യുവജനോത്സവത്തിന് 'ഇൻതിഫാദ' വേണ്ട; പേര് വിലക്കി കേരള സര്‍വകലാശാല വി സി

യുവജനോത്സവത്തിന് 'ഇൻതിഫാദ' വേണ്ട; പേര് വിലക്കി കേരള സര്‍വകലാശാല വി സി
തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിന് 'ഇൻതിഫാദ' എന്ന പേരു നല്‍കുന്നത് വിലക്കി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മല്‍ ഉത്തരവിറക്കി.
ഇസ്രായേലിനെതിരെ പലസ്തീൻ ഉപയോഗിക്കുന്ന പേരായതിനാല്‍ കലോത്സവത്തില്‍ ഉപയോഗിക്കരുതെന്ന് കാട്ടി വിസിക്ക് പരാതി ലഭിച്ചിരുന്നു. ഈ പേരിന് കലയുമായോ സംസ്കാരമായോ ബന്ധമില്ലെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിസിയുടെ നടപടി.

ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് വൈസ് ചാൻസലർ ഉത്തരവില്‍ വ്യക്തമാക്കി. പോസ്റ്ററുകളിലോ ബാനറുകളിലോ പോലും ഈ പേര് ഉപയോഗിക്കാൻ പാടില്ലെന്നും രജിസ്ട്രാർ മുഖേന ഇറക്കിയ ഉത്തരവില്‍ വെസ് ചാൻസലർ വ്യക്തമാക്കി. യൂണിയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും വിസി പറഞ്ഞു.

പരാതി ലഭിച്ചതിനെ തുടർന്ന് വിസി റജിസ്ട്രാറോട് വിശദീകരണം തേടി. റജിസ്ട്രാർ സ്റ്റുഡൻസ് സർവീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറോടും േകരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനോടും വിശദീകരണം തേടി. തുടർന്നാണ് കലോല്‍സവത്തിന്റെ എല്ലാ പ്ലാറ്റ്ഫോമുകളില്‍നിന്നും 'ഇൻതിഫാദ' എന്ന വാക്ക് ഒഴിവാക്കാൻ വിസി നിർദേശിച്ചത്.

അതേസമയം, ഇൻതിഫാദ എന്ന പേര് പിൻവലിക്കില്ലെന്ന് യൂണിയൻ നേതാക്കള്‍ അറിയിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. കോടതി വിധി വരെ പേരു മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും യൂണിയൻ വ്യക്തമാക്കി.