ദയാഭായ് എന്ന മേഴ്സി മാത്യു

ദയാഭായ് എന്ന മേഴ്സി മാത്യു


പ്രവാസി മലയാളീ കൂട്ടായ്മയായ വേൾഡ് മലയാളീ ഫെഡറേഷൻ മനുഷ്യാവകാശ പ്രവർത്തക ദയാഭായിക്ക് വനിതാ രത്നം പുരസ്ക്കാരം നൽകി കൊണ്ടായിരുന്നു ഈ വർഷത്തെ വനിതാദിനം ആചരിച്ചത്. “സമൂഹത്തിലെ താഴെ തട്ടിലെ സ്ത്രീകളെ മുന്നോട്ട് കൊണ്ട് വരുമ്പോഴാണ് യഥാർത്ഥത്തിൽ ഇവിടെ സ്ത്രീസാംസ്‌ക്കരികത ഉയർത്തപ്പെടുന്നതെന്നും WMF സ്ഥാപകനും ഗ്ലോബൽ ചെയർമാനുമായ Dr.പ്രിൻസ് പള്ളിക്കുന്നേൽ പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ടു അഭിപ്രായപെട്ടു”.”തീർച്ചയായും ആ ശ്രമത്തിൽ തന്നെയാണ് നാമെന്നും സ്ത്രീകളെ ആദരിക്കുകയും അവരെ അംഗീകരിക്കുകയും ചെയുകയും സ്ത്രീ സമൂഹത്തെ ഉയർത്തി കൊണ്ട് വരുമ്പോൾ അത് കൃത്യമായ രാഷ്ട്ര നിർമിതിയുടെ ഭാഗമാണെന്നും കൂട്ടി ചേർത്ത് കൊണ്ടു പരിപാടിയിൽ മുഖ്യ പ്രഭാഷകനായ WMF ഗ്ലോബൽ പ്രസിഡന്റ് Dr.രത്‌നകുമാർ ജനാർദ്ദനൻ പറഞ്ഞു.”

ഇന്ന് ഈ 83 ആം വയസ്സിൽ മദ്ധ്യപ്രദേശിലെ ബറൂളിയിലാണ് മേഴ്സി മാത്യു എന്ന ദയാഭായി ഇന്ന് താമസിക്കുന്നത്.കോട്ടയം ജില്ലയിൽ പാലായ്ക്കു സമീപമുള്ള പൂവരണിയിൽ പുല്ലാട്ട് മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും14 മക്കളിൽ മൂത്തവളായി ജനിച്ചു.കൊച്ചുകൊട്ടാരം പ്രൈമറി സ്കൂൾ,വിളക്കുമാടം സെന്റ്‌ജോസഫ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം.കന്യാസ്ത്രീ ആവാനായിരുന്നു അവരുടെ ആഗ്രഹം.പതിനാറാം വയസ്സിൽ ആ തീരുമാനത്തിന്റെ ഭാഗമായി ബീഹാർ ഹസാരിബാഗ് ഹോളി കോൺവെന്റിൽ ചേർന്നു. സഭാക്കുള്ളിലെ ജീവിതരീതികളിൽ മനം മടുത്ത അവർ കന്യാസ്ത്രീ പരിശീലനം ഉപേക്ഷിച്ച് മഠത്തിൽ നിന്ന് പുറത്തിറങ്ങി. ജീവശാസ്ത്രത്തിൽ ബിരുദം,ബോംബെ സർവ്വകലാശാലയിൽ നിന്ന് എം.എസ്‌.ഡബ്ല്യുവും നിയമവും പഠിച്ചു.എം.എസ്‌.ഡബ്ല്യു പ്രൊജക്‌ട് ഫീൽഡ് വർക്കിന്റെ ഭാഗമായാണ് മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിലെത്തിയപ്പോൾ അതാണ് തന്റെ കർമ്മഭൂമിയെന്ന് തിരിച്ചറിഞ്ഞു.

