സംഘർഷത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് അമേരിക്ക ; യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെയും ആക്രമണമെന്ന ഇറാന്റെ അവകാശവാദം തള്ളി യുഎസ്
ഇറാനെതിരെയുള്ള സൈനിക നടപടിക്കിടെ തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്കൻ സൈന്യം ഞായറാഴ്ച അറിയിച്ചു. അമേരിക്കയും ഇസ്രായേലും സംയുക്തമായി ശനിയാഴ്ച ഇറാനെതിരെ ആരംഭിച്ച 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുടെ ഭാഗമായി അഞ്ചു സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും യുഎസ് സെൻട്രൽ കമാൻഡ് എക്സിലൂടെ വ്യക്തമാക്കി.
മറ്റു ചില സൈനികർക്ക് ചെറിയ തോതിലുള്ള പരിക്കുകളും തലയ്ക്ക് ആഘാതവും ഏറ്റിട്ടുണ്ട്. ഇവർ ചികിത്സയ്ക്ക് ശേഷം തിരികെ ജോലിയിൽ പ്രവേശിക്കുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പ്രധാന യുദ്ധമുഖങ്ങളിൽ സൈനിക നീക്കം ശക്തമായി തുടരുകയാണെന്നും പ്രതിരോധ നടപടികൾ പുരോഗമിക്കുകയാണെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെയും അവരുടെ ആണവ-മിസൈൽ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ എപ്പിക് ഫ്യൂറി ആരംഭിച്ചത്. ശനിയാഴ്ച നടന്ന ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടരുന്നു. ഇതിനു പിന്നാലെ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്കും ഇസ്രായേലിനും നേരെ ഇറാൻ തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ്.
അതേസമയം, യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിനെ ലക്ഷ്യമിട്ട് ഇറാൻ നാല് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ ടെഹ്‌റാനിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സമീപ ആഴ്ചകളിൽ മേഖലയിൽ വിന്യസിച്ച രണ്ടു വിമാനവാഹിനിക്കപ്പലുകളിൽ ഒന്നാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ. എന്നാൽ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ആക്രമണം നടത്തിയെന്ന ഇറാന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് തള്ളി. ഇറാന്റെ മിസൈലുകൾ കപ്പലിന്റെ പരിസരത്ത് പോലും എത്തിയിട്ടില്ലെന്നും കപ്പൽ സുരക്ഷിതമാണെന്നും അമേരിക്ക അറിയിച്ചു