മനഃപൂർവ്വം വൈകിയെത്തി, അനുമതിയില്ലാതെ റോഡ് ഷോ; എഫ്ഐആറിൽ വിജയ്‍ക്കെതിരെ ഗുരുതര ആരോപണങ്ങൾ

ചെന്നൈ: കരൂർ ദുരന്തത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ. റാലിക്കായി മനഃപൂർവ്വം നാല് മണിക്കൂർ വൈകിയെത്തിയതാണ് ദുരന്തത്തിന്റെ പ്രധാന കാരണങ്ങളിലൊന്നെന്നാണ് എഫ്ഐആറിൽ പറയുന്നത്.
അനുമതിയില്ലാതെയാണ് വിജയ് റോഡ് ഷോ നടത്തിയതെന്നും, പാർട്ടിയുടെ ശക്തിയും ജനപിന്തുണയും പ്രദർശിപ്പിക്കാനായി ഇത് മനഃപൂർവ്വം ചെയ്തതാണെന്നും എഫ്ഐആറിൽ പറയുന്നു. പോലീസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് വിജയ് സ്വീകരണം ഏറ്റുവാങ്ങിയതും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കാതിരുന്നതും ഗുരുതര വീഴ്ചയായി എഫ്ഐആറിൽ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, കരൂർ ദുരന്തത്തെക്കുറിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ജനങ്ങളോട് ആവശ്യപ്പെട്ടു. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും, വസ്തുതകൾ അല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.