നമുക്കും ചേർന്നു പാടാം കരോൾ ഗാനം: Mary Alex (മണിയ)

നമുക്കും ചേർന്നു പാടാം  കരോൾ ഗാനം:  Mary Alex (മണിയ)

 2000 വർഷങ്ങൾക്കു മുൻപ് മാനവരാശിയുടെ രക്ഷക്കായി പിതാവാം ദൈവം പുത്രനായ യേശുവിനെ മറിയം എന്ന പരിശുദ്ധ കന്യകയുടെ ഉദരത്തിൽ വചനത്താൽ ഉരുവാക്കി ഭൂമിയിൽ ജനിപ്പിച്ചു. അങ്ങനെ ബെത്‌ലഹേമിൽ ഉണ്ണിയേശു ജാതനായി. ആടുകളെ മേയിച്ചു നടന്ന ഒരു കൂട്ടം ആട്ടിടയർക്ക് ഒരു രാത്രിയിൽ ആടുകളുടെ സുരക്ഷക്കായി ഉറങ്ങാതെ തീ കാഞ്ഞു കാത്തിരുന്നപ്പോൾ സ്വർഗത്തിൽ നിന്ന് ഒരശരീരിയിലുടെ ഈ ദൈവപുത്രന്റെ ജനനത്തെക്കുറിച്ച് അറിയിപ്പു ലഭിച്ചു. മറ്റൊരു ദിക്കിൽ ആകാശത്തു കാണപ്പെട്ട ഒരു വാൽ നക്ഷത്രം വിദ്വാന്മാർക്ക് വഴികാട്ടിയായി. കേട്ടവർ കേട്ടവർ വാൽ നക്ഷത്രത്തെ പിന്തുടർന്ന് ബെത്‌ലഹേമിലെ കാലിതൊഴുത്തിൽഎത്തി. ശിരസ്സിനു ചുറ്റും പ്രഭാവലയവുമായി 'അതിശോഭയോടെ പുൽമെത്തയിൽ കീറ്റുശീലയിൽ പൊതിഞ്ഞു കിടത്തിയ ആ പൈതലിനെ അവർ കണ്ടു. അവർ ആനന്ദനൃത്തത്താൽ ആറാടി. 

നമുക്കും അവരോടൊപ്പം ചേർന്ന് നമുക്കു വേണ്ടി ഭൂമിയിൽ ജനിച്ച നമ്മുടെ രക്ഷകനെ കാണാം. ആ ദിവ്യശിശുവിന്റെ ജനനത്തിന്റെ ഓർമ്മയെ ആഘോഷിക്കാം.

യേശു പിറന്നു ഉണ്ണിയേശു പിറന്നു
ബേത്‌ലഹേമിലെ പുൽക്കൂട്ടിൽ
യേശു പിറന്നു ഉണ്ണിയേശു പിറന്നു
കാലിത്തൊഴുത്തിലെ 
                     പുൽമെത്തയിൽ
ആകാശേ കണ്ടൊരു
                            വാൽനക്ഷത്രം
വഴികാട്ടിയായി വിദ്വാന്മാർ 
ദൂതറിഞ്ഞെത്തി  ആട്ടിടയർ
ആരോമൽ പൈതലേ
                               കാണ്മതിനായ്
വാനമേഘേ നിന്നു മാലാഖമാർ
നിര നിരയായി ഇറങ്ങിവന്നു
കിന്നരി വീശിയവർ പറന്നു നിന്നു
പാരിന്റെ രക്ഷകൻ മീതെയായി
ആനന്ദമോടവർ പാട്ടുപാടി
ആരാരും കേൾക്കാത്ത സ്തുതി
                         ഗീതങ്ങൾ
ആട്ടിടയന്മാരതേറ്റു പാടി
ആമോദമോടവർ ആർത്തു പാടി
നമുക്കും ചേർന്നാ പാട്ടു പാടാം
യേശുവിൻ ജനനത്തെ വാഴ്
                                    ത്തീടാം
പാരിൻ രക്ഷകൻ പിറന്നല്ലോ
നമുക്കായ് രക്ഷകൻ പിറന്നല്ലോ.
മൂന്നു രാജാക്കൾ കേട്ടറിഞ്ഞ്
കാഴ്ചകളോടവർ തേടിവന്നു
പൊന്ന്, മൂര്, കുന്തിരിക്കം
കാൽക്കലർപ്പിച്ചു കൈ കൂപ്പി
                            നിന്നു.
അവരും ചേർന്നാ പാട്ടു പാടി
ആമോദമോടവരാർത്തു പാടി
പാരിൽ രക്ഷകൻ പിറന്നല്ലോ
നമുക്കായ് രക്ഷകൻ പിറന്നല്ലോ.