യാത്രയിൽ പച്ച വിളക്കു തെളിയുന്ന ചിലയിടങ്ങൾ : കഥ, മിനി സുരേഷ്

യാത്രയിൽ പച്ച വിളക്കു തെളിയുന്ന ചിലയിടങ്ങൾ : കഥ, മിനി സുരേഷ്

സ്റ്റ് ഷോ വിട്ട സമയമായിരുന്നു അത്. നഗരത്തിലെ മൂന്നു സിനിമാതീയേറ്ററുകളും ഒരിടുങ്ങിയ വഴിയുടെ അറ്റത്താണ്. അതുകൊണ്ട് തന്നെ ഓരോ  ഷോയും കഴിയുമ്പോൾ പുറത്തേക്കും,അകത്തേക്കുംപോകുന്ന വാഹനങ്ങളും ,കാൽനടക്കാരും ചേർന്നു വൻ ഗതാഗതക്കുരുക്ക് അവിടെ സൃഷ്ടിക്കാറുണ്ട്.  നിര നിരയായി നിർത്തിയിട്ടിരിക്കുന്ന വാഹന നിരകളുടെ ഇടയിലൂടെ നടന്നു മെയിൻറോഡിലെത്തണമെങ്കിൽ നല്ല അഭ്യാസംവേണം. ഇടവഴിയുടെ ഒരറ്റത്തുള്ള ഹോട്ടലിൽ നിന്നും പൊരിച്ച കോഴിയുടെ  ഗന്ധം പ്രസരിക്കുന്നുണ്ടായിരുന്നു. അടുത്തുള്ള മദ്യശാലയിൽ മദ്യം വാങ്ങുന്നവരുടെയും മദ്യപിച്ച്ലക്ക് കെട്ട് കുഴഞ്ഞാടി വീഴുന്നവരുടെയും ബഹളങ്ങളും കലപിലകളും കേൾക്കാം. സ്ലാബിളകി കിടക്കുന്ന വഴിയോരത്തെ ഓടയിൽ വീഴാതെ കിണഞ്ഞു പരിശ്രമിച്ച് രാധമ്മ അയാൾക്കൊപ്പം നടന്നെത്തുവാൻശ്രമിച്ചു കൊണ്ടിരുന്നു. അവളോടുള്ള വാശി തീർക്കുവാനെന്നപോലെ ആയത്തിൽ അയാളും  വേഗത്തിൽ നടന്നു. 

എന്തോ ഇപ്പോൾ സിനിമ കാണുവാനൊന്നും യാതൊരു താൽപര്യവും തോന്നുന്നില്ല. വിവാഹംകഴിഞ്ഞ കാലങ്ങളിൽ എത്ര സന്തോഷത്തോടെയായിരുന്നു സിനിമകൾക്കും യാത്രകൾക്കുമെല്ലാം പോയിരുന്നത്.  എല്ലാം തകർത്തത് അവളായിരുന്നു. യക്ഷിയെപ്പോലെ ചോര കുടിക്കാനെത്തിയ അയൽക്കാരി. അതു വരെ സ്വന്തമെന്നു കരുതിയതെല്ലാം ഒരു നിമിഷം കൊണ്ട് കൈകളിൽനിന്നും ഊർന്നു പോയപ്പോൾ പകച്ചു പോയി. മറക്കുവാൻ കഴിയാത്ത സഹനത്തിന്റെ നാളുകൾ . പിന്നെ കുട്ടികൾക്കു വേണ്ടി മാത്രമായി ഉള്ളജീവിതം. വേട്ടയാടിപ്പിടിച്ച ഇരയെ ഉപേക്ഷിച്ച് അയൽക്കാരി കുറെനാൾ കഴിഞ്ഞ് അത്യാവശ്യം സമ്പാദ്യവുമൂറ്റിവീടു മാറിപ്പോയി. പക്ഷേ ആ ബന്ധം തലോടി വളർത്തികാത്തു സൂക്ഷിക്കാത്തതിന്റെ പരിഭവം ഇന്നും അദ്ദേഹത്തിനുണ്ട്. അതിന്റെ ഈർഷ്യ എല്ലാ  കാര്യത്തിലും കാണാം. ഒരു താല്പര്യവുമില്ലാതെയാണ് ഇന്ന് പടത്തിനു പോലും പോന്നത്. കുട്ടികൾ വളർന്ന് സ്വന്തം ചിറകിൽ പറന്നകന്നെങ്കിലും അക്കാലത്തിന്റെ മുറിപ്പാടുകളും,വിടവുകളും മായാതെ ഇന്നും കുത്തിനോവിക്കുന്നുണ്ട്.

