വിഷാദ ഭൂമിക: ഗദ്യ കവിത; മിനി സുരേഷ്

വിഷാദ ഭൂമിക: ഗദ്യ കവിത; മിനി സുരേഷ്
ചിലരുണ്ട്  നിരാശകളുടെ
നിഴൽ പരാഗങ്ങൾ പേറുന്ന
വാട്ട്സ് ആപ്പ് സന്ദേശങ്ങളുമായി
പ്രഭാതങ്ങളെ മടുപ്പിക്കുന്നവർ .
വിഷാദത്തിൻ പരുക്കനാലിംഗനങ്ങളിൽ
ദു:സ്വപ്നങ്ങളുടെ പറുദീസകളിൽ
ഇരുട്ടു മുറ്റിയ തടവറകളിൽ മൗനമുറയുന്ന
ഗുഹകളിൽ ഏകാകിയായലയുന്നവർ
വെളിച്ചമണഞ്ഞ അരമനകളിൽ
സങ്കടത്തിരകളിൽ തളർന്നുറങ്ങുന്നവർ
ഉടമസ്ഥരില്ലാത്ത കൂടാരങ്ങളിൽ
ഭീതി പൂണ്ടൊളിച്ചിരിക്കുന്നവർ
തനിയെ മേയാൻ വിടരുതിവരെ
 ഒപ്പമുണ്ടെന്നെപ്പോഴുമോതണം
സ്നേഹ വാക്കുകളോതി ചേർത്തണയ്ക്കണം
മിഴികളിൽ പ്രതീക്ഷകളുടെ തിളക്കമേകണം
മുറിവുകൾക്കാഴം കൂട്ടാതെയിവർ
ഗുണിച്ചും ഹരിച്ചും കിഴിച്ചും ദഹിപ്പിച്ച
ആഹ്ലാദത്തെ മടക്കിക്കൊടുക്കണം
അലിവുള്ളൊരു ഹൃദയത്തോടെ
വഴിയിടറാതെ കൂടെ നടത്തേണം.