ദയാഭായിയുടെ പ്രസംഗങ്ങളും സത്യാഗ്രഹങ്ങളും പ്രചരണങ്ങളും മധ്യപ്രദേശിലെ പ്രാദേശിക ഭരണകൂട നേതൃത്വത്തെ പലവിധത്തിലും സമ്മർദ്ദം ചെലുത്തുത്തി.അവഗണിക്കപ്പെട്ട വിദൂരഗ്രാമങ്ങളിലെ ആദിവാസി പട്ടികവർഗവിഭാഗത്തിന്റെ ജീവിത നിലവാരം ഉയർത്തുന്നതിനുവേണ്ടിയായിരുന്നു ദയാഭായിയുടെ ആദ്യ ഉദ്യമങ്ങൾ വളരെയധികം സഹായിച്ചു.നർമദ ബച്ചാവോ ആന്ദോളനുമായും ചെങ്ങറ പ്രക്ഷോഭം എന്നിവയുമായും ബന്ധപ്പെട്ട് ഇവർ പ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് മദ്ധ്യപ്രദേശം തന്റെ പ്രവർത്തനമേഖലയായി തെരഞ്ഞെടുക്കുകയും ചെയ്തു.

തന്റെ പഠനം ഉപേക്ഷിക്കാതെ ബി.എസ്.സി പാസാകുകയും, അദ്ധ്യാപികയായി ഗോത്രവർഗ്ഗമേഖലയായ മഹോദയിൽ ജോലി ചെയ്തുതുടങ്ങി.തുടർന്ന് ജബൽപൂരിലെ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിലും അധ്യാപികയായി പ്രവർത്തിച്ചു.കേരളത്തിലെ ഒരു ആത്മീയസ്ഥാപനത്തിൽ അശരണർക്കായി പ്രവർത്തിച്ചു.എന്നാൽ അവിടെ ആത്മീയതയുടെ മേലാപ്പണിഞ്ഞ വൈദികരെ തിരിച്ചറിഞ്ഞതോടെ അവിടംവിട്ട് മേഴ്സി എന്ന ദയാഭായ് മുംബൈയിലെത്തി.പലയിടത്തും അലഞ്ഞു തിരിഞ്ഞു,തയ്യൽ പഠിച്ചു,മദർ തെരേസയുടെ ചിൽഡ്രൻസ്‌ ഹോമിലും ഓൾഡേജ്‌ ഹോമിലും പ്രവർത്തിച്ചു.എന്തുകോണ്ടോ ആ ജീവിതരീതികളോടും ദയാഭായിക്ക് ഒത്തുചേരാനായില്ല.യുദ്ധസമയത്ത്‌ ബംഗ്ലാദേശ്‌ അഭയാർത്ഥികളുടെ സേവനത്തിനായി എത്തിച്ചേർന്നു. എന്നാൽ ആ ആതുരപ്രവത്തങ്ങളും തന്റെ വഴിയല്ല എന്ന് തിരിച്ചറിഞ്ഞു.ക്രിസ്തീയജീവിതവും ബൈബിൾ പഠനങ്ങളും സത്യത്തിൽ നിന്ന്‌ ഏറെ അകലെയാണെന്ന്‌ തോന്നിത്തുടങ്ങിയപ്പോൾ ആ പ്രവർത്തങ്ങളും തന്റെതല്ല എന്ന് മനസ്സിലാക്കി.
മുംബൈയിലേക്കു മടങ്ങിയെത്തിയപ്പോൾ നിർമ്മലാ നികേതനിൽനിന്ന് എം.എസ്‌. ഡബ്ലിയുവിന്‌ ചേർന്നു.പക്ഷെ അവിടെയും തന്റെ മനസ്സും അഭിപ്രായങ്ങളും ചിന്തകളും ആ സിലബസിനോടും പഠനരീതിയോടും പൊരുത്തപ്പെടാൻ സാധിക്കുന്നില്ല എന്ന് മനസ്സിലാക്കി എങ്കിലും എം.എസ്‌ ഡബ്ല്യൂ പൂർത്തിയാക്കി.തുടർന്ന് മുംബൈയിലെ ഗ്രാമങ്ങളിലും,ഡെൽഹി, ആന്ധ്രാ,ഹരിയാനയിലെയും ദുരിതാശ്വാസ പുനർനിർമ്മാണ ക്യാമ്പുകളിലുമായി ദയാഭായി എട്ടുവർഷം സാമൂഹ്യപ്രവർത്തനങ്ങൾക്കായി ചിലവഴിച്ചു.

