വിതച്ചതേ കൊയ്യൂ...കഥ

വിതച്ചതേ കൊയ്യൂ...കഥ

 

 

സോഫിയ മോൾ

 

വിശ്വാസി...

മരിച്ചുവെന്ന്  ഞാനറിഞ്ഞതു എന്റെ ശരീരത്തെ ആരെക്കെയോ മണ്ണിട്ടു മൂടുമ്പോഴാണ്. അപ്പോഴും എന്റെ ആഗ്രഹങ്ങൾ അസ്തമിച്ചിരുന്നില്ല. എന്റെ ശരീരത്തിലേയ്ക്കുതന്നെ തിരികെ കയറുവാനാകുംവിധം പരിശ്രമിച്ചു. ഒടുവിൽ നിഷ്ഫലമായി. രൂപമില്ലാതെ വായുവിലൂടെ  അങ്ങിങ്ങു ഒഴുകി നടന്നു. ഒടുവിൽ ദൈവ സന്നിധിയിലെത്തി. ദൈവത്തിനോട് ആരാഞ്ഞു. "അല്ലയോ ദൈവമെ എനിക്കങ്ങ് സ്വർഗത്തിലേക്കുള്ള  വാതിൽ കാട്ടി തന്നാലും.ഞാൻ സ്വർഗത്തിൽ പൂകുവാൻ യോഗ്യനാണ്. 

ദൈവം പറഞ്ഞു :"നീ സ്വർഗത്തിൽ പോകുവാൻ  യോഗ്യനാണെങ്കിൽ നിന്റെ യോഗ്യതകൾ എന്തെല്ലാമെന്നു പറയൂ കേൾക്കട്ടെ.. "

ഞാൻ പറഞ്ഞു: "അല്ലയോ ദൈവമെ.. ഞാൻ ജനിച്ചത് ഒരു ഹിന്ദുവായിട്ടാണ്.18വയസ്സോളം ഹിന്ദു ധർമത്തിലും ആചാരങ്ങളിലും അധിഷ്‌ഠിതമായി ജീവിച്ചു. പിന്നീട് എനിക്ക് അവയൊക്കെ കൂച്ചുവിലങ്ങുകളായി തോന്നി, അപ്പോൾ ഞാൻ ക്രിസ്തുമതം സ്വീകരിച്ചു. അങ്ങയെ ഞാൻ ആരാധിച്ചു.അങ്ങേയ്ക്കായി മെഴുകുതിരി കൊളുത്തി.എന്റെ പാപങ്ങളെല്ലാം നിത്യേന കുമ്പസാരക്കൂടുകളിൽ ഒതുക്കി.. ഒടുവിൽ കുമ്പസാരവും ഒരു

പാപമാണെന്നറിഞ്ഞപ്പോൾ ഇസ്ലാമിന്റെ ഏക ദൈവ വിശ്വാസത്തിലേയ്ക്കും തിരിഞ്ഞു,ദൈവം അരൂപിയാണെന്ന തിരിച്ചറിവിൽ... എന്നാൽ അവിടെയും ആചാരങ്ങളുടെചട്ടക്കൂടിൽപെട്ടു ഞാൻ ഉഴറി. മുഖാവരണമിട്ടു മൂടി സ്വന്തം സ്വത്വം പുറത്തു കാണിക്കാൻ കഴിയാതെ എന്റെ സ്വപ്നങ്ങളും അഭിലാഷങ്ങളും കൂട്ടിലടയ്ക്കപ്പെട്ടപ്പോൾ ഇനി പോകാൻ ഒരിടമില്ലെന്ന അവസ്ഥ യുമായി. അവസാനം എല്ലാവരാലും ഒറ്റപ്പെട്ടു തെരുവിൽ

ചേതനയറ്റു വീണപ്പോൾ ആരെക്കെയോ വാരിയെടുത്ത് എന്നെ മണ്ണിട്ടു മൂടി. ഒപ്പം എന്റെ ആഗ്രഹങ്ങളെയും ആശകളെയും...... '

അല്ലയോ ദൈവമെ.... !നിന്നെ കാണാൻ,നിന്നെ അറിയാൻ ഞാൻ ഹിന്ദുവായി ക്രിസ്ത്യയാനിയായി, ഇസ്ലാമായി....എല്ലാ വഴിയിലും നിന്നെ തിരഞ്ഞ ഞാൻ തന്നെയല്ലേ സ്വർഗരാജ്യം നേടാൻ യോഗ്യൻ.... ?

ദൈവം പറഞ്ഞു "അല്ലയോ ആത്മാവേ... നീ ഹിന്ദുവായി, ക്രിസ്ത്യയാനിയായി, ഇസ്ലാമായി എന്നൊക്കെ പറഞ്ഞു.. എന്നിട്ട് നീയെന്നെ അവിടെ എവ്ടെയെങ്കിലും കണ്ടോ ?നീയെന്തുകൊണ്ടു  ഒരു മനുഷ്യനായി ജീവിച്ചില്ല. നീയൊരു മനുഷ്യനായി ജീവിച്ചിരുന്നുവെങ്കിൽ നിനക്കെന്നെ കാണാൻ കഴിയുമായിരുന്നു. അന്യന്റെ കണ്ണുനീര് ഒപ്പുമ്പോൾ, അവന്റെ രോഗപീഡകൾ കാണവേ, അവനെ ചേർത്തുനിർത്തി ആശ്വസിപ്പിക്കുമ്പോൾ,നിന്റെ പണത്തിനു മൂല്യമുള്ളത് എപ്പോളെന്നോ അത് അടുത്തവന്റെ അന്നമാകുമ്പോഴാണ് ആ മനസ് നിനക്കുണ്ടാകുമ്പോഴാ ണ്... ഇതൊന്നും ചെയ്യാതെ നീ അമ്പലങ്ങളിലും പള്ളികളിലും മാറി മാറി എന്നെ തേടി നടന്നു. നീയെനിക്കായി ആയിരങ്ങൾ അമ്പലത്തിലും പള്ളികളിലും ചെലവഴിച്ചു . എനിക്കു പണം വേണമെന്നു ഞാൻ പറഞ്ഞോ....? നീ എനിക്കു പണം തന്നിട്ടല്ല ഈ ഭൂവിൽ നിനക്കു  ഞാൻ ജന്മം തന്നത്, നിന്നെ ഞാൻ സംരക്ഷിച്ചതും നിനക്ക് എല്ലാ സുഖങ്ങളും  തന്നതും. സ്വർഗ്ഗരാജ്യം നിനക്കു ഞാൻ ഭൂമിയിൽ തന്നെയാണ് ഒരുക്കിയിരുന്നത്...

അതും നീ തിരിച്ചറിഞ്ഞില്ല. ഇനി നിനക്കിവിടെയുള്ളത് നരകം മാത്രമാണ്.. നിന്റെ അടങ്ങാത്ത ആഗ്രഹത്തിന് നരകലോകം.....