പൊന്നുമില്ല. ചൂട്ടും മടലുമൊക്കെ വച്ച് കത്തിക്കണം. അതില്ലെങ്കിൽ ഇത്തിരി മണ്ണെണ്ണ ഇറ്റിച്ച് . ഒരു കപ്പ് വെള്ളമെടുത്ത്  മുഖം കഴുകി, കണ്ണും മുഖവും തുടച്ച്  അടുപ്പിനടുത്തേക്ക് ചെന്നപ്പോൾ വെള്ളം തിളച്ചിരിക്കുന്നു. പൊടിയിട്ട് ഒന്നിളക്കി അല്പം വെള്ളം തളിച്ച് മൂടി വച്ചു. മട്ട് അടിയാൻ.  കാപ്പി ഇറക്കി കഞ്ഞിക്കു വെള്ളം വച്ചു. മുറ്റമടിക്കാൻ ചൂലുമായി പോയി. ചൂല് വീശിയടിച്ച്, തിരിച്ച് ഒന്നു കൂ ടിയടിച്ചു മുന്നോട്ടു പോകണം. തിരിച്ചടിക്കുന്നത് തൂത്തുമാറ്റിയ മണൽ തിരികെ എത്തിക്കാനാണ്. അതും അടിച്ചു വാരലിന്റെ ആദ്യപാഠങ്ങൾ, അമ്മയിൽ  നിന്ന് ലഭിക്കുന്നത്.


 ഇനി താമസിച്ചാൽ കള്ളി വെളിച്ചത്താകും ചൂൽ ഒതുക്കി വച്ചിട്ട്
ഓടിക്കയറി ബെഡ്റൂമിന്റ വാതിൽക്കലെത്തി , "ദേ എഴുന്നേറ്റെ, നമ്മുടെ തിണ്ണയിൽ ആരോ കിടക്കുന്നു, ചത്താണോ ആവോ."

"എവിടെ എവിടെ"

പാതി ഉറക്കത്തിലുംപാതി ഉണർവിലും  അദ്ദേഹമതാ ഉടുത്തിരുന്ന മുണ്ട് വാരിപ്പിടിച്ച് മിനിറ്റിനകം സൈഡ് വാതിൽ തുറന്ന് മുറ്റം വഴി തിണ്ണയിലേക്ക് . പുറകെ ഉണർന്നു വന്ന ആമ്പിള്ളാരും. ശരിയാണ് തിണ്ണയിൽ ആരോ ഉണ്ട്. തണുത്തിട്ടായിരിക്കും  കയ്ലി   പുതച്ചിട്ടുണ്ട്.

"ഭാഗ്യം!ചത്തിട്ടില്ലെന്നു തോന്നുന്നു. ഉറങ്ങാൻ കേറിക്കിടന്നതാവും'' "അടയ്ക്കാത്ത തിണ്ണയുടെ ദോഷം."

''നീയും പിള്ളാരും മാറിക്കോ ഏതു പരുവത്തിലുള്ള കിടപ്പാന്നു ആർക്കറിയാം. "അദ്ദേഹം പറഞ്ഞു .

പാവം എന്തൊരു ശ്രദ്ധ ഭാര്യയും പിള്ളാരും അരുതാത്തതു കാണാതിരിക്കാൻ.
കഞ്ഞിക്കു വച്ച വെള്ളം തിളച്ചു മറിഞ്ഞു കാണും. അരിയിടണം, തനിക്കു ചോറു കൊണ്ടുപോകണം. അപ്പനും മക്കൾക്കും
സ്കൂൾ അവധിയാണ്. അല്ലെങ്കിലും അവിടന്നു മാറണമല്ലോ.

" വാ പിള്ളാരെ "
താനകത്തേക്ക് കയറി. കുട്ടികൾ വരുമോ? അവരുടെ മാതൃകാപുരുഷൻ അവരുടെ അപ്പനായിരുന്നല്ലോ. അന്നും ഇന്നും.
  അരിയിട്ടു ഇളക്കി മൂടി വച്ച് നല്ല തീ കൊടുത്തു. ഇനി രാവിലെ കാപ്പിക്കുള്ളത്, ചോറിനുള്ള കൂട്ടാൻ ഒന്നുരണ്ടു കൂട്ടം.ഒരു ചാറുകറി വേറെ. മോരുണ്ടായാലും ഇല്ലെങ്കിലും. തനിക്ക് ചാറു വേണ്ട കാരണം പൊതിച്ചോറ് കുഴഞ്ഞിരിക്കുന്നത് കഴിക്കാൻ പറ്റില്ല. ഒരു മെഴുക്കുപുരട്ടിയോ തോരനോ കൂടെ
ഒരു സമ്മന്തി അത്രമാത്രം. അഥവാ ചാറു കറിയെ ഉള്ളുവെങ്കിൽ വേറെ ചെറിയ പാത്രത്തിൽ എടുക്കും. തൊട്ടു കൂട്ടും.
                "എടീ!" ഇറയത്തു നിന്നു വിളി, പ്രതീക്ഷിച്ചപോലെ.ശബ്ദത്തിനു നല്ല വ്യത്യാസം.

"എടീ! " ആദ്യത്തേതിലും കടുപ്പത്തിൽ.

പുറകേ മക്കൾ "അമ്മേ! അപ്പാ വിളിക്കുന്ന കേട്ടില്ലേ " അവർ വരെ രോഷത്തിലാണ്. ഒന്നിച്ചു ഫൂളായില്ലേ? അതിന്റെ കലിപ്പ്. അല്ലെങ്കിലും അവർ ഒറ്റ കെട്ടാണല്ലോ ഏതു കാര്യത്തിനും. ഇനി ചെന്നില്ലെങ്കിൽ ഇങ്ങോട്ടു വരും. ഒപ്പിച്ചു വച്ചിരുന്ന കുഷ്യനും തലയിണകളും മുറ്റത്ത് ചിതറി കിടക്കുന്നു. പുതപ്പിച്ചിരുന്ന  കയ്ലി കയ്യിൽ ഇരുന്നു വിറയ്ക്കുന്നു.

"അവടെ ഒരു ഫൂളാക്കൽ. മേലിൽ ഇത്തരം കളിയൊന്നും എന്റടുത്തു വേണ്ട പറഞ്ഞേക്കാം. നീ എന്താ വിചാരിച്ചെ? പേടിച്ച് വല്ല ഹാർട് അറ്റാക്കും വന്നാലോ?കുട്ടിക്കളി ആന്നാ വിചാരം.വീണ്ടുവിചാരം ഇല്ലാതെ ".
 പന്ത്രണ്ടു മണി വരെ മഹാരാജാവിനെ പോലും ഫൂളാക്കാം.
ഇന്നു രാജാവില്ലല്ലോ അതുകൊണ്ട് പ്രധാനമന്ത്രി ആയിക്കോട്ടെ. അല്ല ആരും, എന്നിട്ടാ. ഒരു രസം തോന്നി ചെയ്തു അത്രമാത്രം. അതിനു ഇതുപോലെ കലിപ്പിക്കണോ വേണ്ട ഇനി മേൽ ആരെയും ഫൂളാക്കാനോ
കലിപ്പിക്കാനോ പോകണ്ട. അതായിരുന്നു അവസാനത്തെ ഏപ്രിൽ ഫൂൾ ഇടപാട്.


Mary Alex @മണിയ