പഠനത്തിന്റെ ഭാഗമായി മദ്ധ്യപ്രദേശിലെ ഒരു ആദിവാസി വിധവയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.ആ വീടിന്‌ സമീപത്തുള്ള ഗോത്രവർഗ്ഗമേഖലയായ ടിൻസായ്‌ ഗ്രാമത്തിൽ അവഗണനയിൽപ്പെട്ട തുരുത്തിൽപ്പെട്ട്‌ ആദിവാസികളാണ് ഉണ്ടായിരുന്നത്‌. അവരിലൊരാളായാൽ മാത്രമേ തന്നെ അവർ അംഗീകരിക്കുകയുള്ളൂവെന്ന്‌ മനസ്സിലായപ്പോൾ മേഴ്സി എന്ന ദയാഭാ‍യി അവരുടെ വേഷവും ഭാഷയും ഭക്ഷണവും സ്വീകരിച്ചു.മേഴ്സി എന്നാൽ ‘ദയ’, ‘ബായി’ എന്നാൽ ഗോത്രവർഗ്ഗ സ്ത്രീകളുടെ വിളിപ്പേര്‌,അങ്ങനെ മേഴ്സി ‘ദയാബായി’ എന്ന പേര് സ്വീകരിച്ചു.

അവിടെനിന്നും ദയാഭായിയുടെ ആദിവാസികൾക്ക് വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചു. കുടിവെള്ളവും വൈദ്യുതിയും സ്കൂളുമില്ലാത്ത ടിൻസായിക്കാരുടെ വികസനത്തിനുവേണ്ടിയായിരുന്നു ആദ്യ സമരങ്ങൾ. ഐഎഎസ്‌ പ്രൊബേഷൻ ട്രെയിനിങ്ങിനായി മസൂറിയിൽ നിന്നും വരുന്നവരുടെ ക്യാമ്പുകളിൽ ടിൻസായിയെക്കുറിച്ച്‌ ദയാബായി വിശദമായി സംസാരിച്ചു. ആദിവാസികളെ ചൂഷണം ചെയ്ത്‌ കൂലി വെട്ടിച്ചവർക്കെതിരെ ദയാബായിയുടെ നേതൃത്വത്തിൽ ആദിവാസികൾ സമരത്തിനിറങ്ങി. പ്രായമായവർക്ക്‌ റാന്തൽവിളക്കിന്റെ വെളിച്ചത്തിൽ ദയാബായി നിയമക്ലാസ്സുകൾ നടത്തി.കവിതകളിലൂടെയും തെരുവുനാടകങ്ങളിലൂടെയും ആദിവാസികളെയും വിദ്ധ്യാഭ്യാസം ഇല്ലാത്തവരെയും ബോധവൽക്കരിക്കാൻ എളുപ്പവഴികളാക്കീ.തങ്ങളുടെ അവകാശങ്ങൾ മനസ്സിലാക്കാനും അതിനായി പോരാടാനും ഗോത്രവർഗ്ഗക്കാരെ പ്രേരിപ്പിച്ചു.ഇത്‌ ദയാബായിക്ക്‌ മിത്രങ്ങളെക്കാൾ ശത്രുക്കളെയുണ്ടാക്കിയെങ്കിലും തന്റെ പോരാട്ടങ്ങൾ ഭൂവുടമകൾക്കും, പൊലീസുകാർക്കും,രാഷ്ട്രീയക്കാർക്കും നേരെ തന്റെ ഒറ്റയാൾ പോരാട്ടം തുടർന്നു.പോലീസ്റ് സ്റ്റേഷനുകളിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും ശാരീക ഉപദ്രവങ്ങൾ നേരിട്ടെങ്കിൽ പോലും ദയാബായി പിന്മാറിയില്ല.

