മുണ്ടക്കൈ-ചൂരല്‍മല ട‍ൗൺഷിപ്പ് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി: ആദ്യഘട്ട വീടുകൾ കൈമാറി

Mar 1, 2026 - 09:06
 0  5
മുണ്ടക്കൈ-ചൂരല്‍മല ട‍ൗൺഷിപ്പ് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി:  ആദ്യഘട്ട വീടുകൾ കൈമാറി

തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അടുത്ത മഴക്കാലത്തിന് മുന്‍പ് മുഴുവന്‍ ദുരന്തബാധിതര്‍ക്ക് സ്വന്തം ഭൂമിയും വീടും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒട്ടും എളുപ്പമായിരുന്നില്ല നമ്മുടെ യത്‌നമെന്നും നമ്മുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എല്ലാ കോണുകളില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ പദ്ധതയിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയപ്പോള്‍ തടസങ്ങള്‍ ഏറെയുണ്ടായി. വ്യാജ പ്രചാരണങ്ങള്‍ മുതല്‍ കേന്ദ്ര സഹായനിഷേധം വരെ. ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാനും ചിലര്‍ ശ്രമിച്ചു. കോടതി വ്യവഹാരങ്ങള്‍ വേറെ ഭാഗത്ത് നടന്നു. ദുരിതാശ്വാസനിധിയിലേക്ക് ചില്ലികാശ് നല്‍കരുതെന്ന് പറയാനും ആളുകള്‍ ഉണ്ടായി. ദുരന്തമുണ്ടായ ആദ്യ ആഴ്ചയില്‍ തന്നെ ചിലര്‍ അതിന് തുടക്കമിട്ടു. യഥാര്‍ഥ കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങള്‍ പോലും വ്യാജംചമച്ച് പുനരധിവാസ പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കാഴ്ചയും കണ്ടു.

ഈ പദ്ധതി പൂര്‍ത്തിയാകുമെന്ന കാര്യത്തില്‍ തുടക്കത്തില്‍ തന്നെ അശേഷം സംശയമുണ്ടായിരുന്നില്ല. എല്ലാവരും ഈ ആശയത്തോട് യോജിച്ചു. എല്ലാവരും സഹകരിച്ചു. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍മാരെ വരെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. പാരസ്പര്യത്തിന്റെ കേരള മാതൃക ലോകം വീണ്ടും കണ്ടെന്നും പിണറായി പറഞ്ഞു.

ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങള്‍ക്കാണ് വീട് കൈമാറിയത്. ആയിരം ചതുരശ്രയടിയാണ് വിസ്തീര്‍ണം. ഏഴ് സെന്റിന്റെ പട്ടയം നല്‍കും. നിര്‍മാണം തുടങ്ങി 320ാം ദിനമാണ് ആദ്യഘട്ടം പൂര്‍ത്തിയായത്.

2024 ജൂലൈ 29ന് രാത്രി പുഞ്ചിരിമട്ടം പൊട്ടി ഒരു ജനതയാണ് ഒലിച്ചുപോയത്. വീണ്ടും ഒരുമിച്ച് ജീവിക്കണം എന്നതായിരുന്നു സര്‍വവും നഷ്ടപ്പെട്ടവരുടെ ആഗ്രഹം. അതിനൊപ്പം സര്‍ക്കാര്‍ നിന്നു. അസാധ്യത്തെ സാധ്യമാക്കുന്ന ഇച്ഛാശക്തിയിലൂടെ അത് നേടി. ചുറ്റുമതില്‍, ഗേറ്റ്, 11.42 കിലോമീറ്റര്‍ റോഡ്, ഭൂഗര്‍ഭ വൈദ്യുത, ജലവിതരണ ശൃംഖല, കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍, സോളാര്‍ പാനല്‍, ഗ്രീന്‍ സ്പെയ്സ്... എല്ലാം സജ്ജം.

അമ്പത്തെട്ടു തരം പരിശോധനകൾ പൂർത്തിയാക്കിയാണ് ഓരോ വീടിന്റെയും നിർമ്മാണം പൂർത്തിയാക്കുന്നത്. ഓരോ നിർമ്മാണ ഘട്ടത്തിനു മുമ്പും ശേഷവും പരിശോധിച്ച് നിർമ്മാണ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നതായി ഉറപ്പുവരുത്തുന്നുണ്ട്. അത് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. നിർമ്മാണഘട്ടത്തിലുള്ള ഓരോ പരിശോധനയും റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്. ഓരോ പരിശോധനയുടെ വീഡിയോയും അതുപോലെ ഫോട്ടോയും എടുത്ത് സൂക്ഷിക്കുന്നു. ഈ രീതിയിൽ യാതൊരുവിധ പോരായ്മകളും ഇല്ലാതെയാണ് നിർമ്മാണത്തിന്റെ ഓരോ ഘട്ടവും മുമ്പോട്ടു കൊണ്ടുപോയത്.

വീടുകൾക്ക് പൂർണ്ണനാശം സംഭവിച്ച വ്യക്തികൾക്കുള്ള വീടുകളാണ് ആദ്യഘട്ടമായി വിതരണം ചെയ്യുന്നത്.മുഖ്യമന്ത്രി പറഞ്ഞു.