ഉണങ്ങാത്ത മുറിവുകൾ:കവിത, ശബ്ന രവി

Nov 6, 2020 - 11:28
Mar 10, 2023 - 08:37
 0  901
ഉണങ്ങാത്ത മുറിവുകൾ:കവിത, ശബ്ന രവി

വാക്കുകൾ കൊണ്ടെൻ മനസ്സിൽ നീ കോറിയ

മുറിവുകളിന്നും ഉണങ്ങാതെ നീറുന്നു

കാലപ്രവാഹത്തിനുണക്കാൻ കഴിയാത്ത

മനസ്സിൻ മുറിവുകൾക്കെന്താണൗഷധം ?

 

മറക്കാൻ ശ്രമിക്കുന്നൊരായിരം ഓർമ്മകൾ

തിരമാല പോലാർത്തിരമ്പുന്നൂ മനസ്സിൽ

ഓർമ്മകൾ തൻ ചുടു നിശ്വാസമേൽക്കവേ

നീറിപ്പുകയുന്നു മുറിവേറ്റ ഹൃദയം.

 

അനുദിനം വളരുമീ മുറിവിൽ പൊടിയുന്ന

രുധിരകണങ്ങളാൽ ഹൃദയം നിറയവേ

അറിയാതെ മിഴികൾ സമുദ്രങ്ങളാകുന്നു

കണ്ണുനീർ മുത്തുകൾ വീണു ചിതറുന്നു.

 

നീറിപ്പുകഞ്ഞൊടുവിലീ മനമിന്ന്

നീറ്റലറിയാത്ത നിസ്സംഗതയായ്

മരവിച്ച ഹൃദയത്തിൽ ചോര പൊടിയാതെയായ്

ജീവിച്ചിരിക്കേ, ജഡമായി മാറി ഞാൻ.

 

            ശബ്ന രവി