നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്

നിമിഷപ്രിയയുടെ അമ്മ  യെമനിലേക്ക്

കൊച്ചി : യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലേക്ക്. നിമിഷപ്രിയയെ കാണാൻ പോകാനുള്ള വീസ കഴിഞ്ഞയാഴ്ച പ്രേമകുമാരിക്കു ലഭിച്ചിരുന്നു. വീസ ലഭിച്ച സന്നദ്ധ പ്രവർത്തകനായ സാമുവൽ ജെറോമും പ്രേമകുമാരിക്കൊപ്പം പോകുന്നുണ്ട് . കിഴക്കമ്പലത്തിന് സമീപമുള്ള ഒരു വീട്ടിൽ എട്ടുവർഷമായി ജോലി ചെയ്താണ് പ്രേമകുമാരി ജീവിക്കുന്നത്.

യമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. നിമിഷപ്രിയ കൊലപ്പെടുത്തിയെന്നാരോപിക്കുന്ന തലാലിന്റെ കുടുംബം ചർച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമൻ റിയാൽ നഷ്ടപരിഹാരത്തുക നൽകേണ്ടി വരുമെന്നും യെമൻ ജയിലധികൃതർ നേരത്തെ അറിയിച്ചിരുന്നു. തലാലിന്റെ കുടുംബത്തെ നേരിൽ കാണാനാണു പ്രേമകുമാരിയുടെ യാത്ര. 2017ൽ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ യെമനിലെ ജയിലിൽ തടവിൽ കഴിയുന്നത്. നിമിഷപ്രിയയും സുഹൃത്തും ചേർന്നു തലാലിനെ കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചത് യെമനിലെ സുപ്രീം കോടതിയും ശരിവച്ചിരുന്നു. ഈ സാഹചര്യത്തിൽ യെമൻ പൗരന്റെ കുടുംബത്തെ കാണാനുള്ള പ്രേമകുമാരിയുടെ അപേക്ഷ ഡൽഹി ഹൈക്കോടതി അനുവദിക്കുകയായിരുന്നു.

 ‘‘വീസാ നടപടികൾ പൂർത്തിയായി. ഇനി ടിക്കറ്റ് എടുക്കണം. ഏതു വഴിക്കാണ്  പോകേണ്ടത് എന്നതു സംബന്ധിച്ച് മുംബൈയിലെ ഒരു ട്രാവൽ ഏജൻസിയുമായി ചർച്ച നടന്നുവരികയാണ്. അതു തീരുമാനമായാൽ യാത്രാ തീയതി തീരുമാനിക്കും. ഇന്ത്യൻ‍ എംബസിയും എല്ലാവരുമായി ചർച്ചകൾ നടക്കുന്നുണ്ട്. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ പോകാൻ കഴിയുമെന്നാണ് പ്രതീക്ഷ’’ –പ്രേമകുമാരിക്കു വേണ്ടി ദില്ലി ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. ആദ്യം നിമിഷപ്രിയയെ കാണാനാണ് ശ്രമിക്കുകയെന്നും അതിനുശേഷം യെമൻ പൗരന്റെ കുടുംബത്തെയും കാണുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .