തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം നീളുന്നു; ഡ്രില്ലിങ് നിര്‍ത്തിവെച്ചു

തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം നീളുന്നു;   ഡ്രില്ലിങ് നിര്‍ത്തിവെച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ വീണ്ടും പ്രതിസന്ധി.

തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ യന്ത്രത്തിലെ ബ്ലേഡ് ഇരുമ്ബ് പെപ്പില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഡ്രില്ലിങ് നിര്‍ത്തിവെക്കുകയായിരുന്നു.

ഓഗര്‍ മെഷീൻ ഉപയോഗിച്ചുള്ള ഡ്രില്ലിങ് തടസപ്പെട്ടതോടെ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങിന്റെ സാധ്യത പരിശോധിക്കാനുള്ള തയാറെടുപ്പിലാണ് രക്ഷാസംഘം.

ടണലിന്റെ മുകളില്‍ ഡ്രില്ലിങ് മെഷീൻ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ നിരവധി ഇരുമ്ബു കമ്ബികളുടെ അവശിഷ്ടങ്ങളും സ്റ്റീല്‍ പാളികളും തടസമായതോടെ ഓഗര്‍ മെഷീന്റെ പ്രവര്‍ത്തനം ഇന്നലെ രാത്രിയോടെ നിര്‍ത്തിവച്ചിരുന്നു. ഈ അവശിഷ്ടങ്ങള്‍ ഡ്രില്ലിങ് മെഷീന്റെ ബ്ലെയ്ഡില്‍ കൊള്ളുന്നതാണ് തടസമാകുന്നത്. തുടര്‍ന്ന് പൈപ്പിലൂടെ ആളുകളെ കയറ്റി കമ്ബികളും സ്റ്റീല്‍ പാളികളും മുറിച്ചു നീക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

തകര്‍ന്നു കിടക്കുന്ന അവശിഷ്ടങ്ങള്‍ ആളുകളെ ഉപയോഗിച്ച്‌ നീക്കുന്നതിന് 18- 24 മണിക്കൂറെങ്കിലും സമയം വേണ്ടിവരും. സ്വകാര്യ കമ്ബനിയിലെ ജോലിക്കാരെ ഇതിനായി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ തുരങ്കത്തിലൂടെ അകത്തുകയറി അവശിഷ്ടങ്ങള്‍ ചെറിയ ട്രോളികളിലാക്കി പുറത്തെത്തിക്കും എന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

 വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് സ്ഥലത്തേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള റോഡ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷൻ നേരത്തെ തന്നെ തയാറാക്കിയിരുന്നു.വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങിനായി സ്ത്രീകള്‍ ഉള്‍പ്പടെയുള്ള തൊഴിലാളികള്‍ വനത്തിനുള്ളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 20 തൊഴിലാളികളെ ഉപയോഗിച്ചാവും വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് തുടങ്ങുക.

മണിക്കൂറുകള്‍ നീണ്ട സാങ്കേതിക തകരാര്‍ പരിഹരിച്ചാണ് വെള്ളിയാഴ്ച വൈകുന്നേരം വീണ്ടും ഡ്രില്ലിങ് തുടങ്ങിയത്. എന്നാല്‍, തുരങ്കത്തിലേക്കുള്ള പൈപ്പില്‍ തട്ടി ഡ്രില്ലിങ് യന്ത്രത്തിന്റെ ബ്ലേഡ് തകരാറിലായതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു.കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‍കര്‍ സിങ് ധാമി രക്ഷാപ്രവര്‍ത്തനം നടത്തുന്ന സില്‍ക്യാര ടണലില്‍ സന്ദര്‍ശനം നടത്തി