ശ്രാദ്ധമുറ്റത്തെ ബലിക്കാക്കകൾ: ചെറുകഥ

ശ്രാദ്ധമുറ്റത്തെ ബലിക്കാക്കകൾ: ചെറുകഥ

           ചെറിയാൻ ടി കീക്കാട് ദുബായ്
അയാൾ പതിവ്പോലെ അന്നും അത്താഴമൊക്കെ കഴിഞ്ഞു ഉറങ്ങാനുള്ള പുറപ്പാടായി. എന്നും അത്താഴം, കുപ്പുസും പരിപ്പ് കറിയും. വെള്ളിയാഴ്ച ഉച്ചയ്ക്കത്തെ ചിക്കൻ ബിരിയാണ് ആകെയുള്ള ആഢംബര ആഹാരം. തിരുവല്ല സ്വദേശി തോമസിന്റെ കൺസ്ട്രക്ഷൻ കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേറ്ററായാണ് അയാൾക്ക് ജോലി. വെറും ഹെൽപ്പറായിട്ടായിരുന്നു തുടക്കം. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റും, ഉച്ച ഭക്ഷണവും സ്റ്റീൽ കര്യറിൽ തയ്യാറാക്കി രാവിലെ അഞ്ചു മണിയാകുമ്പേഴേക്കും കമ്പനി വക   ബസ്സിൽ കയറണം.  ആറരയാകുമ്പോഴേക്കും സൈറ്റിൽ എത്തും. ചൂടുകാലമായതിനാൽ ഉച്ചക്കു പന്ത്രണ്ടു മണി വരെ ജോലി ചെയ്യണം. ജൂലൈ മാസത്തിലെ അതികഠിനമായ ചൂടിലും മരുഭൂമിയിൽ പണിയെടുക്കുമ്പോഴും ഇതൊക്കെ അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങണമെന്ന് വിചാരിക്കും. എന്നാൽ പണി തീരാത്ത വീടിന്റെ ലോൺ അടയ്ക്കണം. മകളുടെ സ്ത്രീധനത്തിന്റെ ബാക്കി ഇനിയും കൊടുക്കാനുണ്ട്. ദേവൂവിന്റെ ആഭരണങ്ങളൊക്കെ പണയമാണ്.
ബി. എ. പാസ്സായ തനിക്ക് ഒരു ജോലി ലഭിക്കാതെ വന്നപ്പോഴാണ് സുഹൃത്തിന്റെ പരിചയമുള്ള കമ്പിനിയിൽ ഹെൽപ്പറായി ജോലിക്കു പ്രവേശിച്ചത്. കോളേജ് കാലത്ത് ചെറുകഥകളും, കവിതകളും എഴുതിയിരുന്ന രാധാകൃഷ്ണൻ നായർ അഥവ 'രാധ' എല്ലാവരുടേയും കണ്ണിലുണ്ണിയായിരുന്നു. എന്നാൽ ഇപ്പോൾ അക്ഷരങ്ങൾ കരിമ്പാറകളായി മനസ്സിൽ ഉറഞ്ഞു പോയി. മരുഭൂമിയിലെ മണൽക്കാട്ടിൽ എന്തു ഭാവന. എങ്കിലും കിട്ടുന്ന അവസരങ്ങളിലൊക്കെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കും.
അയാൾ ഓർത്തു...
         അകലങ്ങളിൽ അലയുന്നവരുടെ അധിനിവേശത്തിന്റെ അനാഥത്വമാണ്  പ്രവാസത്തിൻ്റെകാലം .
ഒരു സമസ്യ പോലെ കാലം എപ്പോഴും ബാക്കിയാക്കുന്നത് ബാധ്യകളുടെ ബാക്കിപത്രങ്ങൾ.
ആഗ്രഹമുണ്ടായിട്ടല്ല, കടമകളുടെ വീട്ടാക്കടങ്ങൾ കൂട്ടിക്കിഴിക്കുമ്പോൾ  നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിൽ നിന്ന് ചീന്തിയെറിഞ്ഞ കടലാസു തുണ്ടുകൾ നൂലുപൊട്ടിയ പട്ടം പോലെ ലക്ഷ്യം നടഷ്ടപ്പെട്ട് മോഹഭംഗങ്ങളുടെ ആഴക്കടലിൽ മുങ്ങിതാഴുന്നു.