മകന്റെ കൂട്ടുകാരൻ അഭിനയിച്ച ചലച്ചിത്രമാണ് കണ്ടത്. അച്ഛനും അമ്മയും പോയി കാണണമെന്ന് അവൻ വാശി പിടിച്ചതു കൊണ്ടുമാത്രമാണ് ഇന്നിറങ്ങിയത്. അല്ലെങ്കിൽ രാവിലെ ഉണരുന്നു,വീട്ടുജോലികൾ തീർക്കുന്നു. തികച്ചുംയാന്ത്രികമായി ഒരു ദിവസം കൂടി തള്ളി നീക്കും, അത്ര തന്നെ ."ഒന്നിത്തിരി പതുക്കെ പോകുവോ"അവൾ  അയാളോട് വിളിച്ചു പറഞ്ഞു. അതു കേൾക്കാത്ത മട്ടിൽ അയാൾ തിരിഞ്ഞു നോക്കാതെ കാൽ നീട്ടി ആയത്തിൽ നടന്നു കൊണ്ടിരുന്നു.  ഇടവഴിക്കിപ്പുറം ബസ്സ് സ്റ്റാന്റാണ്. അവിടെ നിന്നും അര മണിക്കൂർ യാത്രയുണ്ട്  വീട്ടിലെത്തണമെങ്കിൽ. ഇരുളിൽ നിന്നും വെളിച്ചം കാണുന്നവരുടെ സമാധാനം അവളിൽ നിറഞ്ഞു. നൈറ്റ് പട്രോളിംഗിനെത്തിയ പോലീസ് വാഹനം കൂടി കണ്ടതോടെ അവൾ നടപ്പിനു വേഗം കുറച്ചു. 'അങ്ങോട്ടോടി ചെല്ലട്ടെ, ധൃതി വച്ച് വീട്ടിൽ ചെന്നിട്ട്ടി.വിയുടെ മുന്നിൽ കുത്തിയിരിക്കാനുള്ള സൂക്കേടാ.. അവൾ പിറുപിറുത്തു.

 പെട്ടെന്നാണ് അവളുടെ ശ്രദ്ധ എതിരെ വരുന്നവരിൽ ഉടക്കിയത്. ഇരുപതു വയസ്സിനടുത്തുപ്രായം വരുന്ന ബംഗാളികളായ രണ്ടു ചെറുപ്പക്കാർ. അവരുടെ നടുവിലായി അവശയായ ഒരു യുവതി. അവളും അവരുടെ നാട്ടുകാരി തന്നെയാണെന്നാണ് വേഷഭൂഷാദികളിൽ നിന്നും മനസ്സിലാക്കാൻ പറ്റുന്നത് . തളർന്നു വീഴാറായ അവളെ ഒരുവൻ താങ്ങിപ്പിടിച്ചിട്ടുണ്ട്. മറ്റേയാൾ തിരക്കിട്ട് ആരോടോ ഫോണിൽ സംസാരിക്കുകയാണ്.        അവളെ അവർ മറികടന്നു നീങ്ങുന്നതിനിടയിൽ അവൻ പറയുന്നത് രാധമ്മവ്യക്തമായി കേട്ടു."ആപ് കേലിയേ ഏക് അച്ഛീ ലട്കീ ലായാ"കുറച്ചു ഹിന്ദിയൊക്കെ അറിയാവുന്നതിനാൽ രാധമ്മ അവന്റെ മൊബൈൽ സംഭാഷണം ഞെട്ടലോടെയാണ്  മനസ്സിലാക്കിയത്. ദൈവമേ , ഇവരീ കൊച്ചിനെ എവിടുന്നോ തട്ടിക്കൊണ്ടു വന്നതാണല്ലോ? കണ്ടിട്ട് ഏതോ കൊള്ളാവുന്ന വീട്ടിലെയാണെന്ന് തോന്നുന്നു. പ്രേമം നടിച്ചു വശത്താക്കി കൊണ്ടു വന്ന് ആർക്കൊക്കെയോ കാഴ്ച വച്ച് പണം സമ്പാദിക്കുന്നു. ഒത്തിരി സ്ഥലങ്ങളിൽ കറക്കിയ ലക്ഷണമുണ്ട് അതിനെ കണ്ടിട്ട്. അവർക്കു പെട്ടെന്ന് തന്റെ പേരക്കുട്ടിയുടെ മുഖം ഓർമ്മ വന്നു.എത്ര കരുതലോടെയാണ് തങ്ങൾഅവളെ തങ്ങൾ വളർത്തുന്നത്. ഏതോ നാട്ടിൽ ഇവളെയും  കാത്ത് ഒരമ്മ കണ്ണീരോടെ കഴിയുന്നുണ്ടാവും! പിന്നെ അവർ ഒന്നുമോർത്തില്ല. തെല്ലകലെ മാറിക്കിടക്കുന്ന പോലീസ് ജീപ്പിനടുത്തേക്കു ചെന്നു.


   പെൺകുട്ടിയെയും കൊണ്ട് ബംഗാളി ചെറുപ്പക്കാർകയറിയ ബസ്സ് ലക്ഷ്യമാക്കി പോലീസുകാർ നീങ്ങിയപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. തന്നെക്കൊണ്ടും ദൈവത്തിന് എന്തെങ്കിലും പദ്ധതികൾ കാണും ഈഭൂമിയിൽ എന്നവളോർത്തു. ഒരു ദൗത്യം തന്നെ ഏൽപ്പിച്ചിരുന്നു ഈശ്വരൻ. ജീവിതം ഒരിക്കലും വെറുതെയല്ല.ചില കാലങ്ങളിൽ കൊഴിയുകയും,ചിലപ്പോൾ തളിർക്കുകയും ചെയ്യുന്ന പ്രതിഭാസം. ചില സമയങ്ങളിൽ അവതാരമാകുകയും, അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്യുന്നു.


       അവർക്കു കയറാനുള്ള ബസ്സ് കടന്നു പോയതിന്റെ ദേഷ്യത്തിൽ തെല്ലകലെ അവളുടെ ഭർത്താവ് പിറു പിറുത്തു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.അയാളുടെ ദേഷ്യങ്ങളെനേരിടുവാനുള്ള ധൈര്യം എവിടെ നിന്നോ അവൾക്കു കൈ വന്നിരുന്നു.  ട്രാഫിക് ലൈറ്റിന്റെ പച്ച വെളിച്ചത്തിൽ പോലീസ് വാഹനം കടന്നു പോകുന്നതവൾ കണ്ടു.