യാത്ര; കവിത, ശുഭ ബിജുകുമാർ

യാത്ര; കവിത, ശുഭ ബിജുകുമാർ

 

യാത്ര പുറപ്പെടുന്നു ഞാൻ 

തറവാടിനങ്കണം കടന്നു 

പിറന്ന നാടും കടന്നു ദൂരേയ്ക്കു ദൂരേയ്ക്കു

 

 വഴിയിൽ നിന്നാ 

 കാക്ക പൂവുകൾ 

തലയാട്ടി യാത്ര പറഞ്ഞു 

 

കാവിലെ ഏതോ പൂവിൻ 

ഗന്ധമെന്നേ തൊട്ടു തലോടി 

ഒരു പൊട്ടായി ഗ്രാമം മറയുന്നു   

 

ആത്മാക്കളുടെ താഴ്  വരകളിലിന്നലെ

കൊഴിഞ്ഞു  വീണ പ്രിയമുള്ളവരെ കണ്ടു 

അവരെനിക്കായ്  മംഗളമോതുന്നു 

മറഞ്ഞു പോയിട്ടും മനസ്സിന്റെ 

വാതായനങ്ങളിൽ ഇടയ്ക്കിടെ 

എത്തിനോക്കുന്നവർ 

 

നാളെയെന്തെന്നറിയാതെ 

നാളയെ കുറിച്ചേറെ കനവു

കണ്ടവർ 

 

പച്ചനിറമുള്ള കല്പടവുകളിൽ 

 പൊഴിഞ്ഞു വീണ 

ശംഖു പുഷ്പ്പങ്ങൾ 

 

നീണ്ട വീഥിയിൽ 

നിരയായ വന്മരങ്ങൾ 

ശാഖികൾ  ചേർത്തു 

പുണർന്നു നിന്നു 

 

അവരുടെ ഗാഡാമായ 

ആലിംഗനം ഭേദിച്ചു 

ഒരു തരി വെളിച്ചം പകരുവാ നാകാതെ 

അർക്കൻ നാണിച്ചു 

കണ്ണു ചിമ്മി 

 

പച്ച തലപ്പുകളിൽ നിന്നും  

ഭംഗിയേറുന്ന കുഞ്ഞു

പക്ഷികൾ പറന്നു പൊങ്ങി 

ഗ്രാമവിശുദ്ധി നെഞ്ചിൽ 

ചേർത്തു ഞാൻ മടങ്ങട്ടെ 

 

ശുഭ ബിജുകുമാർ