കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു

കൊച്ചി: പനമ്പിള്ളി നഗറില്‍ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. പുല്ലേപ്പടി പൊതു ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് പൊലീസുകാരാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

ശ്മശാനത്തിലെത്തിയ ശേഷം പൊലീസുകാര്‍ മൃതദേഹം കോര്‍പ്പറേഷന് കൈമാറി. കൊച്ചി മേയര്‍ എം അനില്‍ കുമാറാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പൊലീസുകാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ കുഞ്ഞിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊതു ശ്മശാനത്തില്‍ സംസ്‌കാരം നടത്തുന്നതിന് കുഞ്ഞിന്റെ അമ്മയില്‍ നിന്നും പൊലീസ് സമ്മതപത്രം വാങ്ങിയിരുന്നു. കുഞ്ഞിന്റെ അമ്മ നിലവില്‍ റിമാന്‍ഡിലാണ്.

23കാരിയായ യുവതി ഗര്‍ഭിണിയായിരുന്നതും പ്രസവിച്ചതും മാതാപിതാക്കള്‍ പോലും അറിഞ്ഞിരുന്നില്ല. മേയ് മൂന്നിന് പുലര്‍ച്ചെ അഞ്ചുമണിയോടെ ടോയ്ലറ്റിനുള്ളിലായിരുന്നു പ്രസവം. അതിനുശേഷം മൂന്നുമണിക്കൂര്‍ കഴിഞ്ഞാണ് പൊക്കിള്‍ക്കൊടിപോലും മുറിക്കാത്ത കുഞ്ഞിനെ പാഴ്‌സല്‍ കവറിലാക്കി താഴേക്ക് വലിച്ചെറിഞ്ഞ് കൊന്നത്.

തൃശൂര്‍ സ്വദേശിയായ നര്‍ത്തകനാണ് കുഞ്ഞിന്റെ പിതാവ്   എന്ന് ആദ്യം വാര്‍ത്ത വന്നിരുന്നു. കുഞ്ഞിന്റെ കൊലപാതകത്തില്‍ ഇയാള്‍ക്ക് ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. രണ്ട് മാസത്തിലേറെയായി തമ്മില്‍ സംസാരിച്ചിട്ടില്ലെന്നും തൃശൂര്‍ സ്വദേശിയായ ഇയാള്‍ ഫോണില്‍ പൊലീസിന് മൊഴി നല്‍കി. യുവതിയുടെ ഫോണ്‍ പരിശോധിച്ച് പൊലീസ് ഇത് ഉറപ്പുവരുത്തുകയും ചെയ്തു.

യുവാവിന്റേത് ആത്മാര്‍ത്ഥ പ്രണയമായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഇയാള്‍ കൈയൊഴിഞ്ഞു. കടുത്ത മാനസിക സംഘര്‍ഷത്തിലായ യുവതി മാതാപിതാക്കളോട് കാര്യം പറയാനും ഭയന്നു. ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാന്‍ വൈകിയതിനാല്‍ അലസിപ്പിക്കാനുള്ള ശ്രമവും നടന്നില്ല. പ്രസവാനന്തരം കുഞ്ഞിനെ എന്നെന്നേക്കുമായി ഒഴിവാക്കാന്‍ തീരുമാനിച്ചെന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്. ഇന്റര്‍നെറ്റിലൂടെയാണ് പ്രസവമെടുക്കുന്നതും മറ്റും പഠിച്ചത്.