വാശിക്കാരി: കവിത, ടോബി തലയല്‍

Feb 20, 2021 - 10:05
Mar 16, 2023 - 12:42
 0  808
വാശിക്കാരി: കവിത, ടോബി തലയല്‍

വിടെ പോയാലും
കൂടെ വരണമെന്ന്‌ വാശിപിടിയ്‌ക്കുന്ന
കുസൃതിക്കുരുന്നാണവള്‍!
കുടയില്ല, വെയിലിന്‌ ചൂട്‌ കുറഞ്ഞിട്ടില്ല
എന്നൊക്കെ വിലക്കിയാലും
കൂടെയുണ്ടാവും പിടിവിടാതെ
വിരല്‍ത്തുമ്പില്‍ തൂങ്ങിക്കൊണ്ട്‌.

നടപ്പിനെക്കാള്‍ കിതപ്പ്‌
വേഗത്തിലാകുമ്പോള്‍
മരത്തണലില്‍ പിടിച്ചിരുത്തും
ഉടുപ്പിന്റെ കുടുക്കഴിച്ചവള്‍
നെഞ്ചിലേക്ക്‌ തണുപ്പൂതും
വിയര്‍പ്പു തുള്ളികള്‍ തുടച്ച്‌
കഴുത്തില്‍ കൈചുറ്റി
മുഖത്തുമ്മ വെയ്‌ക്കും
കുറച്ചുനേരം കൂടെ
ഒപ്പമിരിക്കാന്‍ നിര്‍ബന്ധിക്കും
മരച്ചില്ലകള്‍ക്കിടയിലൂടെ
പൂക്കളെ ചിരിപ്പിച്ചുകൊണ്ട്‌
അനായാസം പറന്നു കയറും
പഴുത്തിലകള്‍ അടര്‍ത്തി വിരിച്ച്‌
തല്‍പ്പം പണിയും
പഴുത്ത കായകള്‍ പറിച്ചിട്ടുതരും
പൂക്കളോട്‌ കടം വാങ്ങിയ മണവും
മൃദുലതയും കൊണ്ട്‌ വന്ന്‌
നെറ്റിയില്‍ നനച്ച്‌ വെയ്‌ക്കും
വിഷമങ്ങളൊക്കെ പെട്ടെന്ന്‌
മാറുമെന്നവള്‍ ഉറപ്പുതരും
ആശ്വസിക്കെന്നു പറഞ്ഞ്‌
വീശിക്കൊണ്ടിരിക്കും
എന്നിട്ട്‌ മൃദുവായി കൈപിടിച്ച്‌
മുന്നോട്ട്‌ നടത്തും.

യാത്രയില്‍ അവളുടെ കണ്ണുകള്‍
ശലഭങ്ങളാവും
പിന്നിക്കെട്ടാത്ത മുടി
പാതവക്കത്താടുന്ന ചെടികളാവും
പുഞ്ചിരി ആകാശത്ത്‌
വെളിച്ചം വിരിക്കും
നിശ്വാസങ്ങള്‍ മേഘങ്ങളായി
ഒഴുകിപ്പരക്കും

ഒടുവില്‍, കൊഞ്ചലുകള്‍
കൂടുതേടുന്ന കിളികളായി
നെഞ്ചില്‍ നിന്ന്‌ പറന്നുപോകും.

 

ടോബി തലയല്‍