ആവേശത്തിരയായി കീൻ കുടുംബ സംഗമവും 15-ാമത് വാർഷികാഘോഷവും

ആവേശത്തിരയായി കീൻ കുടുംബ സംഗമവും 15-ാമത് വാർഷികാഘോഷവും

ഫിലിപ്പോസ് ഫിലിപ്പ്


കേരള എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക(KEAN)യുടെ 15-ാമത് വാർഷികാഘോഷവും കുടുംബ സംഗമവും സംഘടനയുടെ വളർച്ചയുടെ നാഴികക്കല്ലായി മാറി. പങ്കെടുത്തവരുടെ എണ്ണം കൊണ്ടും പരിപാടിയുടെ ഗാംഭീര്യം കൊണ്ടും  ആഘോഷങ്ങൾ ശ്രദ്ധേയമായി . കൃത്യനിഷ്ഠ എൻജിനീയർമാരുടെ മുഖമുദ്ര ആണെന്നതിന് തെളിവായിരുന്നു പറഞ്ഞ സമയത്ത് തന്നെ പരിപാടികൾ ആരംഭിച്ചതും  അവസാനിച്ചതും .


കീൻ പ്രസിഡന്റ് ഷിജിമോൻ മാത്യുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ ആഘോഷങ്ങൾ കാണികളിൽ അവിസ്മരണീയ അനുഭൂതി ഉയർത്തി.
കൃത്യം 5 മണിക്ക് ആരംഭിച്ച പരിപാടികളിൽ ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്, അരൂർ എം എൽ എ ദലീമ ജോജോ, 24 ന്യൂസ് അസി.ന്യൂസ് എഡിറ്റര്‍  ക്രിസ്റ്റിന ചെറിയാൻ  എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. അമല ജെയിംസ്, അലിസ സൈമൺ , ആഷ്‌ലി സൈമൺ എന്നിവർ ചേർന്ന് ആലപിച്ച  അമേരിക്കൻ ആന്തത്തോടും സുപ്രസിദ്ധ ഗായകൻ തഹ്‌സീൻ മുഹമ്മദ് പാടിയ ഇന്ത്യൻ നാഷണൽ ആന്തത്തോടും കൂടി പരിപാടികൾ ആരംഭിച്ചു. കീൻ ജനറൽ സെക്രട്ടറി ജേക്കബ് ജോസഫ് സ്വാഗതം ആശംസിച്ചു. കീൻ പ്രസിഡന്റ് ഷിജിമോൻ മാത്യു കീനിന്റെ 15 വർഷത്തെ അഭിമാനകരമായ നേട്ടങ്ങളെയും മുന്നോട്ടുള്ള പദ്ധതികളെയും കുറിച്ച് സംസാരിച്ചു.
മുഖ്യ പ്രാസംഗികൻ സെനറ്റർ കെവിൻ തോമസ് എൻജിനിയേഴ്സിന്റെ നേട്ടങ്ങളെ മുക്തകണ്‌ഠം പ്രശംസിക്കുകയും ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിന്റെ പ്രൊക്ലമേഷൻ സമ്മാനിക്കുകയും ചെയ്തു.

അരൂർ എം എൽ എ ദലീമ ജോജോ എൻജിനീയർമാരുടെ ബഹുമുഖ കഴിവുകളെപ്പറ്റിയും ചന്ദ്രയാൻ ദൗത്യത്തിന്റെ തലവനായ സോമനാഥ് തന്റെ മണ്ഡലത്തിൽ നിന്നുള്ള വ്യക്തി ആയതിലുള്ള അഭിമാനവും രേഖപ്പെടുത്തി.  24 ന്യൂസ്  എഡിറ്റര്‍  ക്രിസ്റ്റിന ചെറിയാൻ കീൻന്റെ  പ്രവർത്തികളെ പ്രശംസിച്ചു
.സെനറ്റർ കെവിൻ തോമസിനെ ബിജു കൊട്ടാരക്കരയും  ദലീമ ജോജോയെ ഫിലിപ്പോസ് ഫിലിപ്പും ക്രിസ്റ്റിന ചെറിയാനെ നീന സുധീറും പരിചയപ്പെടുത്തി. മുഖ്യ പ്രസംഗങ്ങൾക്ക് ശേഷം കീനിന്റെ 2023 ലെ എഞ്ചിനീയറിംഗ് എന്റപ്രണർ  അവാർഡ് പ്രമുഖ വ്യവസായി തോമസ് മൊട്ടയ്‌ക്കലിന് സമ്മാനിച്ചു .തോമസ് മൊട്ടയ്‌ക്കൽ അവാർഡ് സമ്മാനിച്ചതിലുള്ള സന്തോഷംപ്രകടിപ്പിക്കുകയും കീനിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ജനറൽ  അഫയേഴ്സ് കോ ഓർഡിനേറ്റർ ജെയ്സൺ അലക്സ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി .


