യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ആദ്യപടിയില്‍ ട്രംപിന് വിജയം

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ആദ്യപടിയില്‍ ട്രംപിന് വിജയം
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ആദ്യ റിപ്പബ്ലിക്കന്‍ നോമിനേറ്റിംഗ് മത്സരത്തില്‍ ഡോണള്‍ഡ് ട്രംപിന് വിജയം.
അയോവാ സംസ്ഥാനത്ത് നടന്ന വോട്ടെടുപ്പിലാണ് ട്രംപ് മുന്നിലെത്തിയത്.

യുഎന്നിലെ മുന്‍ യുഎസ് അംബാസഡര്‍ നിക്കി ഹേലിയെയും ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്‍റിസിനെയും ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. വോട്ടിന്‍റെ മുക്കാല്‍ ഭാഗവും ട്രംപ് നേടി. കോക്കസ് എന്നറിയപ്പെടുന്നതാണ് ഈ മത്സരം.

നവംബര്‍ അഞ്ചിലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിന്‍റെ ജോ ബൈഡനെ നേരിടാന്‍ കഴിവുള്ള ഏക റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി താനാണെന്ന ട്രംപിന്‍റെ വാദത്തിന് അയോവയിലെ മികച്ച വിജയം കരുത്തേകും.

എന്നാല്‍ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞയിടെ തിരിച്ചടി നേരിട്ടിരുന്നു. 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റലില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ ട്രംപിനും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊളറാഡോ സുപ്രീം കോടതി റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ പ്രൈമറി ബാലറ്റില്‍ നിന്നും അദ്ദേഹത്തെ വിലക്കിയിരുന്നു.

കൊളറാഡോയ്ക്ക് സമാനമായി മെയ്‌നിലും ട്രംപ് തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ ഇതിനെതിരേ ട്രംപ് അമേരിക്കന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.