മടക്കം; കവിത, ടോബി തലയല്‍

മടക്കം; കവിത, ടോബി തലയല്‍




വിടേക്കെന്നറിയാത്തൊരു
യാത്ര കഴിഞ്ഞയാള്‍
മടങ്ങിയെത്തുമ്പോള്‍
വീട്ടുമുറ്റത്ത്‌ കാറ്റ്‌
കരിയിലക്കുഞ്ഞുങ്ങളെ
നൃത്തം പഠിപ്പിക്കുന്നു;
ഇടുപ്പില്‍ കൈയ്യൂന്നി
മുദ്ര മറന്നപോലെ
നിച്ഛലം നില്‍ക്കുന്നു കുറ്റിച്ചൂല്‌!

ഗെയ്‌റ്റിന്റെ വിടവിലൂടെ
ശബ്ദമുണ്ടാക്കാതെ
അകത്തുകടക്കുമ്പോള്‍
വാല്‍ വളച്ച്‌
ചോദ്യചിഹ്നമായ്‌ നില്‍ക്കുന്നു നായ;
കുട്ടികളുടെ ക്‌ളാസ്സുകഴിഞ്ഞിട്ടില്ല,
ഓരത്തുകൂടെ ഒതുങ്ങിപ്പോകൂ എന്നവന്‍
അപരിചിതത്വം മുരളുന്നു.

പഠനം ബഹുകഠിനം,
ക്ഷീണം മാറിയിട്ടില്ലെന്ന്‌
നടുനിവര്‍ത്തുന്നു പൂച്ച;
പക്കമേളക്കാരന്റെ ചടുലതയോടെ
ആസ്വാദനത്തിന്റെ
ഉയര്‍ന്ന മതിലിലേക്ക്‌
ഇഴഞ്ഞുകയറുന്നു ചേരപ്പാമ്പ്‌!
ഉരുളച്ചോറുണ്ണാന്‍
നനഞ്ഞ കൈകൊട്ടി
ആരെങ്കിലും ക്ഷണിച്ചാലോ-
യെന്ന്‌ ശങ്കിച്ചിരിക്കെ, കാക്ക
ഭൂമിക്കീയിടെ
ചരിവൊട്ടുകൂടിയിട്ടുണ്ടോ-
യെന്നാശങ്കയോടെ പരിശോധിക്കുന്നു.

വരാന്തയില്‍
വേരിറങ്ങിയ കസ്സേരയിലിരുന്ന്‌
അപരിചിത ലിപികളില്‍
ലേഖനമെഴുതുന്നു ചിതലുകള്‍,
തുറക്കാത്ത പത്രങ്ങളില്‍ക്കിടന്ന്‌
മുഷിയുന്നു വാര്‍ത്തകള്‍,
മങ്ങിത്തുടങ്ങുന്നു
നിര്യാതരായ വൃദ്ധരുടെ
യൗവ്വനം തുളുമ്പുന്ന ഫോട്ടോകള്‍!

നൃത്തശാലയിലൊരാസ്വാദകനെപ്പോലെ
വെറുംനിലത്തയാള്‍ ഇരുന്നു
കരിയിലക്കുട്ടികള്‍
ചുറ്റും നൃത്തം ചെയ്യാന്‍ തുടങ്ങി
കാറ്റിന്റെ ചുവടുകള്‍ക്കൊപ്പം
അയാളുടെ കാലുകളും ഇളകുന്നുണ്ടായിരുന്നു.

പെട്ടെന്നോടിയെത്തിയ മഴ
നിലമറന്നു നിന്ന ചൂലിനെ ചേര്‍ത്തുപിടിച്ച്‌
മുറ്റമടിക്കാന്‍ തുടങ്ങി,
കരിയിലകള്‍ താളംതെറ്റിയ ചുവടോടെ
ചൂലിനുപിറകേ പുറത്തേക്കുപോയി,
താക്കോല്‍ കളഞ്ഞുപോയ
വീട്ടുടമസ്ഥനെപ്പോലെ കാറ്റ്‌
വീടിനുചുറ്റും കറങ്ങിനടന്നു;
ഓര്‍മ്മകള്‍ തുറക്കാനാവാതെ അയാളും!