ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതിക്ക് മക്കളെ വിദേശത്ത് കൊണ്ടുപോകാം
കൊച്ചി: ഭർത്താവുമായി അകന്നുകഴിയുന്ന പ്രവാസി വനിതക്ക് മക്കളെ വിദേശത്തേക്ക് കൊണ്ടുപോകാൻ ഹൈകോടതിയുടെ അനുമതി. തൃശൂർ തളിക്കുളം സ്വദേശിനിയായ യുവതിക്കാണ് ഓട്ടിസവും പഠനവൈകല്യവുമുള്ള രണ്ട് പെണ്‍മക്കളെ യു.എ.ഇയിലേക്ക് കൊണ്ടുപോകാൻ ജസ്റ്റിസ് വി.ജി.അരുണ്‍ അനുമതി നല്‍കിയത്.
2011 ജൂലൈയില്‍ വിവാഹിതരായ ഇവർ അബൂദബിയില്‍ ജോലി ചെയ്യുന്ന ഭർത്താവിനെതിരെ ഗാർഹികപീഡന കേസ് നല്‍കിയിട്ടുണ്ട്. കുട്ടികളെ തന്നോടൊപ്പം നിർത്തി യു.എ.ഇയില്‍ പഠിപ്പിക്കണമെന്ന ആഗ്രഹമാണ് യുവതി കോടതിയെ അറിയിച്ചത്. സന്ദർശനവിസയില്‍ കുട്ടികള്‍ ഒരിക്കല്‍ വന്നെങ്കിലും 60 ദിവസം മാത്രമായിരുന്നു അനുമതി. സ്ഥിരം വിസക്ക് ശ്രമിച്ചപ്പോള്‍ ഭർത്താവില്‍നിന്നുള്ള എൻ.ഒ.സിയോ ഏതെങ്കിലും കോടതിയില്‍നിന്നുള്ള അനുമതിയോ വേണമെന്നായിരുന്നു ആവശ്യം. ഭർത്താവ് എൻ.ഒ.സി നല്‍കാതിരുന്നതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. എന്നാല്‍, ഇതിനായി കുടുംബകോടതിയെയാണ് സമീപിക്കേണ്ടതെന്നായിരുന്നു ഭർത്താവിന്‍റെ വാദം. കുട്ടികളെ കൊണ്ടുപോയാല്‍ തന്നെ കാണാനോ സംസാരിക്കാനോ ഹരജിക്കാരി അനുവദിക്കില്ലെന്നും ജീവനാംശത്തിനടക്കം കേസ് നല്‍കാൻ സാധ്യതയുണ്ടെന്നുമുള്ള ആശങ്കയുമറിയിച്ചു. കുട്ടികളെ കാണുന്നതടക്കം തടയില്ലെന്നും കേസ് നല്‍കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കി യുവതി സത്യവാങ്മൂലം നല്‍കി.
പൗരന്മാരുടെ സുരക്ഷ രാജ്യം ഉറപ്പുവരുത്തണമെന്നും പൗരൻ സുരക്ഷിതനല്ലെന്ന് കണ്ടാല്‍ ഇടപെടണമെന്നുമാണ് ഭരണഘടനയില്‍ പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അനിവാര്യമെങ്കില്‍ കോടതി ഇടപെടലിനും ഭരണഘടന അനുമതി നല്‍കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സുരക്ഷയാണ് ലക്ഷ്യമെന്നതിനാല്‍ കുട്ടികളുടെ രക്ഷാകർതൃത്വം സംബന്ധിച്ച തത്ത്വം പ്രകാരം കുട്ടികളെ മാതാവിനൊപ്പം വിടുന്നതായി കോടതി വ്യക്തമാക്കി. കുടുംബകോടതി ഉത്തരവുകളുണ്ടായാല്‍ പാലിക്കണം, കുട്ടികളുമായി ആശയവിനിമയം നടത്തുന്നതിനോ സന്ദർശിക്കുന്നതിനോ ഭർത്താവിനെ വിലക്കരുത് എന്നീ ഉപാധികളോടെയാണ് അനുമതി നല്‍കിയത്.