ആശംസകൾക്ക് ശേഷം കൾച്ചറൽ പ്രോഗ്രാം കോ ഓർഡിനേറ്റർ റെജിമോൻ എബ്രഹാം വളരെ സൂക്ഷ്മമായി തയ്യാറാക്കിയിരുന്ന വിവിധ കലാപരിപാടികളുടെ അവതരണത്തിനായി സ്റ്റേജിലേക്ക് കലാകാരന്മാരെയും കലാകാരികളെയും ക്ഷണിച്ചു.
സൗപർണിക ഡാൻസ് അക്കാദമിയുടെ മാലിനി നായരുടെ നേതൃത്വത്തിലുള്ള നൃത്തങ്ങളും ഹെറിറ്റേജ് ഐറിഷ് ഡാൻസ് കമ്പനിയുടെ ടാപ്പ് ഡാൻസും മീനയുടെ നേതൃത്വത്തിലുള്ള നൃത്യ ഡാൻസ് അക്കാദമിയുടെ നൃത്തങ്ങളും കണ്ണഞ്ചിക്കുന്നവയായിരുന്നു. തഹ്‌സീൻ , ദലീമ ജോജോ,  ജേക്കബ് ജോസഫ് എന്നിവരുടെ സോളോ ഗാനങ്ങളും സംഘ ഗാനങ്ങളും കേൾവിക്കാർക്ക് ആവേശം പകർന്നു.


കലാപരിപാടികൾക്ക് ശേഷം കീനിന്റെ സ്കോളർഷിപ് പദ്ധതിയിലേക്ക് നടത്തിയ റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പും കീനിന്റെ സ്കോളർഷിപ് വിതരണവും നടത്തി. തുടർന്ന് കഴിഞ്ഞ 15 കൊല്ലം കീനിനെ നയിച്ച കീൻ പ്രസിഡന്റ്/  ബോർഡ് ഓഫ് ട്രസ്റ്റി ചെയർ എന്നിവർക്ക് പ്ലാക് നൽകി ആദരിച്ചു . റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പിൽ ട്രഷറർ പ്രേമ ആന്ദ്രപ്പിള്ളി , മെറി ജേക്കബ് എന്നിവരും സ്കോളർഷിപ് പരിപാടിക്ക് അജിത് ചിറയിലും അവാർഡ് വിതരണത്തിന് പ്രസിഡന്റ് ഷാജിമോനും ബി ഓ ടി ചെയർ കെ ജെ ഗ്രിഗറിയും നേതൃത്വം നൽകി .


പരിപാടിയുടെ വിജയത്തിനായി സ്പോൺസർ ചെയ്തവരെ പ്രസിഡന്റ് ഷിജിമോനും വൈസ് പ്രസിഡന്റ് സോജിമോൻ ജെയിംസും ചേർന്ന് ആദരിച്ചു.
ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ കെ ജെ ഗ്രിഗറിയുടെ ആശംസാപ്രസംഗത്തിന് ശേഷം പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും ജോയിന്റ് സെക്രട്ടറി ലിന്റോ മാത്യു നന്ദി പറഞ്ഞു.
ലിസ് പൗലോസ് എം സി ആയി  പ്രോഗ്രാം നിയന്ത്രിച്ചു.
വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടുകൂടി കുടുംബസംഗമം ആവേശകരമായി പര്യവസാനിച്ചു.