ടിൻസായിൽ നിന്ന് ദയാബായി ബാറൂളിലെത്തി.ഗോത്രവർഗ്ഗ സ്ത്രീകൾക്കൊപ്പം കൂലിപ്പണിയെടുത്തു.തന്റെ കുടുംബത്തിൽനിന്നും കിട്ടിയ വീതംകൊണ്ട്‌ ബാറൂളിൽ രണ്ട്‌ ഏക്കർ സ്ഥലം വാങ്ങി.കീടനാശികൾ തളിക്കാതെ, മഴവെള്ളത്തിന്റെ സഹയത്തോടെ കൃഷിയിൽ എങ്ങനെ സ്വയംപര്യാപ്തത എങ്ങനെ നേടാമെന്ന്‌ ദയാബായി ഗ്രാമീണരെ പഠിപ്പിച്ചു.സ്വന്തം കൃഷിയിടത്തിൽ നിന്നും കിട്ടുന്നവ ഭക്ഷണമാക്കി എഴുപതാം വയസ്സിലും തന്റെ ജീ‍വിതം ഒരു പോരാട്ടമാക്കിയിരിക്കുകയാണ് ദയാബായി.ഒറ്റക്കല്ല കൂടെ കൂട്ടിന് ആക്രോശ്‌ എന്ന പട്ടിയും ഗോരി എന്ന പൂച്ചയും!

ഉന്നത ബിരുദങ്ങളും പണവും നല്ല ജോലിയും ഉപേക്ഷിച്ച് ദാരിദ്ര്യപരമായ ജീവിതം അവർ സ്വയം തെരഞ്ഞെടുക്കുകയായിരുന്നു.മദ്ധ്യ പ്രദേശിലെ പിന്നാക്ക വിഭാഗമായ ഗോണ്ടുകൾ എന്ന ആദിവാസികളുടെ കൂടെ അവരിലൊരാളായി,അവരുടെ വസ്ത്രരീതിയും ജീ‍വിതരീതികളും സ്വീകരിച്ച് ജീവിക്കാൻ തുടങ്ങി. അവരോടൊപ്പം കൂലിപ്പണിയെടുത്തു അവർക്ക് വേണ്ടി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി മർദ്ദനങ്ങൾക്കിരയായി,പല്ലുകൾ കൊഴിഞ്ഞു.എന്നാൽ ഇതൊന്നും ദയാഭായിയെ തന്റെ ലക്ഷ്യത്തിൽ നീന്ന് പിന്തിരിപ്പിച്ചില്ല.സഹനത്തിലൂടെ ചെറുത്തുനിൽ‌പ്പിലൂടെ അവർ മുന്നേറി.ആ പരിശ്രമത്തിന്റെ ഫലമായി ഗ്രാമത്തിൽ വിദ്യാലയങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുണ്ടായി.ആദിവാസികളെ അക്ഷരം പഠിപ്പിച്ചു, അവർക്കായി നിയമയുദ്ധങ്ങൾ നടത്തി.കുതിരപ്പുറത്തു കയറി അവർ ഗ്രാമങ്ങൾ തോറും സഞ്ചരിച്ചു.അവരുടെ ഭാഷയിലൂടെ തെരുവുനാടകങ്ങളും കവിതകളും പാട്ടുമൊക്കെ ആശയങ്ങൾക്കായി ഉപയോഗിച്ചു. ഗാന്ധിജിയുടേയും യേശുക്രിസ്തുവിന്റേയും ജീവിതവും ആശയങ്ങളുമാണ് ദയാബായിക്ക് ഇന്നും പ്രചോദനങ്ങൾ.

സപ്ന അനു ബി ജോർജ്