മക്കളെ കണ്ടും മാമ്പൂ കണ്ടും മരിക്കണമെന്നത്  വെറുമൊരു മുത്തശ്ശിക്കഥയായിരുന്നു എന്നു സ്വയം തിരിച്ചറിയുമ്പോഴേക്കും അസ്തമയം അടുക്കാറാവും. 
'കൺമുന്നിലൂടെ വളർന്നുവെന്ന് മക്കളെ കുറിച്ചു പറയാൻ പറ്റാത്ത ദുരവസ്ഥ. 
ഈ മരുഭൂ പ്രയാണം എന്തിനായിരുന്നു....?
നെരിപ്പോടുകളെരിയുന്ന ഉഷ്ണകാല ഊഷ്മാവിൽ നെയ്തിരികളായി കത്തിയമരാനായിരിക്കുമോ?
ഈ തീർത്ഥാടനം. (ഭിക്ഷാടനം ?)
ആർക്കുവേണ്ടി ....?
എന്റേതെന്നു ഉറപ്പിക്കാനൊന്നുമില്ലാത്ത ഇടംമാറ്റങ്ങളുടെ  ശൈത്യകാലം . ശ്രാദ്ധമുറ്റത്തേക്ക് ബലിക്കാക്കകളെ നനഞ്ഞ കൈകൊട്ടി വിളിക്കേണ്ട മക്കളും പേരക്കിടാങ്ങളും അന്യ ഭൂഖണ്ഡങ്ങളിൽ ചേക്കേറി . സ്നേഹ ബന്ധങ്ങളുടെ വേരുകൾ അറ്റുപോയോരു മാനവ സംസ്കാരത്തിന്റെമൂല്യശോഷണം സംഭവിച്ചുപോയ പ്രവാസങ്ങൾ. ഇടം തേടുന്നവരുടെ അതിജീവനത്തിന്റെ അർത്ഥ ശൂന്യത .
വിസ്മൃതിയുടെ കരിമ്പടത്തിനുള്ളിൽ ആലസ്യത്തിലേക്കൂഴ്ന്നിറങ്ങിയ ഒരുനിമിഷാർദ്ധത്തിൽ,  കണ്ടു മറന്ന ചലച്ചിത്രം പോലെ രാധാകൃഷ്ണൻ നായരുടെ  ഉപബോധ മനസ്സിലേക്ക്  ദൃശ്യങ്ങൾ കടന്നുവന്നു.
  മോക്ഷ പ്രാപ്തിക്കായി ഇനിയും വരാത്ത ബലിക്കാകൾക്കായി പിണ്ഡംവച്ചവർ കാത്തിരിക്കുന്നു. അമ്മാവനും മുത്തച്ഛനും .
നാക്കിലയിലെ ദര്‍ഭാസനത്തില്‍ മന്ത്രോച്ചാരണത്തോടര്‍പ്പിക്കുന്ന പിണ്ഡത്തില്‍ പിതൃക്കളെ ആവാഹിച്ചിരുത്തി ആത്മശാന്തിക്കായുളള പ്രാര്‍ഥനാമന്ത്രങ്ങള്‍ ഉരുവിടുമ്പോൾ 
ന്റെ ദേവൂ ! നിന്റെ ആത്മാവും മോക്ഷം കിട്ടാതെ അലയുകയായിരിക്കും.....!
വെളിപാടുകളുടെ വേലിയേറ്റത്തിൽ അയാൾ ഞെട്ടി ഉണർന്നപ്പോൾ മറ്റു സഹപ്രവർത്തകർ ജോലിക്കായി പുറപ്പെട്ടു കഴിഞ്ഞു..  അയാൾക്കായി അന്ന് ഒരു പുതിയ പുലരി പിറന്നു. വന്യമായ ഏകാന്തതയുടെ ഒറ്റപ്പെടലിൽ
ഒരു തുണ്ടു പേപ്പറിൽ അയാൾ ഇങ്ങനെ കുറിച്ചു.
"40 വർഷത്തെ പ്രവാസം. ഇനി ഞാൻ വിശ്രമിക്കട്ടെ......."
