സെഞ്ചുറിയാഘോഷവും നടന്നീടുമോ: കവിത,സൂസൻ പാലാത്ര

   സെഞ്ചുറിയാഘോഷവും നടന്നീടുമോ: കവിത,സൂസൻ പാലാത്ര

ണരൂ സഖാക്കളേ

       ഇന്ധനം കത്തിക്കേറി

പുകയുന്നെല്ലാടവും

       കാഴ്ചയും മങ്ങുന്നല്ലോ

പെട്രോളിന്നനുസ്യൂത -

       മേറുന്നു വിലയെന്നും

സെഞ്ചുറിയാഘോഷവും

       വൈകിടാതുണ്ടാവുമോ?

 

മഹാമാരിയാൽ പണ്ടേ

       ദുർബലരായ ജനം

അവശ്യവസ്തുക്കൾ തൻ

       വിലയാൽ വലയുന്നു

പാവമാമുപഭോക്താ-

     വിൻ്റെമേലസഹ്യമാം

ഭാരങ്ങളേറ്റി നട്ടെ-

       ല്ലൊടിക്കുന്നനുദിനം       

 

തോല്പിക്കാൻ മഹാമാരി          

       ശ്രമിക്കും ജനതയെ

കോർപ്പറേറ്റുകൾക്കായി

       ഞെരുക്കുന്നധികൃതർ 

പ്രതിഷേധ ജ്വാലക -

       ളുയർത്തിടേണം നമ്മൾ

മൗനത്തിൻ വത്മീകത്തെ

       ഭഞ്ജിച്ചു മുന്നേറണം

 

ഭാരങ്ങളടിക്കടി -

       യേറ്റിടുമനീതിയെ

ചെറുത്തു തോല്പിക്കുവാ-

       നുണർന്നു ചിന്തിച്ചീടാം

വന്നിടൂ നിരനിര -

       യായ് നിങ്ങൾ സോദരരേ

ജനങ്ങൾ തൻ നന്മയ്ക്കാ-

       യൊന്നിച്ചു പൊരുതുവാൻ

 

ജ്വലിച്ചീടട്ടേ പ്രതി -

       ഷേധത്തിന്നഗ്നിയെങ്ങും

കണ്ഠങ്ങളുതിർത്തിടും

       ചൂടുള്ള സ്വരങ്ങളായ്

ഐക്യത്തിൻ ശബ്ദം കത്തി -

       പ്പടരട്ടനുസ്യൂതം

നന്മയോടൊപ്പം നിന്നു

       തിന്മയെത്തുരത്തുവാൻ.

 

(കേകവൃത്തം)