അയല്‍ രാജ്യങ്ങളുടെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് ഷി ജിൻ പിംഗ്

അയല്‍ രാജ്യങ്ങളുടെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താൻ  ശ്രമിച്ചിട്ടില്ലെന്ന് ഷി ജിൻ പിംഗ്

ബീജിംഗ്: മറ്റൊരു രാജ്യത്തെ പ്രകോപിപ്പിക്കാനോ, അവരുടെ പക്കല്‍ നിന്ന് ഒരിഞ്ച് ഭൂമി പോലും സ്വന്തമാക്കാനോ ചൈന ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്.

ഏഷ്യാ-പസഫിക് സാമ്ബത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായി നടന്ന അത്താഴവിരുന്നിനിടെയാണ് ഷി ജിൻ പിംഗിന്റെ പരാമര്‍ശം. അമേരിക്കയും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കുന്നതിനായി എല്ലാവിധ ശ്രമങ്ങളും നടത്തുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഷി ജിൻ പിംഗ് പറഞ്ഞു.

കൂടിക്കാഴ്ചയ്‌ക്കിടെ സിൻജിയാങ്, ടിബറ്റ്, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയ ബൈഡൻ, വിഷയത്തില്‍ ആശങ്കയും അറിയിച്ചു. ഒരു രാജ്യത്തിന്റെ അവകാശങ്ങളെ മാനിക്കുക എന്നത് എല്ലാ രാജ്യങ്ങളുടേയും ഉത്തരവാദിത്തമാണെന്നും വൈറ്റ് ഹൗസ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.

ഇതിന് മറുപടിയായാണ് ചൈന എല്ലാ രാജ്യങ്ങളുടേയും സ്വാതന്ത്ര്യത്തേയും മനുഷ്യാവകാശങ്ങളേയും മാനിക്കുന്നുണ്ടെന്ന് പറഞ്ഞത്.