നാലു പതിറ്റാണ്ടു  പ്രവാസത്തിന്റെ പടിയിറങ്ങുമ്പോൾ  
മനസ്സിൽ പുലർകാല മഞ്ഞിന്റെ നനുത്ത തണുപ്പായിരുന്നു.
പിന്നെ കാച്ചിയ എണ്ണയുടെ മണമുള്ള ഈറൻ മുടികളൊടെ ദീപാരാധന തൊഴുതു മടങ്ങുന്ന  ദേവൂന്റെ സാമിപ്യത്തിനായ് അയാളുടെ മനസ്സ്, ആ ഗ്രാമ വഴികളിലൂടെ  അതിവേഗം സഞ്ചരിച്ചു.
അപ്പോൾ എതിരെ അലാറം മുഴക്കി വന്ന ആംബുലൻസിൽ ഹൃദയം നിലച്ചുപോയൊരു
മനുഷ്യ ജീവനുണ്ടായിരുന്നു.
അത് ദേവൂന്റേതായിരുന്നു എന്നതയാൾ അറിഞ്ഞിരുന്നില്ല........!
ദേവൂന്റെ ആത്മാവിന്റെ മോക്ഷ പ്രാപ്തിയ്ക്കായി പ്രാത്ഥനാ മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ട് , പിണ്ഡംവച്ച് ശ്രാദ്ധമുറ്റത്തേക്ക് ബലിക്കാക്കകളെ നനഞ്ഞ കൈകൊട്ടി വിളിച്ച്  അയാൾ കാത്തിരുന്നു ..........!!
മുത്തച്ഛൻ, അമ്മാവനോട് തിരക്കി ...
" കൊച്ചു മക്കൾ .....?"
"ഉണ്ണിമായയും അപ്പുവും,അവർ അന്യദേശത്തല്ലെ മുത്തച്ഛാ ? അവർക്ക് വരാനാവില്ല...." അമ്മാവന് കള്ളം പറയാനറിയില്ലന്ന് ആ മുഖത്തു നിന്നും മുത്തച്ഛൻ വായിച്ചെടുത്തു. അതു തിരിച്ചറിഞ്ഞ അമ്മാവൻ ആശ്വാസത്തിനായി പറഞ്ഞു
"ഓപ്പോളുടെ കൊച്ചുമകൻ അവർക്കെല്ലാം ചടങ്ങുകൾ മൊബൈൽ ഫോണിലൂടെ കാട്ടി കൊടുക്കുന്നുണ്ടായിരുന്നു ...."
"ന്റെ ചിതയിൽ കൊള്ളിവയ്ക്കാനെങ്കിലും അവർ വന്നിരുന്നെങ്കിൽ : "
മുത്തച്ഛന്റെ ദീർഘനിശ്വാസത്തിനൊരു നനവുണ്ടായിരുന്നു. കണ്ണുകളിലും.....
അപ്പോൾ അയാളും ദേവുവുംകല്യാണ പിറ്റേന്ന് തൊടിയിൽ നട്ട തേന്മാവിൽ കൊമ്പിലിരുന്നൊരു കാക്ക ഉറക്കെ ഉറക്കെ കരഞ്ഞു.
അയാൾ നീട്ടി വിളിച്ചു 
"ന്റെ ദേവൂ ...."
വാക്കുകൾ തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടി അയാൾ ആ ശ്രാദ്ധമുറ്റത്തു കുഴഞ്ഞു വീണു.
അപ്പോൾ തേന്മാവിൻ കൊമ്പത്ത് മറ്റൊരു ഇണക്കാക്ക കൂടി പറന്നു വന്നു. 
പിന്നീട് ആ ബലികാക്കൾ ഒന്നിച്ച് പിണ്ഡം കഴിച്ച ശേഷം ആത്മസംതൃപ്തിയോട്
ദുരെ എവിടേയ്ക്കോ പോയ് മറഞ്ഞു......!
അപ്രതിക്ഷിതമായി ആഞ്ഞു വീശിയച്ചുഴലികാറ്റിൽ , ശ്രാദ്ധമുറ്റത്തേറ്റ് തേൻമാവ് കടപുഴകി വീണു.......