അർത്ഥമാക്കുന്നത്: കവിത, സുജ ശശികുമാർ

 അർത്ഥമാക്കുന്നത്: കവിത, സുജ ശശികുമാർ

നീ മൗനം കുടിച്ച് കണ്ണുനീരടക്കിപ്പിടിച്ചിരുന്ന

വെളിച്ചം കടക്കാത്ത നിൻ്റെ അഴുക്കുപിടിച്ച

മുറിയുടെ ചുമരുകളും

 

ഒരു ജന്മം മുഴുവൻ മറ്റുള്ളവർക്കായി

സമർപ്പിച്ച നിൻ്റെ വിയർപ്പിൻ്റെ ഗന്ധവും.,

പ്രതീക്ഷ വറ്റിയ കണ്ണുകളും,

മുഷിഞ്ഞ വസ്ത്രവും

 

ദു:ഖം തളം കെട്ടിയ അകത്തളത്തിൽ

കാലപ്പഴക്കം വിളിച്ചോതുന്ന തുരുമ്പിച്ച ചങ്ങലയും.

എന്താണ് അർത്ഥമാക്കുന്നത്.

 

നിൻ്റെ ഈ ജീവിതത്തിന് ഇന്ന് എന്തർത്ഥമാണുള്ളത്.

വ്യർത്ഥമായ ജീവിതമല്ലോ നീ കഴിച്ചുകൂട്ടുന്നു.

 

ആരും കടന്നു ചെല്ലാത്തതിൻ്റെ

ഓർമ്മപ്പെടുത്തലായി മാറാലകൾ

നിന്നെ മൂടാൻ പാകത്തിന്.

 

ഗൗളികളും പാറ്റകളും നിറഞ്ഞിരിക്കുന്നു.

മുഷിഞ്ഞ വസ്ത്രത്തിനുള്ളിൽ

മരണംപോലും മടിച്ചു നിൽക്കുന്ന

പേക്കോലമായി നീ.

 

അന്നോളം

തണലുനൽകിയ വൃക്ഷമായ നീയിന്നു

കടപുഴകി വീണിരിക്കുന്നു.

ഈ നിമിഷത്തിൻ്റെ അർത്ഥമെന്താണ്..

 

ഓരോ നിശ്വാസത്തിലും

കൊടുങ്കാറ്റൊളിപ്പിച്ച്

കാലം കടന്നു പോകെ

ഒരു കണ്ണിൽ കെട്ടടങ്ങാറായകോപാഗ്നിയും

മറുകണ്ണിൽ ഒഴുകുന്ന വെള്ളച്ചാട്ടവും

നിൻ്റെയീ നോട്ടത്തിൻ്റെ അർത്ഥമെന്താണ്

നിൻ്റെ കണ്ണുകൾ തിരയുന്നതാരെയാണ്

അഗ്നിയിൽ ചേരാൻ കൊതിയായിട്ടും

അർത്ഥമില്ലാതെ....